താരരാജാക്കന്മാർ ഒന്നിച്ച പുരസ്കാര രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി മലയാളികളുടെ പ്രിയതാരങ്ങൾ വേദിയിൽ നിറഞ്ഞപ്പോൾ കാണികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതിഗംഭീര ദൃശ്യവിരുന്നായി പുരസ്കാര രാവ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ എക്കാലവും രസിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു.
കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടി. മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടും എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം ഉർവശിയും സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പകിട്ടോടെയാണ് ഉർവശി പുരസ്കാരം ഏറ്റുവാങ്ങിയത്. എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല നേടി.
മികച്ച നടിക്കുള്ള പുരസ്കാരം അനശ്വര രാജൻ (നേര്) ഏറ്റുവാങ്ങി. ‘ആവേശ’മാണു മികച്ച സിനിമ (നിർമാണം: അൻവർ റഷീദ്, നസ്രിയ). ‘ആടുജീവിത’ത്തിനു മികച്ച സംവിധായകനുള്ള സംസ്ഥാന സിനിമ പുരസ്കാരം ലഭിച്ച ബ്ലെസി, മഴവിൽ മനോരമ പുരസ്കാരങ്ങളിലും മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. മറ്റു പുരസ്കാരങ്ങൾ: മികച്ച ബോക്സ് ഓഫിസ് സിനിമ– മഞ്ഞുമ്മൽ ബോയ്സ് (നിർമാണം: ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി), മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധാനം: രാഹുൽ സദാശിവൻ (ഭ്രമയുഗം), മികച്ച പുതുമുഖ സംവിധായകൻ: റോബി വർഗീസ് രാജ് (കണ്ണൂർ സ്ക്വാഡ്), മികച്ച അപ്കമിങ് സംവിധായകൻ: ചിദംബരം.
സ്വഭാവനടൻ: ജഗദീഷ് (ഫാലിമി, ഗരുഡൻ, നേര്, ഓസ്‌ലർ), സ്വഭാവനടി: മഞ്ജു പിള്ള (ഫാലിമി), നെഗറ്റീവ് വേഷം: സിദ്ദീഖ് (നേര്), രാജ് ബി.ഷെട്ടി (ടർബോ), ഹാസ്യനടൻ: സജിൻ ഗോപു (ആവേശം); മികച്ച താരജോടി: നസ്‌ലിൻ കെ.ഗഫൂർ– മമിത ബൈജു (പ്രേമലു), മികച്ച അപ്കമിങ് താരങ്ങൾ: ശ്യാം മോഹൻ, മമിത ബൈജു. കൊറിയോഗ്രഫർ: സാന്റി (ആർഡിഎക്സ്); സംഘട്ടനം: ഫീനിക്സ് പ്രഭു (ടർബോ), പ്രത്യേക പരാമർശം: ബേസിൽ ജോസഫ് (ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, വർഷങ്ങൾക്കു ശേഷം), മഹിമ നമ്പ്യാർ (ആർഡിഎക്സ്, ജയ് ഗണേഷ്). മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അബ്ദുൽ ജലീൽ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു തുടങ്ങിയവരും സംബന്ധിച്ചു. മലയാള സിനിമ അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നാണു ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോ ഒരുക്കിയത്.
English Summary:
Full coverage and pictures of Mazhavil Entertainment Awards 2024 held in Angamali.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.