പെരിന്തൽമണ്ണയിലെവിടെയോ ഉണ്ട് അച്ഛന്റെ ബന്ധുക്കൾ; ഗണേശൻ കാത്തിരിക്കുന്നു
Mail This Article
പെരിന്തൽമണ്ണ (മലപ്പുറം) ∙ പിതാവിന്റെ കുടുംബവേര് പെരിന്തൽമണ്ണയിലെവിടെയോ ആണെന്ന് തമിഴ്‌നാട് സ്വദേശി ഗണേശന് അറിയാം. രക്തബന്ധം തേടിയുള്ള അന്വേഷണത്തിലാണ് ഗണേശൻ. പിതാവ് കൃഷ്‌ണൻ, 12–ാം വയസ്സിൽ വീടുവിട്ട് തമിഴ്‌നാട്ടിലെത്തിയതാണ്.
തിരുച്ചിറപ്പള്ളിയിൽ ഹോട്ടൽ ജോലി ചെയ്‌തായിരുന്നു ജീവിതം. അവിടെനിന്നു തന്നെ വിവാഹവും കഴിച്ചു. ഭാര്യ കുമാരിയും മക്കളായ ഗണേശനും ശക്തിവേലും തിരുച്ചിറപ്പള്ളിയിലാണ് താമസം. കൃഷ്‌ണൻ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു.
കൃഷ്‌ണന്റെ പിതാവ് പെരിന്തൽമണ്ണക്കാരനായ രാമൻ നായരാണെന്നും അദ്ദേഹത്തിന് 9 മക്കളുണ്ടെന്നും ഗണേശന് അച്ഛൻ പറഞ്ഞ് അറിയാം. രാമൻ നായർക്ക് രണ്ട് ഭാര്യമാരും ഉണ്ട്. കൂടുതൽ വിവരങ്ങൾ പിതാവ് പറഞ്ഞിട്ടില്ല. അന്നൊന്നും അന്വേഷിച്ചുമില്ല. എന്നാൽ അച്ഛന്റെ മരണത്തോടെയാണ് കുടുംബാംഗങ്ങളെ കാണണമെന്ന് ഗണേശന് ആഗ്രഹം ജനിച്ചത്. അമ്മ കുമാരിയും പിന്തുണയേകി.
അങ്ങനെയാണ് റിയൽ എസ്‌റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഗണേശൻ സുഹൃത്തായ രാജയുമൊത്ത് ഇന്നലെ പിതാവിന്റെ കുടുംബവേര് തേടി ഇറങ്ങിയത്. ഗണേശന് വിദ്യാർഥികളായ 2 പെൺമക്കളാണ്. ചാരുമതിയും ശ്രീമതിയും.
ചാരുമതിക്ക് മുത്തശ്ശന്റെ നാട്ടിൽനിന്ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും ഗണേശൻ പറയുന്നു. ഇന്നലെ പലയിടങ്ങളിലായി നടത്തിയ അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചില്ല. എങ്കിലും ഗണേശൻ ആശ കൈവിട്ടിട്ടില്ല. പിതാവിന്റെ ബന്ധുക്കളെ കണ്ടെത്താനാകുമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.