ഈജിപ്തിലേക്ക് പറന്നിറങ്ങിയ പ്രകാശത്തളിക! ടുല്ലി പാപ്പിറസിൽ പറഞ്ഞത് സത്യമോ?
Mail This Article
അന്യഗ്രഹജീവികളും യുഎഫ്ഒകളുമൊക്കെ ഉണ്ടെന്നു വാദിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ടുല്ലി പാപ്പിറസ്. ആധുനിക എഴുത്തുവിദ്യയുടെ ആദ്യരൂപം ഈജിപ്തിലെ പാപ്പിറസ് ചുരുളുകളിലാണ് തുടങ്ങിയതെന്ന് പൊതുവെ കരുതപ്പെടുന്നു. ഹീറോഗ്ലിഫ് ലിപിയിലും മറ്റുമെഴുതിയ ഒട്ടേറെ പാപ്പിറസ് ചുരുളുകൾ ഈജിപ്തിൽ നിന്നു പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ടുല്ലി പാപ്പിറസ് വളരെ വ്യത്യസ്തമാണ്. കാരണം ഇങ്ങനെയൊരു പാപ്പിറസ് ഉണ്ടോയെന്ന് ആർക്കും ഒരുറപ്പുമില്ല.
വർഷം 1933...ഈജിപ്ത് തലസ്ഥാനം കയ്റോയിൽ പുരാവസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ ആൽബർട്ടോ ടുല്ലി എന്ന വ്യക്തിയെത്തി. ചില്ലറക്കാരനായിരുന്നില്ല ടുല്ലി. വത്തിക്കാൻ മ്യൂസിയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ആ കടയിൽ നിന്ന് വളരെ ആദിമമായ ഒരു പാപ്പിറസ് ചുരുൾ ടുല്ലി കണ്ടെത്തി. ബിസി 1440 കാലഘട്ടത്തിലേതാണ് അതെന്നു കരുതപ്പെടുന്നത്. ആ പാപ്പിറസ് ചുരുളുകൾ വില കൊടുത്തു വാങ്ങാൻ ടുല്ലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ടുല്ലി അതിലെഴുതിയിരുന്നത് ഒരു പേപ്പറിൽ കുറിച്ചെടുത്തു. പിൽക്കാലത്ത് ഈ കുറിപ്പ് ബോറിസ് ഡി റാഷവിത്സ് എന്ന വ്യക്തിയുടെ മുന്നിലെത്തി. ഭാഷാ വിദഗ്ധനായ റാഷവിത്സ് അതു തർജമ ചെയ്തു.
440 ബിസി കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന തുട്മോസ് മൂന്നാമൻ രാജാവിന്റെ രാജധാനിയിലെ ഒരു സംഭവമായിരുന്നു പാപ്പിറസിൽ വിവരിച്ചിരുന്നത്. തൂത്തൻ ഖാമുൻ ഉൾപ്പെട്ട പതിനെട്ടാം രാജവംശത്തിലെ ആറാമത്തെ ചക്രവർത്തിയായിരുന്നു തുട്മോസ് മൂന്നാമൻ. തുട്മോസ് മൂന്നാമന്റെ ഭരണകാലമത്തെ ഒരു സംഭവമാണ് ടുല്ലി പാപ്പിറസ് വിവരിക്കുന്നത്. തളികയുടെ ആകൃതിയുള്ള പ്രകാശമാനമായ ഒരു വസ്തു അന്ന് ഈജിപ്തിലേക്ക് വന്നു. ദുർഗന്ധം പുറപ്പെടുന്നുണ്ടായിരുന്നു അതിൽ നിന്ന്. തുടർന്ന് ഒട്ടേറെ ഇത്തരം വസ്തുക്കൾ ആകാശത്തെത്തി. തുട്മോസ് ഇതു കണ്ടതോടെ പ്രാർഥനയിലാണ്ടു. ഇതോടെ ഈ പറക്കുംതളികകൾ പോയ്മറഞ്ഞു.
അന്യഗ്രഹകുതുകികൾക്ക് ആവേശം നൽകിയ ഒരു വാദമാണ് ടുല്ലി പാപ്പിറസിനെക്കുറിച്ചുള്ളത്. എന്നാൽ ഇതിന്റെ ഏറ്റവും വലിയ പോരായ്മ ഇതെല്ലാം രേഖപ്പെടുത്തിയ പാപ്പിറസ് ചുരുൾ ടുല്ലി കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും അതു വാങ്ങാൻ സാധിക്കാതിരുന്നതാണ്. അതിനാൽ തന്നെ ടുല്ലി പാപ്പിറസിലെ കഥകൾ കെട്ടിച്ചമച്ചതാകാനുള്ള സാധ്യത വിദഗ്ധർ ഉയർത്തിക്കാട്ടുന്നു. 1968ൽ, ലോകത്തെ യുഎഫ്ഒ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച കോൻഡൻ കമ്മിറ്റി റിപ്പോർട്ടും ടുല്ലി പാപ്പിറസ് പരിഗണിച്ചിരുന്നു.