ഡെവിൾസ് കിച്ചനല്ല, ഇതു നരകക്കിണറാണ്: 123 നില കെട്ടിടത്തിന്റെ ആഴം, ‘ചുറ്റുമുള്ളവയെ ആകർഷിക്കുന്ന ദ്വാരം’
Mail This Article
ഏഷ്യൻ രാജ്യമായ യെമൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. തുടരുന്ന ആഭ്യന്തരയുദ്ധവും മറ്റുമാണ് ഇതിനു കാരണം. എന്നാൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി നിർത്തിയാൽ ഭൂമി ഒട്ടേറെ അദ്ഭുതങ്ങൾ ഒരുക്കിവച്ചിരിക്കുന്ന സ്ഥലംകൂടിയാണ് യെമൻ. യെമന്റെ ഉടമസ്ഥതയിലുള്ള ദ്വീപാണ് സൊകോട്ര. ഇവിടത്തെ മരങ്ങളിൽ മൂന്നിലൊന്നും ഭൂമിയിൽ മറ്റൊരിടത്തും കാണാനാകില്ല. നിവർത്തിയ കുടയുടെ ആകൃതിയുള്ള ഡ്രാഗൺ ബ്ലഡ് ട്രീയാണു കൂട്ടത്തിലെ താരം.
സാധാരണ മരങ്ങളുടെ കറ വെള്ള നിറത്തിലോ നിറമില്ലാത്തതോ ആണെങ്കിൽ ഡ്രാഗൺ ബ്ലഡ് ട്രീയുടെ കറയ്ക്കു നിറം ചോരച്ചുവപ്പാണ്. തടിയൻ മരമായ കുക്കുംബർ ട്രീ, കുപ്പി പോലെയുള്ള പൂമരം ഡെസേർട് റോസ് തുടങ്ങിയവയും ഇവിടത്തെ അദ്ഭുതക്കാഴ്ചകൾ. ചെറിയ കാലുകളും നീണ്ട ശരീരവുമായി പാമ്പിനെ അനുസ്മരിപ്പിക്കുന്ന പല്ലി, വിവിധ നിറങ്ങളിലെ ഞണ്ടുകൾ എന്നിങ്ങനെ എണ്ണൂറോളം എൻഡമിക് വർഗങ്ങൾ സൊകോട്രയിലുണ്ട്. എന്നാൽ നാം പറഞ്ഞുവരുന്നത് സൊക്രോട്ടയെക്കുറിച്ചല്ല, ബാർഹൗട്ടിനെക്കുറിച്ചാണ്.
ചുറ്റുപാടുമുള്ള വസ്തുക്കളെ ഉള്ളിലേക്കു വലിച്ചാകർഷിക്കാൻ ഈ ഗർത്തത്തിനു കഴിയുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു. ഇതിനെപ്പറ്റി സംസാരിക്കുന്നതു പോലും ദൗർഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം.
യെമനിൽ ഒമാൻ അതിർത്തിക്കു സമീപമുള്ള അൽ മഹാറയിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത അഗാധ ഗർത്തമായ ബാർഹൗട്ട് ഗർത്തത്തിന്റെ അടിത്തട്ടിൽ ആദ്യമായി മനുഷ്യർ ഇറങ്ങിയത് 2021ൽ മാത്രമാണ്. നരകക്കിണർ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ഗർത്തത്തിന്റെ വായയ്ക്ക് 100 അടി വിസ്തീർണമാണ്. 367 അടി(ഏകദേശം 123 നിലക്കെട്ടിടത്തിന്റെ പൊക്കം) താഴ്ചയുള്ളതാണ് ഈ അഗാധഗർത്തം.
ഗർത്തത്തിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ, പാമ്പുകൾ, തവളകൾ, പ്രാണികൾ, ചത്ത മൃഗങ്ങളുടെ അവശേഷിപ്പുകൾ, ഗുഹയ്ക്കുള്ളിൽ കാണപ്പെടുന്ന കേവ് പേളുകൾ എന്നറിയപ്പെടുന്ന ഉരുണ്ട കല്ലുകൾ, കൽപുറ്റുകൾ എന്നിവ കണ്ടെന്ന് പര്യവേക്ഷകർ അറിയിച്ചു. വളരെ അപൂർവമായി കണ്ടുവരുന്നവയാണ് കേവ്‌പേളുകൾ. ഗുഹകളിലും ഗർത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളിൽ മാത്രമേ ഇവ ഉണ്ടാകൂ. ബാർഹൗട്ട് ദ്വാരത്തിന്റെ അടിത്തട്ടിൽ നിന്നു നൂറടിപ്പൊക്കത്തിലുള്ള സുഷിരങ്ങളിൽ നിന്നു വെള്ളം താഴേക്കു പതിക്കുന്നതു മൂലമാണ് ഇവയുണ്ടാകുന്നതെന്നു പര്യവേക്ഷകർ പറയുന്നു.
ദശലക്ഷക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ബാർഹൗട്ട് ഗർത്തം. താഴ്ഭാഗത്തു നിന്നു പാറ നശിക്കുന്നതു കാരണം രൂപപ്പെടുന്ന സിങ്ക്‌ഹോൾ വിഭാഗത്തിലുള്ളതാണ് ഈ ഗർത്തവും. സിങ്ക്‌ഹോളുകൾ തന്നെ പലതരമുണ്ട്. എന്നാൽ ഏതു തരത്തിൽ പെട്ടതാണ് ബാർഹൗട്ടെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. യെമനിലെ കിഴക്കൻ പ്രവിശ്യയാ മഹ്‌റാ ഗവർണറേറ്റിനു കീഴിലാണ് ഗർത്തം സ്ഥിതി ചെയ്യുന്ന അൽ മഹാറ പ്രദേശമുള്ളത്. നാലായിരത്തിലധികം അടി പൊക്കമുള്ള മലനിരകളും മരുഭൂമിയും കാടുകളുമൊക്കെയുള്ള ജൈവവൈവിധ്യമേഖലയാണ് ഇത്. ഹൗഫ് ദേശീയോദ്യാനം നിലനിൽക്കുന്നതും 10 ജില്ലകളടങ്ങിയ ഈ പ്രവിശ്യയിലാണ്.