എൻസിഇആർടി നടത്തിയ പേരുമാറ്റ നിർദേശം ഭരണഘടനാ വിരുദ്ധം: കേരള ചരിത്ര കോൺഗ്രസ്
Mail This Article
കൊച്ചി ∙ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിൽ നിന്നും ‘ഭാരത്’ ആക്കണമെന്ന എൻസിഇആർടി നിയമിച്ച ഉന്നത സമിതിയുടെ നിർദേശത്തെ കേരള ചരിത്ര കോൺഗ്രസ് അപലപിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രസഞ്ചാരത്തിലൂടെയാണ് രാജ്യം ഉൾക്കൊള്ളുന്ന ഭൂപ്രദേശം ഇന്ത്യയായി മാറിയത്. ഇന്ത്യ എന്ന വാക്ക് നൂറ്റാണ്ട് നീണ്ട ദേശിയ പ്രസ്ഥാനത്തിലൂടെ ജനതയുടെ സ്വാതന്ത്ര്യത്തിന്റെയും ദേശീയതയുടെയും ആവിഷ്കാരമായി മാറിയ ആശയം കൂടിയാണ്. മിത്തുകളിലും സാഹിത്യകൃതികളിലും പ്രത്യക്ഷപ്പെടുന്ന ഭാരതം എന്ന സംജ്ഞ ഒരിക്കലും ഇന്നത്തെ രാജ്യത്തെ മുഴുവൻ ഉൾക്കൊള്ളാൻ തക്കവിധം ഉള്ളതായിരുന്നില്ല. ഒരു രാജ്യസംജ്ഞ എന്ന അർത്ഥത്തിൽ ഭാരതം എന്ന വാക്ക് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല.
ഹിന്ദുസ്ഥാൻ, ഹിന്ദുപഥ് എന്നീ വാക്കുകൾ മുൻകാലങ്ങളിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഭരണകൂടങ്ങൾ ഉപയോഗിച്ചിരുന്നു. അപ്പോഴും വിശാലമായ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങളും വടക്കു കിഴക്കൻ പ്രദേശങ്ങളും അതിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നു. ദ്രാവിഡ ഭൂമി, ദ്രമിളദേശം, തമിഴകം, ദക്ഷിണാപഥം എന്നീ പ്രയോഗങ്ങൾ ദക്ഷിണേന്ത്യയെ സൂചിപ്പിക്കാൻ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. അവിടൊക്കെയും ഇന്ത്യയെ മുഴുവൻ സൂചിപ്പിക്കാൻ ഒരൊറ്റ നാമം കണ്ടെത്താൻ സാധിക്കില്ല. സിന്ധു - ഗംഗ തടത്തിലുള്ള ഏതാനും പ്രദേശങ്ങളെ സൂചിപ്പിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന വാക്ക് മാത്രമായിരുന്നു ഭാരതം. സിന്ധു നദിക്കപ്പുറം ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതി ചെയ്യുന്നതുമായ ഭൂഭാഗം എന്ന നിലക്കാണ് വിവിധ കാലങ്ങളിൽ ഇന്ത്യ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.
ഭരണഘടന നിർമാണ സഭയിൽ, സ്വതന്ത്രമായ നാട്ടിലെ സമസ്ത ജനങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന മതനിരപേക്ഷ, ജനാധിപത്യ രാജ്യനാമം എന്ന നിലക്കാണ് ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നത്. മറുഭാഗത്ത് ഭാരതം എന്ന പേര് ഇന്നത്തെ ഇന്ത്യൻ ജനതയുടെ മുഴുവൻ ആശയാഭിലാഷങ്ങളെ സൂചിപ്പിക്കുന്ന ഒന്നല്ല. ഒരു രാഷ്ട്രരൂപം എന്ന നിലക്ക് വൈവിധ്യങ്ങളെ പ്രതിനിധീകരിക്കാനും പ്രതിഫലിപ്പിക്കാനും ആ വാക്കിന് കഴിയുകയില്ല. മിത്തിൽ അധിഷ്ഠിതമായ ഒരു ജനതയോ ചരിത്രമോ അല്ല ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടത്.
തങ്ങൾക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ച് എൻസിഇആർടി നടത്തിയിരിക്കുന്ന ഈ പേരുമാറ്റ നിർദേശം ഭരണഘടനാ വിരുദ്ധവും അതിനാൽത്തന്നെ ലവലേശം സാധുത ഇല്ലാത്തതുമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കാനും മായ്ച്ചുകളയാനും ഇന്ത്യൻ വലതുപക്ഷം നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പേര് മാറ്റം. എൻസിആർടി അടക്കമുള്ള വിദ്യാഭ്യാസ സമിതികൾ ഈ പ്രതിലോമകരമായ ശ്രമത്തിന്റെ ഭാഗമാകുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള ചരിത്ര കോൺഗ്രസ് അധ്യക്ഷൻ പ്രൊഫ. കെ.എൻ. ഗണേഷ്, ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ അറിയിച്ചു.