‘ഞാനും മരിച്ചോ...?’ കാറിനു പിന്നിലെ ആ പ്രേതശബ്ദം; സൂനാമിക്കു ശേഷം ജപ്പാനിൽ സംഭവിച്ചത്...
Mail This Article
വലിയ ദുരന്തങ്ങളും അപകടങ്ങളും നടക്കുന്ന സ്ഥലങ്ങൾ ശാപം പിടിച്ചവയാണെന്നു പലരും പറയാറുണ്ട്. അതോടൊപ്പംതന്നെ അത്തരം പ്രദേശങ്ങളിൽ പ്രേതശല്യമുണ്ടെന്നും. പലതരം വിചിത്രാനുഭവങ്ങളുമായി പലരും രംഗത്തു വരുന്നതോടെ ദുരന്തസ്ഥലം എന്നതിൽനിന്നു മാറി അതൊരു പ്രേതപ്രദേശമായും മാറുന്നു. തുടർച്ചയായി സൂനാമി ആഞ്ഞടിക്കുന്ന ജപ്പാനിലുമുണ്ട് അത്തരം പല മേഖലകള്‍. മരണാനന്തര ജീവിതത്തിൽ ഏറെ വിശ്വസിക്കുന്നവരാണ് ജപ്പാനിലുള്ളവർ. സൂനാമിത്തിരമാലകൾക്കൊപ്പം കടലിലേക്കു മറഞ്ഞ ആയിരങ്ങളുടെ മൃതദേഹം വർഷങ്ങളായി ഇന്നും കണ്ടെത്താനായിട്ടില്ല. അവരുടെ ആത്മാക്കൾ പ്രിയപ്പെട്ടവരെ തേടി ഇന്നും അലയുകയാണെന്നാണു വിശ്വാസം. അവർക്കായി പ്രത്യേക പൂജകൾ വരെ ബന്ധുക്കൾ നടത്തുന്നതും പതിവാണ്. സൂനാമി ആഞ്ഞടിച്ച പല കടൽത്തീരങ്ങളിലും പോയാൽ കാണാം ഇത്തരത്തിൽ പ്രാർഥനകളോടെ സമർപ്പിക്കപ്പെട്ട പൂക്കളും പൂജാദ്രവ്യങ്ങളുമെല്ലാം.
നഗരത്തിരക്കിൽനിന്നു മാറി ഒറ്റപ്പെട്ട പ്രദേശം കൂടിയാണെങ്കിൽ പ്രേതകഥകൾക്കു ശക്തിയുമേറും. അത്തരമൊരു തീരപ്രദേശമാണ് ടൊഹോക്കു. 2011 മാർച്ച് 11നാണ് ലോകത്തെ ഞെട്ടിച്ച കൂറ്റൻ സൂനാമി ഇവിടെ ആഞ്ഞടിച്ചത്. ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സൂനാമിയെത്തുടർന്ന് ഫുക്കുഷിമ ആണവ റിയാക്ടറും തകർന്നു. ജപ്പാൻ കണ്ട ഏറ്റവും അതിഭീകര പ്രകൃതിദുരന്തമായിരുന്നു അത്. ഇന്നും അതിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല ടൊഹോക്കുവിലെ തീരമേഖലയിൽ. അന്നു കടൽ കൊണ്ടുപോയ 2500ലേറെ പേരെക്കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല. അവർ സൂനാമിത്തിരമാലകൾക്കൊപ്പം മറഞ്ഞതാകാമെന്നു വിശ്വസിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാൽ ഇവർ എവിടെപ്പോയി എന്നതിനെക്കുറിച്ച് ജനം എന്തായിരിക്കും ചിന്തിക്കുന്നത്?
ടൊഹൊക്കു ഗാക്വിൻ സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയായ യുക്കാ കുഡോ ഇക്കാര്യമാണ് അലോചിച്ചത്. അക്കാര്യം അവർ ജപ്പാനിലെ ടാക്സി ഡ്രൈവർമാരോടു ചോദിച്ചു. ജപ്പാന്റെ കിഴക്കൻ മേഖലയിൽ ടാക്സിയോടിക്കുന്ന നൂറോളം പേരെയാണ് യുക്കോ ഇന്റർവ്യൂ ചെയ്തത്. രാത്രിയും പകലുമായി ഒട്ടേറെ പേരുമായി ദീർഘദൂരം സഞ്ചരിക്കുന്ന അവർക്ക് കൃത്യമായി ഒരുത്തരം നൽകാനാകുമെന്ന് യുക്കോ വിശ്വസിച്ചു. പക്ഷേ ഞെട്ടിക്കുന്ന ഒരു വിവരമാണ് ഡ്രൈവർമാര്‍ക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത്. അവരിൽ ഭൂരിപക്ഷം പേരും ഒരിക്കലെങ്കിലും സൂനാമിയില്‍ മരിച്ചവരുടെ പ്രേതങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നാണു പറഞ്ഞത്. കൊടുംവേനലിൽ പോലും ചിലപ്പോൾ ചിലർ ടാക്സിക്കു കൈകാണിക്കും. അകത്തേക്കു കയറുമ്പോഴാണു മനസ്സിലാവുക, അവർ നനഞ്ഞു കുളിച്ചിരിക്കുകയായിരിക്കും. എവിടെനിന്നാണിവർ മഴ കൊണ്ടതെന്ന് ആലോചിച്ച് തിരിഞ്ഞു നോക്കുമ്പോഴാകട്ടെ കാറിൽ ആരെയും കാണാനുമുണ്ടാവില്ല!
