വനത്തിൽ മറഞ്ഞ മായൻ നഗരം കണ്ടെത്തി: കൊച്ചിയുടെ മൂന്നിരട്ടി വലുപ്പം, നിറയെ പിരമിഡ്

Mail This Article
മെക്സിക്കോയിൽ വനത്തിൽ മറഞ്ഞ ഒരു മായൻ നഗരം കണ്ടെത്തി. കൊച്ചിയുടെ മൂന്നിരട്ടി വലുപ്പമുള്ള നഗരത്തിൽ മായൻ സംസ്കാരത്തിന്റെ ചിഹ്നങ്ങളായ പിരമിഡുകൾ ധാരാളമായുണ്ട്. കൂടാതെ വിവിധ കായിക പ്രവർത്തനങ്ങൾ നടത്താനുള്ള വേദികളും വഴികളും എല്ലാമടങ്ങിയതാണ് ഈ നഗരം. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഉൾപ്പെടുന്ന കാംപിചെ സംസ്ഥാനത്താണ് ഈ നഗരം കണ്ടുകിട്ടിയത്.
ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നഗരം കണ്ടെത്തിയത്. തിരച്ചിൽ നടത്തുന്നതിനിടെ വളരെ ആകസ്മികമായാണ് കണ്ടെത്തൽ നടന്നത്. വലേറിയാന എന്നു പേരിട്ടിരിക്കുന്ന ഈ നഗരപ്രദേശം കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ മായൻ സാംസ്കാരിക കേന്ദ്രമാണ്. കാലാക്മുൾ എന്ന നഗരമായിരുന്നു കണ്ടെത്തിയതിൽ ഏറ്റവും വലുപ്പമുള്ളത്.
2022ൽ മെക്സിക്കോയിലെ ആന്ത്രപ്പോളജി, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിയോളജിസ്റ്റുകൾ 1500 വർഷം പഴക്കമുള്ള ആദിമ മായൻ നഗരം കണ്ടെത്തിയിരുന്നു. മെക്സിക്കോയിലെ യൂക്കാട്ടാൻ മേഖലയിലാണ് ഷിയോൾ എന്നറിയപ്പെട്ട നഗരം കണ്ടെത്തിയത്. ദുരൂഹമായ പിരമിഡുകളും കൊട്ടാരങ്ങളും പഥങ്ങളുമൊക്കെ ഈ നഗരത്തിൽ ഉണ്ടായിരുന്നു. മായൻ വാസ്തുശിൽപകല അനുസരിച്ച് നിർമിച്ചവയാണ് ഇവ.

എഡി 600– 900 കാലയളവിൽ നാലായിരത്തോളം ആളുകൾ താമസിച്ച നഗരമാണ് ഷിയോൾ. 2018ലാണ് ഈ മേഖല കണ്ടെത്തപ്പെട്ടത്. യൂക്കാട്ടന്റെ വടക്കുകിഴക്കൻ തീരത്ത് മെറിഡ നദിക്കു സമീപം ഒരു വ്യാവസായിക പ്രോജക്ടിനായി നിലമൊരുക്കവെയായിരുന്നു ഇത്.2021ൽ ഗ്വാട്ടിമാലയിലെ പിരമിഡിൽ നിന്ന് മായൻ കലണ്ടറിന്റെ അവശേഷിപ്പുകളും കണ്ടെത്തിയിരുന്നു.
പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്ന മായൻ സംസ്കാരം ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു പരന്നുകിടന്നത്. എഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു.
മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു.