ADVERTISEMENT

കാഞ്ഞങ്ങാട്∙ ദേശീയപാത നവീകരണത്തിന്റെ മറവിൽ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ച് കടത്തിയ നിർമാണ കമ്പനിക്ക് 1.75 കോടി രൂപ പിഴ ചുമത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയാണ് നടപടി. കമ്പനിയുടെ വാദങ്ങൾ തള്ളിയ വകുപ്പ് പിഴ ആവശ്യപ്പെട്ടുള്ള നോട്ടിസ് ദിവസങ്ങൾക്കുള്ളിൽ തന്നെ നൽകുമെന്നാണ് സൂചന. 

പരിധി ലംഘിച്ച് മണ്ണെടുപ്പ്
∙ 65,000 ക്യുബിക് മീറ്റർ മണ്ണ് സ്ഥലത്തുനിന്ന് നീക്കാനാണ് കമ്പനിക്ക് അനുമതി നൽകിയിരുന്നത്. ഹൊസ്ദുർഗ് തഹസിൽദാർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൽ ഈ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ നിയമാനുസൃത മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളതെന്ന് കമ്പനി വിശദീകരിച്ചെങ്കിലും വാദം ജിയോളജി വകുപ്പ് തള്ളുകയായിരുന്നു. മണ്ണിന്റെ റോയൽറ്റി അടക്കമുള്ള തുകയായി 2 കോടിയോളം രൂപയാണ് പ്രാഥമിക ഘട്ടത്തിൽ പിഴത്തുകയായി കണക്കാക്കിയിരുന്നത്. എന്നാൽ അധികമായി എടുത്തതിലുള്ള 5,500 ക്യുബിക് മീറ്റർ മണ്ണ് പ്രദേശത്ത് തന്നെ സൂക്ഷിച്ചുട്ടുണ്ടെന്ന കമ്പനിയുടെ വാദം പരിഗണിച്ചാണ് പിഴത്തുക കുറഞ്ഞത്.

പിഴ അടയ്ക്കാൻ തയാറായില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കും. അമിതമായി മണ്ണ് എടുത്തതിനെത്തുടർന്ന് അതിഗുരുതര അവസ്ഥയിലാണ് വീരമലക്കുന്ന്. കനത്ത മഴയിൽ മലയിൽ വിടവുകളുണ്ടായി വലിയ വെള്ളച്ചാലുകൾ രൂപപ്പെട്ടുകഴിഞ്ഞു.  കാലവർഷത്തിൽ കുന്നിടിഞ്ഞ് ഉണ്ടായേക്കാവുന്ന ഗതാഗത തടസ്സം, പരിസരവാസികളുടെ ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന അപകടാവസ്ഥ എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമായതിനാൽ കുന്ന് തട്ടുകളായി തിരിക്കുന്നതിനു വേണ്ടികൂടിയായിട്ടാണ് 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാൻ നിർമാണക്കമ്പനിക്ക് അനുമതി നൽകിയത്.

ദുർബലം; അപകടക്കുന്ന്
∙ ശക്തമായ മഴയിൽ ബലക്ഷയത്തിന്റെ പ്രത്യക്ഷലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയിട്ടും താരതമ്യേന ദുർബലമായ കോൺക്രീറ്റ് മതിലല്ലാതെ മറ്റൊന്നും ഇവിടെ പണിതിട്ടില്ല. വെള്ളച്ചാട്ടങ്ങൾ കണ്ട് കൗതുകത്തിന് വാഹനം നിർത്തി ഫോട്ടോ എടുക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ രാത്രി വെളിച്ചസംവിധാനവും ഇവിടെയില്ല. ഇപ്പോഴും മണ്ണ് പാളികളായി അടർന്ന് താഴേക്കുപതിക്കാനായി കുന്നിലുണ്ട്. അളവിൽകവിഞ്ഞ മണ്ണ് നീക്കിയതിനേത്തുടർന്ന് കുന്നിന്റെ മുകളിൽ‍ നിന്ന് മണ്ണ് താഴേക്കു നിരങ്ങിയിറങ്ങുന്നുമുണ്ട്. കുന്നിൻമുകളിലെ ഒട്ടേറെ മരങ്ങളാണ് അനിയന്ത്രിത മണ്ണെടുപ്പിൽ കടപുഴകിയത്. മണ്ണിടിച്ചിൽ തടയുന്നതിനും പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഇവിടെ നടപ്പിലാക്കേണ്ടതുണ്ട്.

English Summary:

Soil Extraction Violations Lead to Hefty Fine on Kanhangad Construction Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com