ശുചിത്വ സന്ദേശം പരത്തുന്ന സാബുവിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി വാസവൻ
Mail This Article
ഏറ്റുമാനൂർ∙ നാടിന്റെ നന്മയ്ക്ക് പരിസര ശുചിത്വമെന്ന ലളിതമായ സന്ദേശം ഒരു ഗണിത സമവാക്യത്തിന്റെ മാതൃകയിലൂടെ ആളുകളിലേക്കെത്തിച്ച് മാതൃകയായ ചാർട്ടേഡ് അക്കൗണ്ടിനെ കാണാൻ മന്ത്രി വി.എൻ.വാസവൻ എത്തി. ഏറ്റുമാനൂർ കിരുശു മല ഊന്നുകല്ലേൽ സാബു തോമസ് (49)നെയാണ് മന്ത്രി വീട്ടിലെത്തി ആദരിച്ചത്. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ.വാസവൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തുടക്കമിട്ട ‘വൃത്തി’ പദ്ധതിയുടെ ചുവടു പിടിച്ചായിരുന്നു സാബുവിന്റെ പരിസര ശുചിത്വം.
നാടിന്റെ നന്മയ്ക്കായി സാബു കണ്ടെത്തിയ ‘ഇവി=(എൻവി)2 അഥവാ എന്റെ വഴി = നല്ല വഴി നമ്മുടെ വഴി’ എന്ന സമവാക്യവും മാതൃകാപരമായി പ്രവർത്തനങ്ങളും മലയാള മനോരമ പ്രസിദ്ധീകരിച്ച നന്മ പംക്തിയിലൂടെയാണ് പുറം ലോകമറിഞ്ഞത്. തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം.കേവലം ആശയ പ്രചാരണത്തിനപ്പുറം എല്ലാ ദിവസവും കുടുംബത്തോടൊപ്പം തന്റെ വീടിന് സമീപത്തെ വഴിയും പറമ്പും വൃത്തിയാക്കുന്ന സാബുവിനെയും ഭാര്യ ഹർഷയേയും, മക്കളായ നോറ(14), ലൊറെയ്ൻ (11), ഫ്രയ(8) എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.
റോഡിനും ശാപമോക്ഷം
മന്ത്രിയുടെ സന്ദർശനത്തോടെ വർഷങ്ങളായി തകർന്നു കിടന്ന ചുമട് താങ്ങി– മാളോല റോഡിനും ശാപമോക്ഷം. 2.3 കിലോമീറ്റർ വരുന്ന ചുമടുതാങ്ങി, കുരീച്ചിറ, മാളോല റോഡ് ഏറ്റുമാനൂർ കടുത്തുരുത്തി നിയോജക മണ്ഡലങ്ങളുടെയും പിഡബ്ല്യുഡി ഡിവിഷനുകളുടെയും അതിർത്തി പങ്കിടുന്നതാണ്. നിരവധി സ്കൂളുകളും ആരാധനാലയങ്ങളും ജനത്തിരക്കുമുള്ള റോഡ് നന്നാക്കണമെന്നുള്ളത് നാടിന്റെ പൊതുവായ ആവശ്യമായിരുന്നു. ഏറ്റുമാനൂർ നഗരസഭ മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ ഈ ആവശ്യം ഉന്നയിച്ചു മന്ത്രിക്കു നിവേദനം നൽകിയിരുന്നു. റോഡിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രി വി.എൻ.വാസവൻ പിഡബ്ല്യുഡി അധികൃതരെ ബന്ധപ്പെടുകയും അടിയന്തരമായി റോഡ് ഏറ്റെടുത്ത് നന്നാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നും നിർദേശിക്കുകയായിരുന്നു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കാനായെന്നും മന്ത്രി പറഞ്ഞു.