ഇഷിനോമാക്കി എന്ന ടാക്സി ഡ്രൈവർ പറഞ്ഞത് അത്തരമൊരു കഥയാണ്– മഴ കൊണ്ടതുപോലെ തലമുടി നനഞ്ഞൊട്ടിയാണ് ആ പെൺകുട്ടി ടാക്സിയിലേക്കു കയറിയത്. പോകാനുള്ള സ്ഥലവും പറഞ്ഞു. പക്ഷേ അൽപദൂരം പിന്നിട്ടപ്പോഴാണ് ഡ്രൈവർക്കു മനസ്സിലായത്, വിലാസമായി പറഞ്ഞ സ്ഥലത്ത് ഇപ്പോൾ ആരും താമസിക്കുന്നില്ല. സൂനാമിയെത്തുടർന്ന് സകലതും നശിച്ച്, എല്ലാവരും വിട്ടുപോയ പ്രദേശമായിരുന്നു അത്. അവിടെ ആരും താമസമില്ലല്ലോ, എല്ലാവരും മരിച്ചല്ലോ എന്നു പറഞ്ഞപ്പോൾ മറുപടിയായി വന്നത് ‘ഞാനും മരിച്ചോ?’ എന്ന ചോദ്യവും. തിരിഞ്ഞുനോക്കിയ ഇഷിനോമാക്കി ഞെട്ടിപ്പോയി–ആരുമില്ല കാറിനു പിന്നിലെ സീറ്റിൽ! സൂനാമിയില്‍നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ഓടിക്കയറുന്ന കുന്നിലേക്കു യാത്ര പോകുന്നതിനിടെ പാതിവഴിയിൽ യാത്രക്കാരനെ കാണാതാകുന്ന അനുഭവവും ചിലർ പങ്കുവച്ചു.
ഇത്തരത്തിൽ ടാക്സികളിൽ കയറിയവരിലേറെയും 20–30 വയസ്സ് പ്രായമുള്ളവരായിരുന്നെന്നും ഡ്രൈവർമാർ പറയുന്നു. ആർക്കോ നൽകാനുള്ള സന്ദേശം തങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് അവർ ചെയ്തതെന്നാണു പലരും വിശ്വസിക്കുന്നത്. അതിനാൽത്തന്നെ സൂനാമി സ്പിരിറ്റിസ് എന്നറിയപ്പെടുന്ന ഇവരെ ആരും ഭയക്കാറുമില്ല. പലരും യാത്രക്കാർ കയറും മുൻപ് പേരും വിലാസവും ലോഗ് ബുക്കിൽ ചേർക്കാറുണ്ട്. അതിനാൽത്തന്നെ പാതിവഴിയിൽ അപ്രത്യക്ഷമായാലും വീട് കണ്ടെത്താനാകും. അവിടെ അന്വേഷിക്കുമ്പോൾ ലഭിക്കുന്ന വിവരമാകട്ടെ സൂനാമിയിൽ മരിച്ചു എന്നതും! പല ടാക്സി ഡ്രൈവർമാരും സൂനാമി പ്രേതങ്ങൾ തിരഞ്ഞെടുത്ത സന്ദേശവാഹകരാണെന്നു പോലും വിശ്വസിക്കുന്നു. എന്നാൽ ചിലരാകട്ടെ ഇത്തരം പ്രദേശങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരു കൈകാണിച്ചാലും വാഹനം നിർത്താതെ പോകാനും തുടങ്ങി. ഇത്തരം പ്രേതങ്ങൾ കാരണം അപകടങ്ങളൊന്നും ഇതുവരെ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുമില്ല.
ടാക്സി ഡ്രൈവർമാർക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട്. പ്രേതാനുഭവങ്ങളുമായി നൂറുകണക്കിനു കോളുകളാണ് വരാറുള്ളതെന്ന് പൊലീസും പറയുന്നു. ഷോപ്പിങ് സെന്ററിനു മുന്നിൽ വരി നിൽക്കുന്നതിനിടെ സൂനാമിയിൽപ്പെട്ടു മരിച്ചവർ രാത്രിയിൽ അതേ സ്ഥാനത്തു നിൽക്കുന്നതു കണ്ടെന്നു പറഞ്ഞു വരെ ഫോൺവിളി വരാറുണ്ട്. എല്ലാവരുടെയും ദേഹത്ത് ചെളി പറ്റിപ്പിടിച്ചിട്ടുമുണ്ടാകും. രാത്രികളിൽ വീടുകളുടെ മുന്നിൽ കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും ചെറുപ്പക്കാരെയും വൃദ്ധരെയുമൊക്കെ പലരും കാണാറുണ്ട്. അവരുടെ ദേഹത്തുമുണ്ടാകും ചെളി. അങ്ങനെയാണ് അവർ സൂനാമിയില്‍ മരിച്ചവരുടെ പ്രേതങ്ങളാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ ഇന്നേവരെ പൊലീസിന് അത്തരമൊരു സംഭവം കണ്ടെത്താനും ആയിട്ടില്ല. ചില ഘട്ടങ്ങളിൽ നാട്ടുകാരുടെ ആവശ്യപ്രകാരം പ്രേതങ്ങളെ ഒഴിപ്പിക്കുന്ന മന്ത്രവാദികളെ വരെ കൊണ്ടു വരാൻ പൊലീസ് നിർബന്ധിതരായിരുന്നു. ജപ്പാനിലെ സർവകലാശാല വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി നിലവിൽ ഇത്തരം സൂനാമി പ്രേതകഥൾ ശേഖരിക്കുന്നുമുണ്ട്.
English Summary : Mysteries Japanese Tsunami ghost