കല്ലറയിൽ നിന്നു കണ്ടെത്തിയത് 5000 വർഷം പഴക്കമുള്ള ജേഡ് ഡ്രാഗൺ
Mail This Article
പ്രാചീനകാലത്തു നിർമിച്ച ഒരു ജേഡ് ഡ്രാഗൺ രൂപം ചൈനയിൽ നിന്നു കണ്ടെത്തി. പച്ചനിറത്തിലുള്ള കട്ടിയുള്ള കല്ലുകളാണ് ജേഡ്. 5000 വർഷം പഴക്കമുള്ള ഒരു കല്ലറയിൽ നിന്നാണ് ഈ ഡ്രാഗൺരൂപം ഗവേഷകർ കണ്ടെത്തിയത്. 6.2 ഇഞ്ച് നീളവും 3.7 ഇഞ്ച് വീതിയുമുള്ളതാണ് ഈ ഡ്രാഗൺ. മനുഷ്യരെ സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ, മൺപാത്രങ്ങളുടെ ബാക്കി തുടങ്ങിയവയും ഈ കല്ലറയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ ഷിഫെങ് നഗരത്തിനു സമീപമാണ് ഈ കല്ലറ സ്ഥിതി ചെയ്യുന്നത്. 5000 മുതൽ 5100 വർഷങ്ങൾ പഴക്കമുള്ളതാണ് ഈ കല്ലറ. മേഖലയിൽ ഹോങ്ഷാൻ സംസ്‌കാരം പ്രബലമായിരുന്ന കാലത്താണ് ഈ കല്ലറ നിർമിച്ചതെന്നു കരുതപ്പെടുന്നു.ഈ സമൂഹത്തിൽപെട്ട ആളുകൾ വിളകൾ വളർത്തുകയും കമനീയമായ കരകൗശല വസ്തുക്കളുണ്ടാക്കുകയും വലിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു.
ഹോങ്ഷാങ് സംസ്‌കാരം യാഥാർഥ്യമാക്കിയ മികവേറിയ കരകൗശലരീതിയുടെ ഒരു ഉദാഹരണമാണ് ഇപ്പോൾ ഷിഫെങ്ങിൽ നിന്നു കണ്ടെത്തിയിരിക്കുന്ന ജേഡ് ഡ്രാഗൺ.ഹോങ്ഷാങ് സമൂഹത്തിന്റെ കല്ലറകളിൽ നിന്ന് നേരത്തെയും ജേഡ് ഡ്രാഗൺ രൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജേഡ് ഡ്രാഗൺ എന്നു വിളിക്കുന്നുണ്ടെങ്കിലും ഇത് യഥാർഥത്തിൽ ഡ്രാഗണെ തന്നെയാണോ സൂചിപ്പിക്കുന്നത് എന്ന കാര്യത്തിലും വ്യക്തമായ ഉത്തരം നൽകാൻ ശാസ്ത്രജ്ഞർക്കാകുന്നില്ല.ന്യൂഹിലാങ് എന്ന മറ്റൊരു പുരാവസ്തു മേഖലയിലും ഇത്തരം ജേഡ് ഡ്രാഗണുകൾ കണ്ടെത്തിയിരുന്നു.
ചൈനയുടെ ചക്രവർത്തിയുമായി ബന്ധപ്പെട്ട രാജകീയ ചിഹ്നമാണ് ഡ്രാഗണുകൾ. യൂറോപ്പിലും ഡ്രാഗണുകളുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളുണ്ട്. യൂറോപ്യൻ സംസ്‌കാരങ്ങളിൽ ഡ്രാഗണുകൾ, പുകയൂതുന്ന, അക്രമണോത്സുകരായ ജീവികളാണ്. എന്നാൽ ചൈനീസ് സംസ്‌കാരത്തിൽ ഡ്രാഗണുകൾ സൗഭാഗ്യത്തെയും സമ്പന്നതയെയും സൂചിപ്പിക്കുന്നു. മഴപ്പെയ്ത്തന്റെ ദേവതകളായും ഇവയെ പ്രാചീന ചൈനയിൽ കണക്കാക്കിയിരുന്നു