വിഴിഞ്ഞം തുറമുഖം: വൻകിട കപ്പൽ കമ്പനികൾക്കൊപ്പം കപ്പലെത്തിക്കാൻ തിരുവനന്തപുരത്തെ കമ്പനിയും
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് വമ്പൻ മദർഷിപ്പുകൾ എത്തിച്ച ലോകോത്തര കമ്പനികൾക്ക് ഒപ്പം തദ്ദേശീയ കപ്പൽ കമ്പനിയും കപ്പലടുപ്പിച്ചു. കൂറ്റൻ കണ്ടെയ്‌നറുകളെ എത്തിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച കമ്പനികൾക്കൊപ്പമാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ്‌ലിമിറ്റഡും കപ്പലെത്തിച്ചത്.
സിങ്കപ്പൂരിൽ നിന്നുമെത്തിച്ച ആസ്റ്റീരിയോസ് എന്ന ഫീഡർ കപ്പലിനെയാണ് ഇവിടെ എത്തിച്ചത്. ഈ കപ്പൽ ഇവിടെ നിന്ന് ഏകദേശം 790 ഓളം കണ്ടെയ്‌നറുകൾ കയറ്റി തിരികെ ഒമാനിലെ സലാലയിലേക്ക് കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. വിദേശ കമ്പനികൾക്കു പുറമേ തദ്ദേശീയ കമ്പനികൾക്കും വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾ എത്തിക്കാനാകുമെന്നതും ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.
തുറമുഖം കമ്മിഷൻ ചെയ്യുന്നതിന് മുന്നോടിയായി വന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്നതും ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ക്രെയിനുകള്‍ ഉപയോഗിച്ച് ചരക്കുകളുടെ കയറ്റിയിറക്കലിന്റെ ട്രയൽ റണ്ണാണ് നടക്കുന്നത്. ഇത് വിജയിച്ചതോടെയാണ് വിദേശ കപ്പലുകൾ ഇവിടെ വന്നുപോകുന്നത്. ഇതിന്റെ ഭാഗമായാണ് തദ്ദേശീയ കമ്പനിയും ഫീഡർ കപ്പലെത്തിച്ചത്.
കേരളത്തിന്റെ തന്നെ സമ്പദ്ഘടനയിൽ വൻമാറ്റത്തിന് ഇടയാക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് തദ്ദേശീയ കമ്പനികളും കപ്പലെത്തിക്കാൻ തുടങ്ങിയതിൽ വൻ പിന്തുണ നൽകിയിട്ടുണ്ട്. തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കത്തിനായി സ്ഥാപിച്ചിട്ടുളള ക്രെയിനുകൾ എത്തിച്ച് ചൈനയിൽ നിന്നാണ്. ക്രെയിനുകളുമായി വിഴിഞ്ഞം പുറംകടലിലെത്തിയ കപ്പലുകളെയും തുടർന്ന് വന്ന കണ്ടെയ്‌നറുകളുമായി എത്തിയ മദർഷിപ്പ് ഉൾപ്പെട്ടവയെ പുറംകടലിൽ നിന്ന് തുറമുഖത്തെ ബെർത്തിലേക്ക് അടുപ്പിക്കുന്ന സാങ്കേതിക ജോലികളും (മൂറിങ്) ഇതേ തദ്ദേശീയ കമ്പനിയാണ് ചെയ്യുന്നത്.
കണ്ടെയ്‌നറുകളുമായി എത്തിയ ആദ്യ കപ്പൽ സാൻ ഫെർണാൻഡോ മുതൽ കഴിഞ്ഞ ദിവസം തുറമുഖത്ത് നിന്ന് മടങ്ങിയ കേപ് ടൗൺ-2 വരെയയുളള മദർഷിപ്പുകളെയും ഫീഡർ കപ്പലുകളെയും ബെർത്തിലെത്തിച്ചത് ഇതേ കമ്പനിയുടെ ജീവനക്കാരാണ്. തുറമുഖത്ത് അടുപ്പിച്ച വമ്പൻ കപ്പലുകളിലെ ജീവനക്കാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്ന ആദ്യ ഷിപ്പ് ഷാൻഡ്‌ലിങ് ചെയ്തതും ഇതേ കമ്പനിയാണ്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ റോസ്, ഒറിയോൺ എന്നീ കപ്പലുകളിലെ ജീവനക്കാർക്കായിരുന്നു ഷിപ്പ് ഷാൻഡ്‌ലിങ് ചെയ്തത്.