ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ പഴങ്ങളിലൊന്നാണ് സ്ട്രോബറി. നേരിട്ട് ഭക്ഷിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, മിൽൿ‌ഷേക്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണവിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണവിഭവങ്ങൾ കൂടാതെ കോസ്മെറ്റിക് സാമഗ്രികളിലും ഇതുപയോഗിക്കുന്നു.

സ്ട്രോബറികൾ പൊതുവെ ചെറുതാണ്. എന്നാൽ  ലോകത്ത് ഏറ്റവും വലുപ്പമുള്ള സ്ട്രോബറി ഏതാണെന്നറിയുമോ? ഇസ്രയേലി‍ലാണ് ഇതു വിളയിച്ചെടുത്തത്. 289 ഗ്രാമാണ് ഇതിന്റെ ഭാരം. ഏകദേശം 5 മുഴുത്ത ആപ്പിളുകളുടെ ഭാരം. 18 സെന്റിമീറ്റർ നീളവും 4 സെന്റിമീറ്റർ കട്ടിയും, 34 സെന്റിമീറ്റർ ചുറ്റളവും ഈ ഭീമൻ സ്ട്രോബറിക്കുണ്ട്. സാധാരണ ഗതിയിൽ സ്ട്രോബറികൾക്ക് 7 ഗ്രാമൊക്കെയാണ് ഒന്നിനു ഭാരം വരുന്നത്. ഈ ഭീമൻ സ്ട്രോബറിക്ക് സാധാരണ സ്ട്രോബറിയുടെ 41 മടങ്ങ് ഭാരമുണ്ടായിരുന്നെന്ന് സാരം.

ഇസ്രയേലിലെ ഏരിയൽ ചാഹി എന്ന കൃഷിക്കാരനാണു സ്ട്രോബറി വളർത്തിയെടുത്തത്. ഇസ്രയേലിൽ വികസിപ്പിച്ചെടുത്ത ലാൻ എന്ന പ്രത്യേക വകഭേദത്തിലുള്ള സ്ട്രോബറിയായിരുന്നു ഇത്.

ലാൻ വകഭേദത്തിലുള്ള സ്ട്രോബറികൾ ഇസ്രയേൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ ഡോ. നിർ ഡായാണു വികസിപ്പിച്ചത്. ടെൽ അവീവിലെ ബെറ്റ് ഡാഗൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഗ്രിക്കൾച്ചറൽ റിസർച്ച് ഓർഗനൈസേഷൻ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത ഈ വകഭേദത്തിന് വലിയ ഫലങ്ങൾ നൽകാനുള്ള കഴിവുണ്ട്.

എന്നാൽ ഏരിയൽ ചാഹിയുടെ സ്ട്രോബറിക്ക് ഇത്ര വലുപ്പം കിട്ടാൻ കാരണമായത് തണുത്ത അന്തരീക്ഷമാണ്. ഒരേ ചെടിയിലെ പല ഫലങ്ങൾ കൂടിച്ചേർന്നാണ് ഇത്ര വലിയ ഫലത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. ഇത്രയും ഭാരമില്ലെങ്കിലും നാലു വമ്പൻ സ്ട്രോബറികൾ കൂടി ഏരിയലിന്റെ ഫാമിൽ ഉണ്ടായിട്ടുണ്ട്.

ഇതിനു മുൻപ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും ഭാരമുള്ളതുമായ സ്ട്രോബറിക്കുള്ള റെക്കോർഡ് ജപ്പാനിലായിരുന്നു. ജപ്പാനിലെ ഫുക്കുവോക്ക മേഖലയിൽ കോജി നകാവോ എന്ന കൃഷിക്കാരൻ വളർത്തിയ സ്ട്രോബറിക്ക് 250 ഗ്രാം ഭാരം വച്ചു. അമാവോ എന്ന വിഭാഗത്തിലുള്ളതായിരുന്നു ഈ സ്ട്രോബറി.

English Summary:

World's Largest Strawberry Grown in Israel Weighs Astonishing 289 Grams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com