പാതയേരങ്ങളിൽ ചിതലെടുക്കുന്നു വൻവിലയുള്ള വീട്ടിമരങ്ങൾ; മുറിച്ചിട്ടത് അളവില്ലാതെ വിറകു രൂപത്തിൽ
Mail This Article
ബത്തേരി∙ വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ പാതയോരങ്ങളിൽ മുറിച്ചിട്ടതും കാറ്റിലും മഴയിലും മറിഞ്ഞു വീണതുമായ വിലപിടിപ്പുള്ള വൻമരങ്ങൾ ചിതലെടുത്ത് നശിക്കുന്നു. ജില്ലയിൽ പലയിടത്തായി ഒട്ടേറെ മരങ്ങളാണ് ഇത്തരത്തിൽ കിടക്കുന്നത്. വൻവിലയുള്ള വീട്ടിമരങ്ങൾ അടക്കം ഉപയോഗിക്കാവുന്ന വിധത്തിലുള്ള അളവുകളിലല്ലാതെ വിറകു രൂപത്തിൽ അലക്ഷ്യമായി മുറിച്ചിട്ടത് വലിയ നഷ്ടത്തിനാണ് ഇടയാക്കിയത്. ഡിപ്പോകളിൽ നടക്കുന്ന ലേലത്തിലും തുച്ഛമായ വിലയാണ് പലപ്പോഴും ലഭിക്കുന്നത്. പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കും അപകടക്കെണിയായി മാറിയിട്ടുമുണ്ട്. മരം നീക്കം ചെയ്യുന്നതിലെ നൂലാമാലകളാണ് മരങ്ങൾ മുറിച്ചിട്ടിടത്തു തന്നെ കിടക്കാൻ കാരണം.
‘മരം നീക്കണം’
ബത്തേരി∙ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പിടിപ്പുകേടുമാണ് മരങ്ങൾ നശിക്കാൻ കാരണമെന്ന് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ വിലനിർണയത്തിലുള്ള അപാകതകൾ പരിഹരിക്കണം. പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യണം. പട്ടയഭൂമികളിലെ മരം മുറിക്കാനും നീക്കം ചെയ്യാനും നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കെസികെ തങ്ങൾ, വി.ജെ.ജോസ്, ജാബിർ കരണി, കെ.പി.ബെന്നി, ആർ.വിഷ്ണു, പി.ടി.ഏലിയാസ്, എൻ.കെ.സോമസുന്ദരൻ, കെ.എ.ടോമി, കെ.എച്ച്.സലിം,പി.എ.മാത്യു, എ.എം.ഹനീഫ, പി.എ.ഷാഹുൽ ഹമീദ്, എ.കെ. വിജയൻ, പി.സൈഫുദ്ദീൻ ഹാജി, എം.ടി.ഫൈസൽ, കെ.ബാവ, കെ.ഒ.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.