എൻട്രൻസ് പരീക്ഷകളിൽ റാങ്കുണ്ടായിട്ടും വീട്ടകങ്ങളിൽ ഒതുങ്ങിയ പെൺകുട്ടികൾക്ക് പറക്കാൻ ചിറകു നൽകി ഡോ.വന്ദന ശ്രീധരൻ
Mail This Article
ഉറപ്പുള്ള അടിത്തറയിൽ, മികച്ച പ്ലാനിൽ പണിതുയർത്തിയ സുന്ദര നിർമിതി പോലെ സ്വന്തം ജീവിതത്തെയും കരിയറിനെയും ഡിസൈൻ ചെയ്യാനുള്ള ആത്മവിശ്വാസവും മിടുക്കുമുണ്ട് ഇന്ന് കണ്ണൂർ എൻജിനീയറിങ് കോളജിലെ പെൺകുട്ടികൾക്ക്. ഈ ആത്മവിശ്വാസത്തിന് അടിത്തറ ഒരുക്കിയത് 2018ൽ കോളജിൽ തുടക്കമിട്ട 'ഷീ' (SHE- സ്കീം ഫോർ ഹെർ എംപവർമെന്റ് ഇൻ എൻജിനീയറിങ് എജ്യുക്കേഷൻ) പദ്ധതിയും.
സിവിൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. വന്ദന ശ്രീധരൻ തുടക്കമിട്ട പദ്ധതി പിന്നീട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെ കീഴിൽ സർക്കാർ ഏറ്റെടുത്തു. ഇന്ന് കേരളത്തിലെ 9 എൻജിനീറിങ് കോളജുകളിൽ പെൺ ചിറകുകൾക് കരുത്തുപകർന്ന് ഷീയുണ്ട്. എൺപതോളം പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഷീയുടെ സ്റ്റേറ്റ് കോഓർഡിനേറ്ററാണ് ഡോ. വന്ദന.
എൻട്രൻസ് പരീക്ഷകളിലും പിന്നീട് സെമസ്റ്റർ പരീക്ഷകളിലുമൊക്കെ മികവുകാട്ടുന്ന പെൺകുട്ടികളിൽ പലരും പിന്നീട് വീട്ടകങ്ങളിലോ ചെറിയ ജോലികളിലോ ഒതുങ്ങിപ്പോകുന്നത് എന്തുകൊണ്ടെന്ന ആലോചനയിൽ നിന്നാണ് ഷീയുടെ പിറവി. 2018ൽ സഹപ്രവർത്തകരായ ഡോ. രഞ്ജിത്തിനും ഡോ. ശ്രീകുമാറിനുമൊപ്പം യുകെ ഗവണ്മെന്റിന്റെ ഒരു മാനേജ്മെന്റ് ട്രെയ്നിങ്ങിൽ പങ്കെടുത്തപ്പോഴാണ് പദ്ധതിയുടെ ആദ്യരൂപം മനസ്സിൽ പിറക്കുന്നത്.
പഠിച്ചിറങ്ങിയ മുന്നൂറിലേറെ പെൺകുട്ടികളെയും കോളജിലെ വിദ്യാർഥിനികളെയും ഉൾപ്പെടുത്തി തുടക്കം. അടുത്ത ഘട്ടത്തിൽ എൻജിനീയറിങ്ങിലേക്ക് വരാനിരിക്കുന്ന കുട്ടികളെയും ചേർത്തു. ഇപ്പോൾ മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താനും ജോലിയും കുടുംബജീവിതവുമായുള്ള ബാലൻസ് നിലനിർത്താനും എല്ലാ പിന്തുണയുമായി ഷീ ഒപ്പം നടക്കുന്നു.
ജിയോ ടെക്‌നോളജിയിലും ജിയോ എൻജിനീയറിങ്ങിലുമാണ് ഡോ. വന്ദനയുടെ സ്പെഷലൈസേഷൻ. റിസർച്ചിൽ ഏറെ താൽപര്യം. ഗൈഡായും പ്രവർത്തിക്കുന്നു. പിഎച്ച്ഡിക്കു ശേഷം ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഫെലോഷിപ് നേടി ക്വീൻസ്‌ലൻഡ് യൂണിവേഴ്സിറ്റിയിൽ. കേന്ദ്ര സർക്കാരിന്റെ ഫെലോഷിപ്പും നേടി. ഒട്ടേറെ ഗവണ്മെന്റ്, മരാമത്ത് ജോലികളുടെ കൺസൽറ്റന്റ്, കോളജിലെ റൂറൽ ഡവലപ്മെന്റ് സെന്റർ കോഓർഡിനേറ്റർ.
പല കാലത്തായി എഴുതിയ കവിതകൾ ഭാവിയിൽ പുസ്തകമാകാൻ ഒരുങ്ങുന്നു. സ്കൂൾ കാലത്ത് ചിത്രകലാ ക്ലാസിൽ ഒരു മികച്ച വിദ്യാർഥി ആയിരുന്നില്ലെന്നു പറയുന്ന ആൾ പക്ഷേ, നിറങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടംകൊണ്ട് ചിത്രകാരിയായി. ചിത്രങ്ങളുടെയും കലാ രൂപങ്ങളുടെയും എക്സിബിഷനും സംഘടിപ്പിച്ചു. എല്ലാ പിന്തുണയുമായി ഭർത്താവ് ഡോ. അനിലും മകൻ മെഡിക്കൽ വിദ്യാർഥി കൃഷ്ണതീർഥും ഒപ്പം നിൽക്കുന്നു.
‘‘ജീവിത സാഹചര്യങ്ങളെ ഭാരമായി കാണാതെ ആസ്വദിക്കാൻ പറ്റണം. നമ്മൾ നമ്മളെ അംഗീകരിച്ചില്ലെങ്കിൽ ലോകം നമ്മളെ അംഗീകരിക്കുമോ? നമ്മൾ നമ്മളോട് നീതി കാണിച്ചില്ലെങ്കിൽ മറ്റൊരാൾ നീതി കാണിക്കുമോ? നല്ലതോ ചീത്തയോ ആവട്ടെ നമ്മൾ നമ്മളെ അംഗീകരിക്കാൻ പഠിക്കുക, ഉത്തരവാദിത്തങ്ങൾ ഏറ്റവും നന്നായി ചെയ്യുക, നമ്മളെ തന്നെ സെലിബ്രേറ്റ് ചെയ്യുക’’ വിജയത്തിലേക്ക് വഴികാട്ടുകയാണ് ഡോ. വന്ദനയുടെ വാക്കുകൾ.