ADVERTISEMENT

കൊച്ചി∙ നിരാലാംബയായ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നിൽ ചെയ്ത് കൊടുത്തിട്ട് ഒറ്റ അക്ഷരം പുറത്ത് പറയാതിരുന്ന മമ്മൂട്ടിയെ കുറിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ കുറിച്ച വരികൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചാരിറ്റി എന്ന പേരിൽ പത്തു രൂപ പത്തു പേർക്കായി വീതം വച്ച് കൊടുത്തിട്ട് പബ്ലിസിറ്റിക്ക് ഓടി നടക്കുന്ന ആളുകൾ നിറഞ്ഞ ഇവിടെ മമ്മൂട്ടി തന്റെ ജീവകാരുണ്യ മേഖലയിൽ പുലർത്തുന്ന വിശുദ്ധി എടുത്ത് പറയുന്ന സമൂഹമാധ്യമ പോസ്റ്റ്‌ ആണ് ഇതിനോടകം ട്രെൻഡിങ് ആയത്.

ആലുവ രാജഗിരി ആശുപത്രി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഹൃദയ വാൽവ് ശസ്ത്രക്രിയാ പദ്ധതിയായ 'ഹൃദ്യം ' പദ്ധതിയിലൂടെ ജീവിതം തിരിച്ചുപിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവകഥയാണ് ജോസ് തെറ്റയിൽ പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

mammootty-charity-

‘ഞാൻ അറിഞ്ഞ മമ്മൂട്ടി’

ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവർ! പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിനു സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനേക്കാൾ വലിയ മനുഷ്യസ്നേഹി! ഞാൻ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിനു വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യൻ മാറ്റിവച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. ‘പത്ത് രൂപയുടെ സഹായം, പത്തു പേർക്കായി കൊടുത്ത് പതിനായിരം നോട്ടിസ് അടിക്കുന്ന മഹാന്മാർ ഉള്ള നാട്ടിൽ ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി ഒരൊറ്റ വാക്ക് പോലും പുറംലോകത്തെ അറിയിക്കാതിരുന്ന മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാൻ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്...

മൂന്ന് മാസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ. അനിൽ നാഗേന്ദ്രന്റെ ഒരു ഫോൺ കോൾ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തിൽ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുൻപ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിരിക്കുന്ന അവസ്ഥയിൽ ഭർത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകൾക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനിൽ നാഗേന്ദ്രൻ ഫോൺ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിനു വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന സങ്കീർണമായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷേ അതിൽ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നതിനാൽ സമാന്തരമായി മറ്റൊരു വഴി തേടാൻ ഞാൻ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്നുവന്നത്. ഞാൻ ലോ കോളജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്ന ആ പയ്യന്റെ! അവിടെ ചെത്തി നടന്നിരുന്ന സർവ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങൾ കീഴടക്കിയ പഴയ ആ കൗമാരക്കാരൻ. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിനു നിരാലംബർക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാൾ എന്ന നിലയിലും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ 'കാഴ്ച' പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന ആൾ എന്ന നിലയിലും, ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാൻ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു. അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്.

ബിന്ദുവിന്റെ ശസ്ത്രക്രിയയും ചികിത്സയും അതിവേഗതയിൽ ഏറ്റെടുക്കാൻ തന്റെ ഓഫിസിന് നിർദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയിൽ തന്നെ ഈ ശസ്ത്രക്രിയ ഉൾപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാർഡിയാക് സർജൻമാരിൽ ഒരാളായ ഡോ.ശിവ് കെ.നായരുടെ നേതൃത്വത്തിൽ വിദ്ഗധ ഡോക്ടർമാരുടെ സംഘം സർജറി എല്ലാം വിജയകരമായി പൂർത്തിയാക്കി. ഇന്ന് ബിന്ദു പരിപൂർണ ആരോഗ്യവതിയായി വെഞാറമൂടിലെ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയ ഒരു ജീവ കാരുണ്യം ആകുമ്പോൾ അത് നാളെ മാധ്യമങ്ങളിൽ വരും, പുറം ലോകം അറിഞ്ഞോളുമെന്ന് ഞാൻ വിചാരിച്ചു. മൂന്ന് മാസം ഞാൻ കാത്തിരുന്നു , പക്ഷേ ഒന്നും സംഭവിച്ചില്ല! ഇതേപ്പറ്റി മമ്മൂട്ടിയുടെ ഈ ജീവകാരുണ്യ കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഞാൻ സംസാരിച്ചു. അവരുടെ മറുപടി എനിക്ക് മറ്റൊരു അശ്ചര്യമായി’ സഹായം ചെയ്യുന്നത് വിളിച്ചു പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, പദ്ധതികൾ തുടങ്ങുമ്പോൾ എല്ലാവരെയും അറിയിക്കാറുണ്ട്. അത് ഗുണഭോക്താക്കൾക്ക് സഹായകമാകാൻ വേണ്ടി മാത്രം ആണ്.’

പക്ഷേ ഇത് നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ഞാൻ ഇത് എഴുതിയത്. എന്തായാലും നന്ദി മിസ്റ്റർ മമ്മൂട്ടി. പതിനായിരങ്ങൾക്ക് കൈത്താങ്ങായി നിങ്ങൾ ഇനിയും വിളങ്ങട്ടെ...’

English Summary:

Heart of Gold: Mammootty Funds Major Surgery, Social Media Buzzes with Admiration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com