ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം വരെ റോഡ്; നിർമാണം ഡിസംബർ 6ന് മുൻപ് പൂർത്തിയാകും
Mail This Article
ഇരിങ്ങാലക്കുട ∙ തൃശൂർ - കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം വരെ നടക്കുന്ന നിർമാണ പ്രവൃത്തികൾ ഡിസംബർ 6ന് അകം പൂർത്തിയാകുമെന്ന് കലക്ടറേറ്റിൽ ചേർന്ന കെഎസ്ടിപി റോഡ് നിർമാണ അവലോകന യോഗത്തിൽ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കരാറുകാരനു മന്ത്രി നിർദേശം നൽകി.
430 മീറ്റർ നീളത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിനു തുടർച്ചയായി ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ മാപ്രാണം വരെയുള്ള പ്രവർത്തനങ്ങൾ നവംബർ ഒന്നിന് ആരംഭിക്കും. തൊണ്ണൂറു ദിവസംകൊണ്ട് പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന ഗതാഗത ക്രമീകരണങ്ങളും സമയക്രമവും തീരുമാനിച്ചു.
ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ– മാപ്രാണം ഭാഗം വരെയുള്ള നിർമാണം ആരംഭിച്ചാൽ ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചന്തക്കുന്ന് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാൻഡ് വഴി സിവിൽ സ്റ്റേഷൻ റോഡിൽ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരണം. നിലവിൽ നിർമാണം നടക്കുന്ന കോണോത്തുക്കുന്ന് വെള്ളാങ്ങല്ലൂർ ഭാഗത്ത് പണി പൂർത്തിയാകുന്ന മുറയ്ക്ക് മാപ്രാണം മുതൽ ആറാട്ടുപുഴ വരെയുള്ള 5 കിലോമീറ്റർ ദൂരത്തിലെ നിർമാണ പ്രവൃത്തികളും ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്ന വണ്ടികളുടെ സമയക്രമവും എണ്ണവും പരിശോധിച്ച് നടപടി കൈക്കൊള്ളാൻ ട്രാൻസ്പോർട്ട് അധികൃതർക്കു നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ മേനോൻ, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ പി.വി.ബിജി, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.