നായകരായി മമ്മൂട്ടിയും മോഹൻലാലും; ആവേശമായി ‘അമ്മ’– മഴവിൽ ഷോ
Mail This Article
കൊച്ചി∙ മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയായിരുന്നു അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ ‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയുടെ തുടക്കം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
മനോരമ മാക്സ് അവതരിപ്പിക്കുന്ന വെബ് സീരീസ് ‘സോൾ സ്റ്റോറിസി’ന്റെ അവതരണം നടി സുഹാസിനി നിർവഹിച്ചു. സുഹാസിനി ഈ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ബ്ലെസി വെബ് സീരീസിന്റെ ട്രെയ്‌ലർ പുറത്തിറക്കി.
പ്രകൃതിസംരക്ഷണത്തിന് ‘അമ്മ’യും മഴവിൽ മനോരമയും മലബാർ ഗോൾഡും ചേർന്നുള്ള ‘നമ്മുടെ പ്രകൃതി, നമ്മുടെ കടമ’ എന്ന പദ്ധതിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖിനു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അബ്ദുൽ ജലീൽ വൃക്ഷത്തൈ നൽകി പദ്ധതിക്കു തുടക്കമിട്ടു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ് എന്നിവർ സന്നിഹിതരായി.
കയ്യടികൾക്കു നടുവിൽ ജഗതി
അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം ജഗതി ശ്രീകുമാറിന് സമ്മാനിച്ച് മമ്മൂട്ടിയും മോഹൻലാലും അദ്ദേഹത്തോടൊപ്പമുള്ള സിനിമ ഓർമകൾ പങ്കുവച്ചു. ജഗതിയുടെ ആയുരാരോഗ്യത്തിനുള്ള പ്രാർഥനയോടെയാണു മോഹൻലാൽ അദ്ദേഹത്തിനു സമീപം നിന്നത്. നവരസങ്ങൾക്ക് അപ്പുറത്തേക്കു കഥാപാത്രങ്ങളെ കൊണ്ടുപോയ പ്രതിഭയായ ജഗതിയെക്കുറിച്ചുള്ള ഓർമയാണു മമ്മൂട്ടി പങ്കിട്ടത്.
എവർഗ്രീൻ ഷീലാമ്മ
എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയ്ക്കു സമ്മാനിച്ചത് മമ്മൂട്ടിയും ഉർവശിയും ചേർന്നായിരുന്നു.‘നസീർ സാർ ആയിരുന്നു മലയാളത്തിലെ എവർഗ്രീൻ അഭിനേതാവ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും എവർഗ്രീൻ ആയിട്ടുള്ള അഭിനേതാവാണ് ഷീലാമ്മ.എന്റെ ഓർമയിൽ ആദ്യം കണ്ട ഷീലാമ്മയുടെ പടം കുടുംബിനിയാണ്. ഈ കളറിൽത്തന്നെ ഇനിയും മുന്നോട്ടു പോകട്ടെ’– മമ്മൂട്ടി പറഞ്ഞു.
പാട്ടിന്റെയും നൃത്തത്തിന്റെയും ആവേശം
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘത്തിന്റെ ഗാനമാലികയോടെ ആയിരുന്നു കലാ സായാഹ്നത്തിന് തുടക്കം. സ്റ്റീഫൻ ദേവസ്സിക്ക് ആയിരുന്നു സംഗീത വിഭാഗത്തിന്റെ നേതൃത്വം. മമിത ബൈജു, ഗണപതി, മഹിമ നമ്പ്യാർ, സാനിയ ഇയ്യപ്പൻ, ഷംന കാസിം, നിഖില വിമൽ, ഷെയ്ൻ നിഗം ഉൾപ്പെടെയുള്ളവരുടെ നൃത്തവും അനാർക്കലി മരിക്കാർ, അപർണ ബാലമുരളി ഉൾപ്പെടെയുള്ളവരുടെ പാട്ടുകളും സദസ്സിന് ആവേശമായി.
രമേഷ് പിഷാരടി, റിമി ടോമി, ആര്യ എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. ജയറാം, ലാൽ, മനോജ് കെ.ജയൻ, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ആസിഫ് അലി, അമല പോൾ, ഷെയ്ൻ നിഗം, നിർമാതാക്കളായ ആന്റോ ജോസഫ്, ജി.സുരേഷ്കുമാർ ഉൾപ്പെടെയുള്ളവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇടവേള ബാബുവാണു താരനിശ സംവിധാനം ചെയ്തത്.