നമ്മുടെ സ്നേഹം കണ്ടു വളരണം; കുട്ടികളോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?
Mail This Article
നമ്മുടെ കുട്ടികൾ എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നതു നിയന്ത്രിക്കാൻ നമുക്കാവില്ല. എന്നാൽ, അക്കാര്യങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളാനും കൈകാര്യം ചെയ്യാനുമുള്ള മാർഗനിർദേശം അവർക്കു നൽകാനും സ്വന്തം അനുഭവങ്ങളിലൂടെ അവരെ പഠിപ്പിക്കാനും രക്ഷിതാക്കൾക്കാകും.
∙ കുട്ടികൾ അച്ഛനമ്മമാരുടെ സ്നേഹം സമ്പാദിക്കേണ്ടതില്ല, മറിച്ച് ആ സ്നേഹത്തിൽ അവർ വളരുകയാണു വേണ്ടത്.
∙ നല്ല പേരന്റിങ് ഒരിക്കലും ഏകപക്ഷീയമല്ല. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യപരമായ കൊടുക്കൽ വാങ്ങലുകളാണ് ഇതിന്റെ അടിത്തറ. കുട്ടികളുടെ പ്രതീക്ഷകൾക്കനുസരിച്ചാണ് അവരെ കൈകാര്യം ചെയ്യേണ്ടത്. മറിച്ചും അങ്ങനെ തന്നെയാകണം എന്നതു നമ്മുടെ പെരുമാറ്റത്തിലൂടെ കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാര്യം രക്ഷിതാക്കളും കുട്ടികളും മനസ്സിലാക്കിയിരിക്കണം.
∙ അവരുടെ വികാരങ്ങൾ അവർ ഇഷ്ടമുള്ള രീതിയിൽ പ്രകടിപ്പിക്കട്ടെ. അതെങ്ങനെ വേണമെന്നു നമ്മൾ തീരുമാനിക്കേണ്ട. ചിരിയോ സങ്കടമോ, ദേഷ്യമോ എതിർപ്പോ...ആ വികാരമെന്തായാലും അവർക്കൊപ്പം താങ്ങായി നിൽക്കാം. എന്താണോ കുട്ടികൾക്കു തോന്നുന്നത് അങ്ങനെ തോന്നുന്നതിൽ തെറ്റില്ലെന്നും അവരെ ബോധ്യപ്പെടുത്താം.
∙ അതിർവരമ്പുകൾ രക്ഷിതാക്കൾക്കു കൃത്യമായി നിർണയിക്കാം. ആ അതിർവരമ്പുകളെ കുട്ടികളും രക്ഷിതാക്കളും പരസ്പരം അടിച്ചേൽപിക്കാതെ ബഹുമാനത്തോടെ തന്നെ പാലിക്കാം.
∙ കുട്ടികളെയും നമ്മുടെ വ്യക്തിജീവിതത്തിന്റെ ഭാഗമാക്കുക. നമ്മുടെ പ്രശ്നങ്ങൾ അവരോടു ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ ആരായുകയും അവയ്ക്കു വിലകൊടുക്കുകയും ചെയ്യാം. ആ അഭിപ്രായം നാം നടപ്പാക്കിയാലുമില്ലെങ്കിലും അവ വിലപ്പെട്ടതാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
∙ നമുക്കു തെറ്റുപറ്റി എന്നു തിരിച്ചറിയുന്ന നിമിഷം കുട്ടികളോടു ക്ഷമാപണം നടത്തുക. അതുപോലെ തന്നെ, അവരുടെ ഏറ്റവും ചെറിയ നേട്ടങ്ങളിൽപ്പോലും നിർലോഭം അഭിനന്ദിക്കുക.
∙ അമിതമായ സ്നേഹം ഒരു കുട്ടിയെയും നശിപ്പിക്കില്ല. നമ്മുടെ സ്നേഹം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണു കുട്ടികളെ നന്നാക്കുകയോ ചീത്തയാക്കുകയോ ചെയ്യുക. ഉദാഹരണത്തിന് നമ്മുടെ കുറ്റബോധം മറയ്ക്കാൻ കുട്ടികൾക്കു സമ്മാനം നൽകുന്നതുൾപ്പെടെയുള്ള ശീലങ്ങൾ.
∙ കുട്ടികൾ എന്തു ചിന്തിക്കണമെന്നല്ല, മറിച്ച് അവരെ ചിന്തിക്കാനാണു പരിശീലിപ്പിക്കേണ്ടത്.
∙ നിർബന്ധമായും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കണം. എത്ര സമയം കൂടുതൽ ചെലവഴിക്കുന്നു എന്നതിലല്ല, എത്രത്തോളം ഗുണപരമായി ചെലവഴിക്കുന്നു എന്നതാണു കാര്യം. കുട്ടികളുടെ ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ സാന്നിധ്യം ഉണ്ടാകണം കുട്ടികൾക്കൊപ്പമുള്ള കളിയും ചെറുജോലികളുമാകാം. കുട്ടികളുടെ സൃഹൃത്തുക്കളെ നമ്മുടെയും കൂട്ടുകാരായി കാണാം. നമ്മുടെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും കുട്ടികളെ അനുവദിക്കാം.
വിവരങ്ങൾക്ക് കടപ്പാട് : നടിയും അവതാരകയുമായ പൂർണിമ