ADVERTISEMENT

മണ്ണുത്തി ∙ ഏറെക്കാലം കാത്തിരുന്ന് വീടുപണി ആരംഭിച്ച ജോർജിന്റെ ജീവിതം ഒരു വിളിപ്പാടകലെ റോഡിൽ പൊലിഞ്ഞു. തകർന്ന ചീട്ടുകൊട്ടാരം പോലെ, വീടിന്റെ തറ കെട്ടാനായി ഇറക്കിയ കരിങ്കല്ലുകൾ വീട്ടുമുറ്റത്ത് ചിതറി ക്കിടപ്പുണ്ട്. ഇരുമ്പുപാലം തണ്ണിക്കോട്ടിൽ ജോർജിന്റെ (61) എക്കാലത്തെയും സ്വപ്നമായിരുന്നു വീട്. ആ സ്വപ്നത്തിന്റെ ചവിട്ടുപടി എന്നോണം ഡിസംബർ 7ന് പുതിയ വീടിന് തറക്കല്ലിട്ടു. എന്നാൽ, ജോർജിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ആയുസ്സ് ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ചായക്കടയിൽ ജീവനക്കാരനായ ജോർജ് വീടുപണി ആരംഭിച്ചപ്പോൾ മുതൽ അതിനുള്ള ഓട്ടത്തിലായിരുന്നു. അങ്ങനെയാണ് ശനിയാഴ്ചയും ഉച്ചകഴിഞ്ഞപ്പോൾ പണിക്കാർക്കുള്ള പലഹാരം വാങ്ങാൻ ജോർജ് വീട്ടിൽ നിന്നിറങ്ങിയത്. ‍എന്നാൽ ജോർജിനെ കാത്തിരുന്ന വീട്ടുകാർ കേട്ടത് മരണവാർത്തയാണ്. ജോർജിന്റെ ഇരുചക്ര വാഹനം ഇരുമ്പുപാലത്തു റോഡിൽ നിർത്തിയിട്ടിരുന്ന ഹൈവേ മെയിന്റനൻസ് വിഭാഗത്തിന്റെ പിക്കപ്പ് വാനിനു പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.   

അപകടത്തിൽ മരിച്ച ശ്രീധരന്റെ ഭാര്യ ലീലയും കിടപ്പുരോഗിയായ മകൾ ഷൈജയും. ഇൻസെറ്റിൽ ശ്രീധരൻ.
അപകടത്തിൽ മരിച്ച ശ്രീധരന്റെ ഭാര്യ ലീലയും കിടപ്പുരോഗിയായ മകൾ ഷൈജയും. ഇൻസെറ്റിൽ ശ്രീധരൻ.

ഇപ്പോൾ ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭാര്യ മേഴ്സിയും 2 മക്കളും മാത്രം. മക്കളിൽ ഒരാൾ പ്ലമിങ് ജോലിക്ക് പോകുന്നു. മറ്റൊരാൾ ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്നു. മേഴ്സിയുടെ സഹോദരീ ഭർത്താവും ഞായറാഴ്ച ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടു ചികിത്സയിൽ കഴിയുകയാണ്.   ഇത് ജോർജിന്റെ കുടുംബത്തിന്റെ മാത്രം അവസ്ഥയല്ല.  തൃശൂർ – പാലക്കാട് ദേശീയപാതയിലെ മണ്ണുത്തി മുതൽ വാണിയമ്പാറ വരെയുള്ള പ്രദേശത്തെ മിക്ക കുടുംബങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. ഈ മേഖലയിൽ  കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 5 മരണമാണ് ഉണ്ടായത്. കൂടുതലും ഇരകളാകുന്നത് 60 വയസ്സിന് മുകളിലുള്ളവരും. റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനം യുടേൺ എടുക്കുമ്പോഴുമുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. 

ചുവന്നമണ്ണിലാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ. പേരു പോലെതന്നെ രക്തത്തിന്റെ ചുവപ്പുനിറമാണ് ചുവന്നമണ്ണിന് എന്നാണ് നാട്ടുകാർ പറയുന്നത്.  അവിടത്തെ അപകടത്തിന്റെ  രക്തസാക്ഷിയാണ് ശ്രീധരൻ. പൂവഞ്ചിറ പൂന്തുരുത്തി വീട്ടിൽ ശ്രീധരൻ (83) അപകടത്തിൽ മരിക്കുന്നത് ജൂലൈയിലാണ്. സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് വയ്യാത്ത മകളായ ഷൈജയെ ശുശ്രൂഷിക്കാൻ വേണ്ടി മാത്രം ജീവിക്കുകയായിരുന്നു ശ്രീധരൻ. 


അപകടത്തിൽ മരിച്ച ജോർജിന്റെ ഭാര്യ മേഴ്സി. പുതിയ വീടിന്റെ തറ പിന്നിൽ കാണാം. ഇൻസെറ്റിൽ ജോർജ്.
അപകടത്തിൽ മരിച്ച ജോർജിന്റെ ഭാര്യ മേഴ്സി. പുതിയ വീടിന്റെ തറ പിന്നിൽ കാണാം. ഇൻസെറ്റിൽ ജോർജ്.

8 വർഷമായി കിടപ്പിലായ ഷൈജയ്ക്ക് ഭക്ഷണം കൊടുക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത് ശ്രീധരനായിരുന്നു. ഒരു ദിവസം ഷൈജയ്ക്ക് മരുന്ന് വാങ്ങാൻ പോയ ശ്രീധരനെ, റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അതോടെ ആ കുടുംബത്തിന്റെ തുണയും നിലച്ചു.   ശ്രീധരന്റെ മരണശേഷം ഷൈജയെയും കൊണ്ട് ഭാര്യ ലീലയും മരുമകൾ വിജിയും കൊച്ചുമകൻ ആദർശും ഇടിഞ്ഞു പൊളിയാറായ വീട്ടിൽനിന്ന് വാടകവീട്ടിലേക്ക് മാറി. 

മകൻ ഷാജി മരിച്ചിട്ട് 10 വർഷമായി. ഇപ്പോൾ വീടിന്റെ വാടകയും മരുന്നിന്റെ ചെലവും മറ്റു കാര്യങ്ങളും നോക്കുന്നത് വിജിയും ആദർശും ചേർന്നാണ്. പട്ടിക്കാട് ഒരു കടയിൽ ജോലിക്കുപോകുന്ന വിജി അവിടേക്കു പോകുംവരെ ഷൈജയുടെ കാര്യങ്ങൾ നോക്കും. അതിനുശേഷം വയ്യാത്ത ലീലയാണ് മകളെ ശുശ്രൂഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com