7100 കിലോ ഭാരമുള്ള ഭീകരൻ റഷ്യൻ ബോംബ്: മറ്റുള്ള ബോംബൊന്നും ഇതിനു മുന്നിൽ ഒന്നുമല്ല!
Mail This Article
റഷ്യയ്ക്ക് അത്യാധുനിക ബോംബുകൾ, മിസൈലുകൾ തുടങ്ങിയവയുടെ വലിയ ശേഖരമുണ്ട്. റഷ്യൻ ബോംബുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന ഫോബ് ബോംബ്. ആണവേതര ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമാണ് ഇത്. 2007ലാണ് റഷ്യയിൽ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. അതിനു ശേഷം റഷ്യ ചില യുദ്ധങ്ങളിൽ പങ്കെടുത്തെങ്കിലും ഇതുപയോഗിച്ചിരുന്നില്ല. തെർമോബേറിക് ബോംബ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ബോംബാണ് ഫോബ്. വളരെ ഉയർന്ന താപനിലയിൽ സ്ഫോടനം നടക്കുന്നു എന്നതാണ് തെർമോബേറിക് ബോംബുകളുടെ പ്രധാന സവിശേഷത.
ഇത്രയ്ക്കും ഉയർന്ന താപനില മൂലം ബോംബ് വിസ്ഫോടനം നടക്കുന്നതിന്റെ ചുറ്റിലുമുള്ള മനുഷ്യരുൾപ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും ഞൊടിയിടയിൽ ബാഷ്പമായി പോകും. എത്രത്തോളം വിനാശകാരിയാണ് ഈ ബോംബ് എന്നത് ഇതിൽ നിന്നു മനസ്സിലാക്കാം. 2007ൽ ആയിരുന്നു ഈ ബോംബിന്റെ പരീക്ഷണം റഷ്യൻ സൈന്യം നടത്തിയത്. ഒരു ആണവ ബോംബ് വിസ്ഫോടനത്തിന്റെ അതേ വ്യാപ്തിയും ശേഷിയുമുള്ളതാണ് ഈ ബോംബിന്റെയും വിസ്ഫോടനം. എന്നാൽ ആണവായുധത്തിന്റെ പരിസ്ഥിതി, ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇതിൽ നിന്നുണ്ടാകുകയുമില്ല.
യുഎസിന് മാസീവ് ഓർഡിനൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) എന്ന പേരിൽ അതീവ ശേഷിയുള്ള ഒരു ബോംബുണ്ട്. യുഎസിന്റെ ആണവേതര ആയുധപ്പുരയിലെ ഏറ്റവും കരുത്തുറ്റ ബോംബായ ഇതിനെ ‘മദർ ഓഫ് ഓൾ ബോംബ്’ എന്നും വിളിക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഫോബിന് ഫാദർ ഓഫ് ഓൾ ബോംബ് എന്ന പേരു കിട്ടിയത്. എംഒഎബിയെക്കാൾ ശേഷിയേറിയതാണ് ഫോബെന്നുള്ളത് ഏറെക്കുറെ തർക്കങ്ങളില്ലാത്ത കാര്യമാണ്. റഷ്യയ്ക്ക് തെർമോബേറിക് ബോംബുകളുണ്ടാക്കുന്നതിൽ സാങ്കേതികപരമായ മേൽക്കൈയുള്ളതാണ് ഇതിനു കാരണം.
അമേരിക്കൻ എംഒഎബിക്ക് 11 ടൺ ടിഎൻടി ശേഷിയാണ് കണക്കാക്കപ്പെടുന്നത്. ഇതേ സ്ഥാനത്ത് ഫോബിന്റേത് 44 ടൺ ടിഎൻടിയാണ്. എംഒഎബിയുടെ ശേഷിയുടെ നാലിരട്ടി ശേഷി. 7100 കിലോ ഭാരമുള്ള ഫോബ് എംഒഎബിയേക്കാൾ ഭാരം കുറഞ്ഞതാണ്. സ്ഫോടനത്തിന്റെ ആയിരം അടി വ്യാസത്തിലുള്ള സ്ഥലം പൂർണമായും നശിപ്പിക്കാനും ഫോബിനു കഴിയും. ശീതയുദ്ധകാലം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവസാനിച്ചെങ്കിലും യുഎസും റഷ്യയും തമ്മിലുള്ള എതിർച്ചേരികൾ എന്നും തുടർന്നിരുന്നു. വ്ലാഡിമിർ പുട്ടിൻ റഷ്യയുടെ സാരഥ്യമേറ്റതോടെ ഈ മത്സരം കടുത്തു. 2003ൽ യുഎസ് എംഒഎബി വികസിപ്പിച്ചതിന്റെ മറുപടിയായാണ് റഷ്യ 2007ൽ ഫോബ് വികസിപ്പിച്ചത്. റഷ്യ ഫോബ് ബോംബിനെ മറ്റൊരു രാജ്യത്തിനും നൽകാൻ ഇതുവരെ തയാറായിട്ടില്ല.