അഞ്ച് വയസിനു മുമ്പ് കുട്ടികളെ നിർബന്ധമായും ഈ അഞ്ചു കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം
Mail This Article
'ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം' എന്ന് മഹാകവി പാടിയത് വെറുതെയല്ല. കുഞ്ഞുനാളുകളിൽ നാം പഠിച്ച പല ശീലങ്ങളും എത്ര വലുതായാലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കണമെന്ന് പറയുന്നത്. രക്ഷകർത്താക്കൾ കുട്ടികളുമായി ഒരു മികച്ച ബന്ധം സ്ഥാപിച്ചെടുക്കുകയും വേണം. തലമുറകൾ തമ്മിൽ പല കാര്യങ്ങളിലും വ്യത്യാസം ഉണ്ടെങ്കിലും അത് ബാധിക്കാത്ത വിധത്തിൽ വേണം കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ.
കുഞ്ഞുപ്രായം മുതൽ തന്നെ കുട്ടികളുടെ സ്വഭാവം രൂപീകരിച്ചെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്. കുഞ്ഞല്ലേ, ചെറുതല്ലേ എന്നുപറഞ്ഞ് കുഞ്ഞുങ്ങളുടെ കുസൃതികളെല്ലാം തള്ളിക്കളയാൻ വരട്ടെ. ചെറുപ്രായത്തിൽ തന്നെ അവരെ നേർവഴിയിൽ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി വെയ്ക്കണം. കാരണം, ഈ ലോകത്തിലേക്ക് പിറന്നു വീഴുന്ന കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നടക്കുന്നതെല്ലാം കണ്ടും കേട്ടുമാണ് അവരുടെ സ്വഭാവം രൂപീകരിക്കുന്നത്.
പദസമ്പത്ത് ഉണ്ടാകട്ടെ
അഞ്ചു വയസാകുന്നതിന് മുമ്പു തന്നെ ചില കാര്യങ്ങൾ കുട്ടികളെ നിർബന്ധമായും പഠിപ്പിക്കണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സംസാരരീതി. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വികാരങ്ങളും മാന്യമായ രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികളെ അഞ്ചു വയസിനുള്ളിൽ പഠിപ്പിക്കണം. മനോഹരമായ പദസമ്പത്ത് ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം. മാതാപിതാക്കൾ ചീത്തവാക്കുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ കുട്ടികളും അത്തരത്തിൽ മോശം വാക്കുകൾ ഉപയോഗിക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് കുട്ടികളോട് സംസാരിക്കുമ്പോൾ ഉചിതമായ വാക്കുകൾ ഉപയോഗിക്കാൻ രക്ഷകർത്താക്കളും ശ്രദ്ധിക്കണം. കുട്ടികളുടെ ആശയവിനിമയ കഴിവ് വികസിപ്പിച്ച് എടുക്കാനും മനോഹരമായ പദസമ്പത്ത് ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം.
അതിരുകൾ നിർണയിക്കട്ടെ
അഞ്ചു വയസിനുള്ളിൽ ഒരു കുട്ടിക്ക് നല്ല സ്പർശനവും മോശം സ്പർശനവും തിരിച്ചറിയാനുള്ള കാര്യങ്ങൾ പറഞ്ഞു നൽകണം. ശരീരത്തിൽ ആരെയൊക്കെ തൊടാൻ അനുവദിക്കാം, എന്താണ് മോശമായി സ്പർശിക്കുന്നത്, അത്തരം സ്പർശനങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നു തുടങ്ങി സ്വയരക്ഷയ്ക്ക് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ നിർബന്ധമായും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അപരിചിതരിൽ നിന്നും പരിചയമുള്ള ആളുകളിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായാൽ എങ്ങനെയാണ് അതിനെ നേരിടേണ്ടതെന്നും ആരോടാണ് പരാതിപ്പെടേണ്ടതെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ ഇഷ്ടങ്ങളെയും അതിരുകളെയും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കാം.
