ADVERTISEMENT

കടൽച്ചുറ്റി സഞ്ചരിച്ച സഞ്ചാരികൾ സാഹസികരായിരുന്നെങ്കിലും ഒരു കാര്യം ഇവരെ നന്നായി പേടിപ്പിച്ചിരുന്നു. നരഭോജികളെക്കുറിച്ചുള്ള കഥകൾ. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ചെഡ്ഡാറിലെ ഗൗഘ്‌സ് ഗുഹ. നരഭോജികളുടെ ഗുഹയെന്ന് ഈ ഗുഹ അറിയപ്പെട്ടു.

ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള ചെഡ്ഡാർ മേഖലയിലെ ഒരു ഗുഹയാണ് ഗൗഘ്‌സ് കേവ്. 115 മീറ്റർ ആഴവും 3.4 കിലോമീറ്റർ നീളവുമുള്ള ഗുഹ.1903ൽ ഇവിടെ പര്യവേക്ഷണത്തിന് എത്തിയ ശാസ്ത്രജ്ഞർ ഒരു പുരുഷന്‌റെ അസ്ഥികൂട അവശേഷിപ്പുകൾ കണ്ടെത്തി. വളരെ പഴക്കമുള്ളതായിരുന്നു ആ അവശേഷിപ്പ്. ചെഡ്ഡാർ മാൻ എന്ന് ആ ഫോസിലിനെ ശാസ്ത്രജ്ഞർ വിളിച്ചു. 7150 ബിസിയിൽ ജീവിച്ചയാളായിരുന്നു ചെഡ്ഡർ മാനെന്ന് പിന്നീടുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞു. ബ്രിട്ടനിൽ നിന്നു കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യഫോസിൽ കൂടിയായിരുന്നു ചെഡ്ഡർ മാൻ.

ഇതു മാത്രമായിരുന്നില്ല ചെഡ്ഡർ മാനിന്‌റെ പ്രത്യേകത. അയാൾ വളരെ ക്രൂരമായ ആക്രമണത്തിനു വിധേയനായാണ് കൊല്ലപ്പെട്ടത്.പിന്നീട് 1992 വരെയുള്ള കാലഘട്ടം വരെ ഈ ഗുഹയിൽ പര്യവേക്ഷണങ്ങൾ നടന്നു. ഒട്ടേറെ ഫോസിലുകൾ വീണ്ടും കണ്ടെത്തി. അസ്ഥികളും മറ്റും. കണ്ടെത്തിയ ഫോസിലുകളിൽ രണ്ട് പതിറ്റാണ്ടോളം പഠനം നടത്തിയ ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ഒരു വിവരം 2015ൽ പുറത്തുവിട്ടു. ഈ ഫോസിലുകളെല്ലാം ആദിമകാലത്ത് ഈ ഗുഹയിൽ നരഭോജികൾക്കിരയായ മനുഷ്യരുടേതായിരുന്നു എന്നായിരുന്നു കണ്ടെത്തൽ.

ബെൽജിയത്തിലെ 45000 വർഷം പഴക്കമുള്ള ഗോയറ്റ് ഗുഹകളിലും നരഭോജികൾക്കിരയായവരുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ആധുനിക മനുഷ്യരല്ല, മറിച്ച് പ്രാചീന മനുഷ്യവംശമായ നിയാണ്ടർത്താലുകളുടേതായിരുന്നു ആ അവശേഷിപ്പ്. നരഭോജികൾ മാത്രമല്ല ചോരകുടിക്കുന്ന വവ്വാലും ചില ഗുഹകളിലുണ്ട്.രക്തം കുടിക്കുന്ന വവ്വാലുകൾ വാംപയർ ബാറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ തെക്കേ അമേരിക്കയിലാണ് അധിവാസം. ഇവയ്ക്ക് 40 ഗ്രാം വരെ ഭാരമുണ്ട്. ഒരൗ‍ൺസ് രക്തം ഒറ്റ വലിക്ക് കുടിക്കാൻ ഇവയ്ക്കു സാധിക്കും. 

തെക്കേ അമേരിക്കയിലെ ഖനികളിലും ഇരുണ്ട ഗുഹകളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ആയിരത്തോളം വവ്വാലുകളടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ഇവയുടെ താമസം. കന്നുകാലികളെയും മറ്റു വലിയ ജീവികളെയുമൊക്കെയാണ് ഇവ ആക്രമിച്ചു ചോര കുടിക്കുന്നത്. മനുഷ്യരെ ഇവ ആക്രമിക്കാറില്ലെന്നായിരുന്നു ഇടക്കാലത്ത് ശാസ്ത്രജ്ഞരുടെ അഭിപ്രായം.എന്നാൽ ഇതു പിന്നീട് തെറ്റാണെന്നു തെളിഞ്ഞു. തങ്ങൾക്ക് ഇരകളായി മറ്റു മൃഗങ്ങളെ കിട്ടാതാകുമ്പോഴാണ് ഇവ മനുഷ്യരെ ആക്രമിക്കുന്നതെന്നാണു കരുതപ്പെടുന്നത്. തെക്കൻ അമേരിക്കയിൽ ഒരുപാട് പേർക്ക് ഇവയുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 12 പേർ മരിക്കുകയും ചെയ്തു. എന്നാൽ ഇവ രക്തം കുടിച്ചതു മൂലം ചോരവാർന്നായിരുന്നില്ല ആ മരണങ്ങൾ. മറിച്ച് ഇവയിൽ നിന്നു പേ വിഷബാധ  പകർന്നതു മൂലമാണ്.

English Summary:

Cheddar Man Mystery: Evidence of Brutal Cannibalism in Britain's Deepest Caves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com