മുപ്പതിനായിരം കിലോമീറ്റർ നീളം; രണ്ട് വൻകരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ റോഡ്
Mail This Article
കൂട്ടുകാരെ, നമ്മൾക്ക് ഏറ്റവും ആവശ്യമുള്ള സംഗതികളിലൊന്നാണ് റോഡ്. ഗതാഗതം ചെയ്യാൻ മാത്രമല്ല, സാധനങ്ങൾ ഒരിടത്തു നിന്നു മറ്റൊരു സ്ഥലത്തെത്തിക്കാനും റോഡുകൾ വലിയ സഹായം ചെയ്യുന്നു. മനുഷ്യസമൂഹത്തിന്റെ സുസ്ഥിതി തന്നെ റോഡുകളെ ആശ്രയിച്ചാണെന്നു കാണാം. തത്വത്തിൽ പറഞ്ഞാൽ പാൻ അമേരിക്കൻ ഹൈവേയാണ് ലോകത്തിലെ ഏറ്റവും വലിയ റോഡ്. യുഎസിന്റെ കാനഡയോടു ചേർന്നുകിടക്കുന്ന വടക്കൻ സംസ്ഥാനമായ അലാസ്‌ക മുതൽ തെക്കേ അമേരിക്കയിലെ അർജന്‌റീന വരെയുള്ള മേഖല വരെ ഈ റോഡ് സ്ഥിതി ചെയ്യുന്നു. ഏകദേശം 30000 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം.
1923ൽ യുഎസാണ് ഈ റോഡിന്റെ ആശയം മുന്നോട്ടുവച്ചത്. അമേരിക്കൻ വൻകരകളിലെ ദൂരദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു യുഎസിന്റെ ലക്ഷ്യം. എന്നാൽ അമേരിക്കൻ കാറുകൾ ലാറ്റിനമേരിക്കയിൽ കൂടുതൽ കച്ചവടം ചെയ്യിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നെന്നു ചിലർ ആരോപണം ഉന്നയിക്കുന്നു. 1937ൽ യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ വടക്കൻ അമേരിക്കൻ രാജ്യങ്ങളും മധ്യ അമേരിക്ക, തെക്കൻ അമേരിക്ക എന്നീ മേഖലകളിലെ ചില രാജ്യങ്ങളുടെ പ്രതിനിധികളും ഈ ഹൈവേ സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.
എന്നാൽ പതിറ്റാണ്ടുകളെടുത്താണ് ഈ റോഡ് പൂർത്തീകരിക്കാൻ സാധിച്ചത്. എന്നാൽ ഇന്നും ഈ റോഡിലെ എല്ലാ മേഖലകളും യാത്രായോഗ്യമല്ല. ഉദാഹരണമായി പറഞ്ഞാൽ പനാമ മുതൽ കൊളംബിയ വരെയുള്ള 160 കിലോമീറ്റർ നീളമുള്ള ഡാരിയൻ വിടവ് എന്ന മേഖലയിൽ ഈ റോഡില്ല. നിബിഡവനമേഖലകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡാരിയൻ ഗാപ്. ഇതിലൂടെ റോഡ് നിർമാണത്തിന് യുഎസ് 1970ൽ ശ്രമിച്ചിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്താൽ ഉപേക്ഷിക്കുകയായിരുന്നു.
പാൻ അമേരിക്കൻ ഹൈവേയിലെ യാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ചും നിരവധി വാദങ്ങൾ ഉയർന്നിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിൽ കുറ്റകൃത്യത്തിനു പേരുകേട്ട ചില നഗരങ്ങളിലൂടെയും കടുത്ത കാലാവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളിലൂടെയും ഉയർന്ന പർവതമേഖലകളിലൂടെയുമൊക്കെ ഈ പാത കടന്നുപോകുന്നുണ്ട്. പാൻ അമേരിക്കൻ ഹൈവേ കഴിഞ്ഞാൽ നീളം കൊണ്ട് തൊട്ടുപിന്നിലുള്ള റോഡ് ഏഷ്യയിലാണ്.ഏഷ്യൻ ഹൈവേ 1 എന്നറിയപ്പെടുന്ന ഈ പാത ജപ്പാനിലെ ടോക്കിയോവിൽ നിന്നു കൊറിയ, ചൈന, തെക്കുകിഴക്കൻ ഏഷ്യ, ബംഗ്ലദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ വഴി തുർക്കി-ബൾഗേറിയ അതിർത്തി വരെ പോകുന്നുണ്ട്. എന്നാൽ ഈ റോഡിലും എല്ലാമേഖലകളും സഞ്ചാരയോഗ്യമല്ല.