ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹ: ഉള്ളിൽ ഇടതൂർന്ന ഒരു നിബിഡവനം
Mail This Article
മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം ഗുഹകളിലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് നമ്മെ അദ്ഭുതത്തിലാഴ്ത്തി. ഗുണ കേവ് എന്ന ഗുഹയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായി പരിഗണിക്കപ്പെടുന്നത് വിയറ്റ്‌നാമിലെ ഹാങ് സോൻ ഡൂംങ്ങാണ്. ഒരു അദ്ഭുത ലോകമാണ് ഈ ഗുഹ. ഈജിപ്തിലെ പ്രശസ്തമായ ഗ്രേറ്റ് പിരമിഡിന്റെ വലുപ്പമുള്ള 15 കെട്ടിടങ്ങൾ ഈ ഗുഹയിൽ ഉൾക്കൊള്ളിക്കാം. ഇങ്ങനെ ചെയ്തശേഷവും ഒരു ബോയിങ് 747 വിമാനം ഇതിനുള്ളിലൂടെ പറപ്പിക്കാനുമാകുമത്രേ.
വിയറ്റ്‌നാമിലെ പ്രശസ്തമായ ഫോങ് നാ-കെ ദേശീയോദ്യാനത്തിനു പിന്നിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിലും പ്രാചീനമായ കാടുകളുണ്ട്. പർവതത്തിലൂടെ ഒഴുകുന്ന നദിയെന്നാണ് ഹാങ് സോൻ ഡൂങ് ഗുഹയുടെ പേരിന് അർഥം. 20 മുതൽ 30 ലക്ഷം വർഷങ്ങൾ മുൻപാണ് ഇതു രൂപീകരിക്കപ്പെട്ടതെന്നു കരുതുന്നു. ആദിമകാലത്ത് വലിയ ചുണ്ണാമ്പുകല്ലിൽ റാവോ തുയോങ്, ഖെ റി എന്നീ 2 നദികളാണ് ഈ ഗുഹയുടെ രൂപീകരണത്തിനു വഴിവച്ചത്.
1990ൽ ഹോ ഖാൻഹ് എന്ന വിയറ്റ്‌നാംകാരനാണ് ഈ ഗുഹ ആകസ്മികമായി കണ്ടെത്തിയത്. വനത്തിൽ വേട്ടയാടുന്നതിനിടെയായിരുന്നു ഇത്. ഹോ ഖാൻഹ് ഗുഹയിലെത്തിയപ്പോൾ അതിനുള്ളിൽ നിന്നു മേഘങ്ങൾ പുറത്തുവരുന്നതിന്റെയും അകത്ത് നദിയൊഴുകുന്നതിന്റെയും ശബ്ദം കേട്ടു. പ്രദേശത്തെത്തിയ ബ്രിട്ടിഷ് ഗുഹാപര്യവേക്ഷകരോട് ഹോ ഖാൻഹ് ഇക്കാര്യം പറഞ്ഞിരുന്നു. ഈ ഗുഹയുടെ കവാടത്തിൽ തങ്ങളെ എത്തിക്കാൻ വിദഗ്ധർ ഹോ ഖാൻഹിനോട് ആവശ്യപ്പെട്ടു. എന്നാൽ നീണ്ട തിരച്ചിൽ നടത്തിയിട്ടും ഖാൻഹിന് അതു സാധിച്ചില്ല. ഒടുവിൽ 2008ൽ ആണ് ഗുഹാകവാടം അദ്ദേഹം കണ്ടെത്തിയത്. 2009ൽ ഇവിടെ പര്യവേക്ഷണ സംഘമെത്തി.
9 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഈ ഗുഹയുടെ പ്രധാനപാതയ്ക്ക് തന്നെ 5 കിലോമീറ്റർ നീളമുണ്ട്. ഗുഹയുടെ മേൽക്കൂര രണ്ടിടത്ത് തകർന്നതിനാൽ സൂര്യപ്രകാശം ഇതിനുള്ളിലെത്തും. ഈ ഗുഹയ്ക്കുള്ളിൽ ഭൂഗർഭനദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളുമെല്ലാമുണ്ട്. 20 മുതൽ 50 വർഷം വരെ പഴക്കം ഇതിനുണ്ടെന്നു കരുതപ്പെടുന്നു. ഗുഹയിലെ ഭൂഗർഭനദിയുടെ സാന്നിധ്യം മൂലം ഇതിനുള്ളിൽ ഒരു വനം വളരുന്നു. അതിനാൽ തന്നെ ഈ ഗുഹയ്ക്ക് സ്വന്തം നിലയ്ക്ക് കാലാവസ്ഥയുമുണ്ട്.
മധ്യ വിയറ്റ്നാമിലെ ക്വാങ് ബിങ് പ്രവിശ്യയിലാണ് ഈ ഗുഹ. ആദ്യകാലത്ത് ഈ ഗുഹയിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും പിൽക്കാലത്ത് അനുവദിച്ചു തുടങ്ങി. ഓക്സാലിസ് അഡ്വഞ്ചർ എന്ന ഒരു കമ്പനിക്ക് മാത്രമാണ് ഇതിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുള്ള അനുമതിയുള്ളത്. ഈ ഗുഹയ്ക്കുള്ളിൽ വളരെ വിചിത്രരായ ചില ജീവികൾ വസിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം.