ഹിമാലയൻ നദികളെ പോലെ പന്നിയാർ പുഴ; ആനയിറങ്കലിന്റെ കാരുണ്യം, ജലസമൃദ്ധം
Mail This Article
രാജകുമാരി∙ കടുത്ത വേനലിലും സമൃദ്ധമായാെഴുകുന്ന ഹിമാലയൻ നദികളെ പോലെയാണ് ഹൈറേഞ്ചിലെ പന്നിയാർ പുഴയും. ചുട്ടുപാെള്ളുന്ന പകലിൽ കണ്ണിനും മനസ്സിനും കുളിരു പകരുന്ന കാഴ്ച. ഹൈറേഞ്ചിന്റെ ജലനിധിയാണ് മതികെട്ടാൽചോലയിൽ നിന്നുത്ഭവിക്കുന്ന പന്നിയാർ പുഴ. മതികെട്ടാൻചോലയിൽ നിന്നാെഴുകുന്ന ഉച്ചിൽകുത്ത്, മതികെട്ടാൻ, ഞണ്ടാർ എന്നീ തോടുകൾ സംഗമിച്ചാണ് പന്നിയാർ പുഴയായി മാറുന്നത്. പന്നിയാർ പുഴയെ വേനൽക്കാലത്ത് ജലസമൃദ്ധമാക്കുന്നത് ആനയിറങ്കൽ അണക്കെട്ടാണ്. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പാെന്മുടി അണക്കെട്ടിന്റെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ.
വേനൽക്കാലത്ത് പാെന്മുടി ജലാശയത്തിൽ ജലനിരപ്പ് താഴുമ്പോൾ ആനയിറങ്കൽ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു വയ്ക്കും. കഴിഞ്ഞ മാർച്ച് 11 നാണ് ഇൗ വർഷം ആനയിറങ്കലിൽ നിന്ന് വെള്ളം തുറന്നു വിട്ടത്. ഇനി മഴ പെയ്ത് പാെന്മുടി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതു വരെ ഇതു തുടരും. ഒക്ടോബർ മുതലുള്ള തുലാമഴയിലാണ് ആനയിറങ്കൽ ജലാശയം ജലസമൃദ്ധമാകുന്നത്. കാലവർഷത്തിൽ ജലനിരപ്പ് ഉയരാറില്ല. ആനയിറങ്കൽ അണക്കെട്ടും, പന്നിയാർ പുഴയും ഉള്ളതു കാെണ്ടു മാത്രമാണ് 5 പഞ്ചായത്തുകളിലുള്ള ഒട്ടേറെ കുടുംബങ്ങൾ ഓരോ വേനൽക്കാലത്തെയും അതിജീവിക്കുന്നത്.
1967 ലാണ് ആനയിറങ്കൽ അണക്കെട്ട് കമ്മിഷൻ ചെയ്തത്. അതിനു മുൻപും പന്നിയാർ പുഴ ഒഴുകിയിരുന്നു. എന്നാൽ വേനൽക്കാലത്ത് പുഴയിൽ വെള്ളം കുറവായിരുന്നു. അണക്കെട്ട് നിർമിച്ചതോടെ പന്നിയാർ പുഴ ജലസമൃദ്ധമായി. അര ഡസനോളം ചെറുതും വലുതുമായ ജലസേചന പദ്ധതികളാണ് പന്നിയാർ പുഴയിലുള്ളത്. നിർദിഷ്ട ജൽ ജീവൻ പദ്ധതിയുടെ പ്രധാന ജലസ്രോതസ്സും പന്നിയാർ പുഴയാണ്. പന്നിയാർ പുഴയിൽ നിന്നു വെള്ളം സ്വർഗംമേട് ഉൾപ്പെടെയുള്ള മലകളിലെ സംഭരണികളിലെത്തിച്ചാണ് ശാന്തൻപാറ, സേനാപതി, രാജകുമാരി പഞ്ചായത്തുകളിൽ ജല വിതരണം നടത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത്.