വിദൂരദ്വീപിൽ നാലരവർഷത്തെ ആടുജീവിതം: ഭക്ഷണമേകി ജീവൻ രക്ഷിച്ചത് കാട്ടാടുകൾ
Mail This Article
റോബിൻസൺ ക്രൂസോ എന്ന നോവൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡാനിയേൽ ഡീഫോ എഴുതിയ ഈ നോവൽ കപ്പൽച്ചേതത്തിൽ ഒരു വിദൂരദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന റോബിൻസൺ ക്രൂസോയെന്ന നാവികന്റെ കഥ പറയുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ഒരു ദ്വീപ് തെക്കൻ അമേരിക്കയ്ക്കു സമീപമുണ്ട്. റോബിൻസൺ ക്രൂസോ ഐലൻഡ് എ്ന്നറിയപ്പെടുന്ന ഈ ദ്വീപിന് കേട്ടാൽ ഞെട്ടുന്നൊരു ചരിത്രം പറയാനുണ്ട്. അലക്‌സാണ്ടർ സെൽകിർക് എന്നൊരു വ്യക്തി ഇവിടെ നാലുവർഷം പാർത്തിരുന്നു. പൂർണമായും ഒറ്റപ്പെട്ട്. സെൽകിർക്കിന്റെ കഥയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഡീഫോ റോബിൻസൺ ക്രൂസോ എഴുതിയതെന്ന് കരുതപ്പെടുന്നു.
സ്‌കോട്‌ലൻഡിലെ ഒരു പാദരക്ഷ നിർമാതാവിന്റെ മകനായാണ് സെൽകിർക്കിന്റെ ജനനം. ചെറുപ്പകാലത്ത് തന്നെ സാഹസികനും അച്ചടക്കമില്ലാത്ത രീതികൾ പുലർത്തിയവനുമായിരുന്നു അദ്ദേഹം. പിൽക്കാലത്ത് ബ്രിട്ടന്റെ പ്രൈവറ്റീർ സംഘത്തിൽ അദ്ദേഹം എത്തിപ്പെട്ടു. സമുദ്രങ്ങളിലും മറ്റും പോകുന്ന സ്പാനിഷ് കപ്പലുകൾ കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ജോലി- ചുരുക്കിപ്പറഞ്ഞാൽ സർക്കാർ അംഗീകൃത കടൽക്കൊള്ളക്കാർ.
ഒരിക്കൽ ഇത്തരമൊരു യാത്രയിൽ സെൽകിർക്ക് തന്റെ ക്യാപ്റ്റനുമായി ഉടക്കി. കപ്പലിന്റെ അവസ്ഥ ശോചനീയമാണെന്നും ഇതിൽ തനിക്കു യാത്ര തുടരാൻ പറ്റില്ലെന്നും പറഞ്ഞ സെൽകിർക്ക് തന്നെ അവിടെ ഇറക്കിവിടാൻ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ അപ്രകാരം തന്നെ ചെയ്തു. ചിലെയ്ക്കു സമീപമുള്ള ദ്വീപായ മാസ് അ ടിയേറയിൽ (ഇപ്പോൾ റോബിൻസൺ ക്രൂസോ ദ്വീപ് എന്നു പേര്) സെൽക്കിർക്കിനെ ഇറക്കി. അന്ന് 28 വയസ്സുണ്ടായിരുന്ന സെൽകിർക്ക് മാപ്പപേക്ഷിച്ചെങ്കിലും ക്യാപ്റ്റൻ വഴങ്ങിയില്ല.
അങ്ങനെ സെൽകിർക്ക് ദ്വീപിന്റെ തീരത്ത് താമസം തുടങ്ങി. തീരത്തുനിന്നു പിടിക്കുന്ന ലോബ്‌സറ്ററുകളായിരുന്നു ഇദ്ദേഹത്തിന്റെ ആഹാരം. എന്നാൽ തീരത്തു കടൽസിംഹങ്ങളുടെ ആക്രമണമുണ്ടായതോടെ അദ്ദേഹം ദ്വീപിനുള്ളിലേക്കു പോയി. അവിടെയും സെൽകിർക്കിന് ഭാഗ്യമുണ്ടായിരുന്നു ആടുകളുടെ രൂപത്തിലായിരുന്നു അത്. മുൻപ് ഇവിടെയെത്തിയ നാവികർ ഉപേക്ഷിച്ച ആടുകൾ അവിടെ പെറ്റുപെരുകിയിരുന്നു. ഇവയിൽ നിന്നു മാംസവും പാലും സെൽക്കിർക്കിന് ഭക്ഷണമായി ലഭിച്ചു. കാട്ടിലുള്ള ചില പച്ചക്കറികളും കിഴങ്ങുകളുമൊക്കെ നാവികന്റെ വിശപ്പടക്കി.ഇടയ്ക്ക് കുറേ കാട്ടുപൂച്ചകളെയും സെൽകിർക്ക് ഇണക്കിവളർത്തി. ഏകദേശം നാലരവർഷത്തോളം ദ്വീപിൽ കഴിഞ്ഞ ശേഷം സെൽകിർക്കിനെ ഡ്യൂക്ക് എന്ന കപ്പൽ രക്ഷിച്ചു. വലിയ ശ്രദ്ധയാണ് ബ്രിട്ടനിൽ ഇദ്ദേഹത്തിന്‌റെ അനുഭവങ്ങൾക്ക് ലഭിച്ചത്. ഇതാണ് പിന്നീട് റോബിൻസൺ ക്രൂസോ എഴുതാനും പ്രചോദനമേകിയത്.