തകർന്ന മലേഷ്യൻ വിമാനം മറഞ്ഞുകിടക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ വൻകുഴിയിൽ?
Mail This Article
ദുരൂഹമായി മറഞ്ഞു പത്താണ്ട് പിന്നിട്ടിട്ടും കണ്ടെത്താത്ത മലേഷ്യൻ വിമാനത്തെക്കുറിച്ച് പുതിയ കഥ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ൽ ക്വാലലംപുരിൽ നിന്ന് പറന്നുയർന്നെങ്കിലും കാണാതെയായി. പിന്നീട് വൻതിരച്ചിലാണ് ഇതിനായി നടത്തിയത്.
ഇന്ത്യൻമഹാസമുദ്രത്തിലെ ബ്രോക്കൺ റിഡ്ജ് എന്ന 20000 അടി താഴ്ചയിലുള്ള പടുകുഴിയിൽ വിമാനം തകർന്നു കിടക്കുന്നെന്നാണ് പുതിയ സിദ്ധാന്തം. ടാസ്മാനിയ സർവകലാശാലയുടെ മറൈൻ, അന്‌റാർട്ടിക് സ്റ്റഡീസ് വിഭാഗം ഗവേഷകനായ ലിൻ ആണ് സിദ്ധാന്തത്തി ന്റെ ഉപജ്ഞാതാവ്.
2014 മാർച്ച് 8... രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനം ക്വാലലംപുരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്ന് ചൈനയിലെ ബെയ്ജിങ് ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ഒരു ഉപ പൈലറ്റും 10 ഫ്‌ലൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുണ്ടായിരുന്നു. ആകെ 239 പേർ. ഇതിൽ 5 ഇന്ത്യക്കാരുമുണ്ടായിരുന്നു.
അർധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപുർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു. എന്നാൽ വിമാനം വിയറ്റ്‌നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും അവിടെ റിപ്പോർട്ടു നൽകിയില്ല. വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്‌നാമീസ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ശ്രമങ്ങളും നടന്നില്ല. തെക്കൻ ചൈനാക്കടലിൽ വച്ചുതന്നെ വിമാനം ദിശ മാറിയിരുന്നു. മലേഷ്യയ്ക്കു കുറുകെ പറന്ന വിമാനം പിന്നീട് മലാക്ക കടലിടുക്കിനു നേർക്കും അവിടെനിന്നു വടക്കുപടിഞ്ഞാറൻ ദിശയിൽ ആൻഡമാൻ കടലിനു നേരെയുമാണു പറന്നതെന്ന് മലേഷ്യൻ സൈനിക റഡാറുകൾ കണ്ടെത്തി. 2.22നു സൈനിക റഡാറി ന്റെ പരിധിയിൽനിന്നു വിമാനം കാണാതായി.
രണ്ടരയോടെ ഉന്നത വ്യോമ അധികൃതർ വിഷയത്തിൽ ഇടപെട്ടു.പിന്നീട് നാലു മണിക്കൂർ കഴിഞ്ഞ് വിമാനത്തിനായി ഊർജിതമായ തിരച്ചിൽ തുടങ്ങി. ലോകചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിലൊന്നിന്റെ തുടക്കം. എത്ര തിരഞ്ഞിട്ടും വിമാനം കണ്ടെത്താനായില്ല.
ആദ്യഘട്ടത്തിൽ മലേഷ്യയ്ക്കും വിയറ്റ്‌നാമിനും ഇടയ്ക്കുള്ള കടൽമേഖലയായിരുന്നു പ്രധാനമായി തിരഞ്ഞത്. 34 കപ്പലുകളും 28 വിമാനങ്ങളും ഇതിനായി നിയോഗിക്കപ്പെട്ടു. ഏഴു രാജ്യങ്ങളും തിരച്ചിലിൽ പങ്കുചേർന്നു. പിന്നീടുള്ള തിരച്ചിലുകളിൽ സർക്കാർ, സർക്കാരിതര ഏജൻസികൾ ധാരാളമായി പങ്കെടുത്തു. 2018ൽ ഈ വിമാനത്തിനായുള്ള എല്ലാ ഔദ്യോഗിക തിരച്ചിലുകളും അവസാനിപ്പിച്ചു. ഓസ്‌ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ തീരത്തിനു 2500 കിലോമീറ്റർ അകലെ ഏതോ മേഖലയിൽ തകർന്നു വീണെന്നാണ് പിന്നീട് മലേഷ്യ അറിയിച്ചത്.
2015ൽ കിഴക്കൻ ആഫ്രിക്കൻ തീരത്തിനു സമീപമുള്ള റീയൂണിയൻ ദ്വീപിലെ ബീച്ചിൽ നിന്നു വിമാനത്തിന്റെ ചിറകിന്റെ ഭാഗം കണ്ടെത്തി. പിന്നീട് ടാൻസാനിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മഡഗാസ്‌കർ, മൗറീഷ്യസ് തുടങ്ങിയ രാജ്യത്തിന്റെ കരകളിൽ നിന്നും ഇരുപത്തിയേഴോളം വിമാന അവശിഷ്ട ഭാഗങ്ങൾ കിട്ടി. ഇതിൽ 3 ഭാഗങ്ങൾ എംഎച്ച് 370ന്റേതാണെന്നു സ്ഥിരീകരിക്കപ്പെട്ടു.
∙ വിവിധ സിദ്ധാന്തങ്ങൾ
എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്‌സിജൻ ഇല്ലാത്ത അവസ്ഥ (ഹൈപ്പോക്‌സിയ) ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിലായെന്നും ഒരു സിദ്ധാന്തം പറയുന്നു.
എംഎച്ച് 370 ന്റെ സൈബർ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതു മൂലം ഓട്ടോ പൈലറ്റിൽ സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു ചരിത്രകാരനായ നോർമൻ ഡേവിസിന്റെ സിദ്ധാന്തം.
2018ലാണു കംബോഡിയ തിയറി എന്ന പേരിൽ ഇതു സംബന്ധിച്ച പുതിയൊരു പ്രശസ്ത വാദം ഉയർന്നത്.ബ്രിട്ടിഷ് വിഡിയോ നിർമാതാവായ ഇയാൻ വിൽസൻ, ഗൂഗിൾ മാപ്പ് ഇമേജുകൾ ഉപയോഗിച്ച് കംബോഡിയയിലെ ഒരു വനത്തിൽ വിമാനം കിടക്കുന്നതു കണ്ടെത്തിയെന്നു പറഞ്ഞത് ലോകമെങ്ങും ആവേശം സൃഷ്ടിച്ചു. ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ കംബോഡിയ വാദം നിരസിച്ചു.
ഒരു തമോഗർത്തം വിമാനത്തെ പിടിച്ചെടുത്തെന്നും, വിമാനം നേരെ ചന്ദ്രനിലേക്കു പോയെന്നും, അന്യഗ്രഹജീവികൾ തട്ടിയെടുത്താതാകാം എന്നൊക്കെയുള്ള വിചിത്ര സിദ്ധാന്തങ്ങളും പുറത്തിറങ്ങി. ഉത്തര കൊറിയ വിമാനം പിടിച്ചെടുത്തെന്നും സാൻ ഡിയഗോയിലേക്കു പോയ വിമാനത്തെ അവിടെയുള്ള അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടെന്നുമൊക്കെ വേറെയും വാദങ്ങളുയർന്നു.