ഇടവേളകൾ എടുക്കാൻ ശീലിപ്പിക്കുക
പുതിയ കാലത്തിൽ കുട്ടികൾ മിക്കവരും ഡിജിറ്റൽ അഡിക്ഷൻ ഉള്ളവരാണ്. മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ തുടങ്ങി നിരവധി ഡിജിറ്റൽ അഡിക്ഷനുകളാണ് കുട്ടികളിൽ ഉള്ളത്. പലപ്പോഴും മണിക്കൂറുകളോളം മൊബൈൽ ഫോണിനു മുമ്പിലും കമ്പ്യൂട്ടറിന് മുമ്പിലും ടിവിക്ക് മുമ്പിലും കുത്തിയിരിക്കുന്നവരാണ് കുട്ടികൾ. ഇത് അവർക്ക് നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ടു തന്നെ ഏതൊരു ഡിജിറ്റൽ ഡിവൈസ് ഉപയോഗിക്കുകയാണെങ്കിലും കൃത്യമായ ഇടവേളകൾ എടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. കളികളിൽ ഏർപ്പെടുകയാണെങ്കിലും കൃത്യമായ ഇടവേളയിൽ വിശ്രമിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പരിശീലനവും കുട്ടികൾക്ക് നൽകുക. പഠനമാണെങ്കിലും കളിയാണെങ്കിലും ടിവി കാണൽ ആണെങ്കിലും അമിതഭാരം അനുഭവപ്പെടുമ്പോഴും മടുപ്പ് തോന്നുമ്പോഴും കൃത്യമായ ഇടവേളയെടുക്കാൻ കുട്ടികൾക്ക് പരിശീലനം നൽകണം.
തെറ്റ് പറ്റിയാൽ തിരുത്തട്ടെ
തെറ്റുകളിലൂടെയാണ് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുക. ഒരു തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ട് പോകാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം. ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് വീണ്ടും വീണ്ടും സങ്കടപ്പെട്ട്, പ്രതീക്ഷയില്ലാതായി പോകുന്ന വിധത്തിലേക്ക് കുട്ടികളെ മാറ്റരുത്. തെറ്റുകൾ സംഭവിക്കുമ്പോൾ എന്താണ് തെറ്റെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുകയും അത് തിരുത്തി മുന്നോട്ട് പോകാൻ അവർക്ക് ഊർജ്ജം നൽകുകയും വേണം. സ്ഥിരോത്സാഹം ഉള്ളവരായി കുട്ടികളെ വളർത്തണം. ലക്ഷ്യത്തിൽ എത്താൻ നിരന്തരമായി പരിശ്രമിക്കാനും അദ്ധ്വാനിക്കാനും കഴിവുള്ളവരായി അവരെ വളർത്താൻ ശ്രദ്ധിക്കണം.
കുടുംബത്തിനെയും സമൂഹത്തിനെയും വിലമതിക്കട്ടെ
നിരവധി കുടുംബങ്ങൾ ചേരുന്നതാണ് ഒരു സമൂഹം. അതുകൊണ്ടു തന്നെ കുടുംബത്തെ വിലമതിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കട്ടെ. കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാനും കാര്യങ്ങൾ ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാം. കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു കുട്ടി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാനും സന്നദ്ധമാകും. സമൂഹത്തിനോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കാം. ഉദാഹരണത്തിന് , ഒരു മിഠായി കഴിച്ചാൽ അതിന്റെ കടലാസ് അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ഒരു കുട്ടിയെ പഠിപ്പിക്കുമ്പോൾ ആ കുട്ടി സമൂഹത്തിനെ ബഹുമാനിക്കാൻ പഠിക്കുകയാണ്. അത്തരത്തിൽ കുഞ്ഞു കുഞ്ഞു വലിയ കാര്യങ്ങളിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ പൌരബോധമുള്ളവരായി വളർത്താം