ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് പ്രിയ ശിഷ്യന്റെ ‘സ്വരദക്ഷിണ’
Mail This Article
കോട്ടായി ∙ ഗുരുവിനുള്ള നൈവേദ്യമായിരുന്നു ആ ഗാനാർച്ചന. കാതങ്ങൾ അകലെയിരുന്നുള്ള പ്രിയ ശിഷ്യന്റെ ‘സ്വരദക്ഷിണ’. നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും സ്വരംകൊണ്ടു ഗാനഗന്ധർവൻ കോട്ടായിയിൽ ഗുരു സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീട്ടിലെത്തി. അദ്ദേഹത്തെ മനസാ സ്മരിച്ചു. പാർഥസാരഥിയെ തൊഴുതു മനം നിറഞ്ഞു പാടി. ആ സ്വര ഗംഗയിൽ നാടൊഴുകി. ഒപ്പം അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസ് നേരിട്ടെത്തിയും കച്ചേരി അവതരിപ്പിച്ചു.
ചെമ്പൈ പാർഥ സാരഥി ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനു യേശുദാസിന്റെ സംഗീത കച്ചേരി പതിവാണ്. കോവിഡ് കാലത്തും അദ്ദേഹം അതു മുടക്കിയില്ല. നേരിട്ടെത്താനായില്ലെങ്കിലും അമേരിക്കയിലിരുന്ന് ഓൺലൈൻ വഴി അദ്ദേഹം സംഗീതോത്സവത്തിൽ പങ്കെടുത്തു. കീർത്തനങ്ങൾ ആലപിച്ചു. അതു കേട്ട് ആസ്വാദകർ നിർവൃതിയിൽ അലിഞ്ഞു. നവരാഗമാലിക വർണത്തോടെയാണു കച്ചേരി തുടങ്ങിയത്. തുടർന്ന് ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതിം, ഹംസാനന്ദിയിൽ പാവനഗുരു പവനപുരാതീശ മാശ്രയേ തുടങ്ങി കീർത്തനങ്ങൾ പാടിയ ശേഷം ഹരിവരാസനം പാടി കച്ചേരി സമാപിച്ചു.
അഭിഷേക് ബലകൃഷ്ണൻ (വയലിൻ), ടി.എസ്.നന്ദകുമാർ (മൃദംഗം), സന്തോഷ് ചന്ദ്രു ഘടത്തിലും പക്കവാദ്യമേകി. മുൻ വർഷവും ഓൺലൈൻ വഴിയാണ് യേശുദാസ് പങ്കെടുത്തത്. ത്യാഗരാജ സ്വാമികളെ അനുസ്മരിക്കുന്ന ഉഞ്ഛവൃത്തിയോടെയാണ് സംഗീതോത്സവം ആരംഭിച്ചത്. തുടർന്നു മണ്ണൂർ രാജകുമാരനുണ്ണി, സുകുമാരി നരേന്ദ്രമേനോൻ, ലൈല രാജകുമാരനുണ്ണി, വെള്ളിനേഴി സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനം നടന്നു. സൗരാഷ്ട്ര രാഗത്തിൽ ഗണപതി സ്തുതിയോടെ ആരംഭിച്ചു ത്യാഗരാജകൃതി നാട്ടൈ രാഗത്തിൽ ജഗദാനംദ കാരകാ എന്ന കീർത്തനം പാടിയാണു തുടങ്ങിയത്.
ചെമ്പൈ വെങ്കിട്ടരാമൻ, വിനോദ് പഴയന്നൂർ (വയലിൻ), കുഴൽമന്ദം രാമകൃഷ്ണൻ, വിത്തനശ്ശേരി മധുസൂദനൻ (മൃദംഗം), വെള്ളിനേഴി രമേഷ് (മുഖർ ശംഖ്) എന്നിവർ പിന്നണിയേകി. ചെമ്പൈ വിദ്യാപീഠം അധ്യാപകരായ ഗംഗാദേവി, രാധ രാമചന്ദ്രൻ, ബാബുരാജ്, പ്രിയദർശൻ എന്നിവരുടെ സംഗീതാർച്ചനയ്ക്കു ശേഷം യുവസംഗീതജ്ഞരും വിദ്യാർഥികളും സംഗീതാരാധന നടത്തി. തുടർന്നായിരുന്നു വിജയ് യേശുദാസിന്റെ കച്ചേരി. പ്രഫ.ആർ.സ്വാമിനാഥൻ (വയലിൻ), എൻ.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം) പിന്നണിയേകി.
രാത്രി കെ.ജി.ജയൻ (ജയവിജയ) നടത്തിയ കച്ചേരിയോടെ ഏകാദശി സംഗീതോത്സവത്തിനു സമാപനമായി. ഇന്നു നടക്കുന്ന ആറാട്ടോടെ പാർഥസാരഥി ക്ഷേത്രത്തിലെ ഏകാദശി ഉത്സവം സമാപിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1914ൽ തുടങ്ങിവച്ച സംഗീതോത്സവം നിലവിൽ ഭാഗവതരുടെ ചെറുമക്കളായ ചെമ്പൈ സുരേഷും പ്രകാശും കുടംബാംഗങ്ങളാണു നടത്തുന്നത്. ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂർ മുരുകനാണ് ഉത്സവത്തിന്റെ ഏകോപനം.