ലക്ഷങ്ങളുടെ വിറ്റുവരവുള്ള കമ്പനിയിൽ 8 പേർക്ക് തൊഴിൽ നൽകി സ്കൂളിൽ പോകുന്ന കമ്പനി ഉടമ
Mail This Article
ആലപ്പുഴ∙ മാസം 500 രൂപയ്ക്കായി 14 വയസ്സുകാരൻ 150 രൂപ മുടക്കുമുതലിൽ ആരംഭിച്ച സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ്. പ്ലസ്ടു വിദ്യാർഥിയായ എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദിനു കീഴിൽ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ. സ്റ്റാർട്ടപ് കമ്പനി ഇപ്പോൾ നാഷനൽ ബ്രാൻഡാണ്.
പോക്കറ്റ് മണിക്കായി മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കുറിയർ വഴി അയച്ചു നൽകുന്ന സ്ഥാപനമായാണ് അൻഫാലിന്റെ തുടക്കം. പിതാവ് മുഹമ്മദ് കെ.നൗഷാദിന്റെ യുണൈറ്റഡ് ടിംബർ കോർപറേഷൻ എന്ന സ്ഥാപനത്തിൽനിന്നാണ് അൻഫാൽ സ്വന്തം സംരംഭത്തിനു പേരു കണ്ടെത്തിയത്.
‘‘ഒരിക്കൽ കബളിപ്പിക്കപ്പെട്ടു പണം മുഴുവൻ പോയെങ്കിലും വീണ്ടും ഒന്നിൽ നിന്നു തുടങ്ങിയാണു വിജയത്തി ലെത്തിയത്. ഓർഡറുകൾ കൂടിയതോടെ ജീവനക്കാരെ നിയമിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം ആദ്യം ഓൺലൈനായിരുന്നെങ്കിൽ പിന്നീടു വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഓഫിസ് സജ്ജമാക്കി. ഇപ്പോൾ 5 എംബിഎക്കാരുൾപ്പെടെ 8 ജീവനക്കാർ സ്ഥാപനത്തിലുണ്ട്. രാവിലെ സ്കൂളിൽ പോയി തിരികെയെത്തിയ ശേഷമാണു ബിസിനസിന്റെ കാര്യങ്ങൾ നോക്കുന്നത്. ഇടപാടു സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാമെന്നതു ഗുണമായി’’– അൻഫാൽ പറയുന്നു.
ഇപ്പോൾ ലക്ഷങ്ങളാണ് അൻഫാലിന്റെ മാസവരുമാനം. മാതാവ് ഷെറീന നൗഷാദ്, സഹോദരങ്ങളായ മുഹമ്മദ് ഹുസൈൻ നൗഷാദ്, അറഫാ നൗഷാദ് എന്നിവരും അൻഫാലിനു പിന്തുണയുമായുണ്ട്. കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് അൻഫാൽ.