1969 ഡിസംബർ 18; കുറ്റ്യാടി പൊലീസ് സ്റ്റേഷൻ നക്സലൈറ്റ് ആക്രമണത്തിന് 54 വർഷം
Mail This Article
കുറ്റ്യാടി∙ നക്സലൈറ്റ് പ്രവർത്തകരുടെ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ അക്രമത്തിന് 54 വർഷം തികയുന്നു. കേസിലെ പ്രതികളിൽ ഇന്ന് ജീവിച്ചിരിക്കുന്നത് 3-ാം പ്രതി പാലേരിയിലെ ചമ്പേരി സി.എച്ച്.കടുങ്ങോൻ (81) മാത്രം. അന്ന് പൊലീസിന്റെ കൊടിയ മർദനത്തിനിരയായ കടുങ്ങോൻ ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. 1969 ഡിസംബർ 18ന് ബുധനാഴ്ച പുലർച്ചെയാണ് പതിനഞ്ചോളം നക്സൽ പ്രവർത്തകർ നാടൻ ബോംബും മാരകായുധങ്ങളുമായി കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമിച്ചതെന്ന് സി.എച്ച്.കടുങ്ങോൻ ഓർക്കുന്നു.
സ്റ്റേഷനിലെ തോക്ക് കൈക്കലാക്കി പ്രദേശത്തെ ജന്മിമാരുടെ വീടാക്രമിച്ച് പണം എടുത്ത് വയനാട്ടിലെ ആദിവാസികൾക്ക് വിതരണം ചെയ്യുകയും ജന്മിമാർ കൈവശം വച്ച പാവപ്പെട്ടവരുടെ പ്രോനോട്ട് കച്ചീട്ട് തുടങ്ങിയവ കൈക്കലാക്കി നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സ്റ്റേഷൻ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കടുങ്ങോൻ പറയുന്നു. എന്നാൽ പൊലീസുകാരുടെ ചെറുത്തു നിൽപ് മൂലം ഉദ്യമം വിജയിച്ചില്ല.
അക്രമം നടന്ന കുറ്റ്യാടി പൊലീസ് സ്റ്റേഷൻ കെട്ടിടം ജീർണാവസ്ഥയിലാണ്. പുതിയ കെട്ടിടത്തിലാണു സ്റ്റേഷൻ പ്രവർത്തനം. ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തുവന്ന കടുങ്ങോൻ പിന്നീട് സിപിഎം പ്രവർത്തകനായി.