ADVERTISEMENT

പത്തിരുപതു കൊല്ലം മുൻപാണ്. കാസർകോട് കാറടുക്ക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിക്കു മുന്നിൽ കൗതുകത്തോടെ അവിടത്തെയൊരു വിദ്യാർഥിനി ഇരുന്നിരുന്നു. ഇപ്പോൾ അതേ സ്കൂൾ വീണ്ടുമൊരു ജില്ലാ കലോത്സവത്തിനു വേദിയാകുമ്പോൾ ആ വിദ്യാർഥിനിയുമുണ്ട്, അവിടത്തെയൊരു അധ്യാപികയായി. ഒന്നു മുതൽ പത്തുവരെ പഠിച്ച സ്കൂളിൽത്തന്നെ ഹൈസ്കൂൾ ഗണിതാധ്യാപികയായി ഇക്കഴിഞ്ഞ നവംബർ 21ന് ജോലിക്കു കയറിയ ആ ‘വിദ്യാർഥിനി’യുടെ സ്വപ്നസാഫല്യത്തിന് എച്ച്എസ്ടി പരീക്ഷയിലെ രണ്ടാം റാങ്കിന്റെ തിളക്കം കൂടെയുണ്ടായിരുന്നു. എൽജിഎസ്, എച്ച്എസ്എസ്ടി, യുപിഎസ്ടി റാങ്ക് ലിസ്റ്റുകളിലും ഇടംനേ ടിയാണു കാടകം സ്വദേശി കെ.സൗമ്യയുടെ വിജയപാഠം. 

അച്ഛന്റെ സ്വപ്നം 
രണ്ടു കുഞ്ഞനിയത്തിമാരുടെയും ഒരു അനിയന്റെയും മൂത്ത ചേച്ചി എന്ന നിലയിൽ കുട്ടിക്കാലംതൊട്ടേ വലിയ ഉത്തരവാദിത്വബോധത്തോടെയാണ് സൗമ്യ വളർന്നത്. ഏഴാംക്ലാസിൽ പഠനം അവസാനിപ്പിച്ച് പിന്നീട് ലോറി ഡ്രൈവറായ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളെ നാലുപേരെയും നന്നായി പഠിപ്പിക്കണമെന്നത്. നന്നായി പഠിച്ചാൽ മാത്രം മതി, ജോലി പിന്നാലെ വന്നുകൊള്ളും എന്നതായിരുന്നു അച്ഛൻ എപ്പോഴും പറയാറുള്ള തെന്നു സൗമ്യ ഓർമിക്കുന്നു. എസ്എസ്‌എൽസി മുതൽ എല്ലാ പരീക്ഷകളിലും ഒന്നാംക്ലാസ് വിജയം നേടി, ഗണിത ത്തിൽ 91 % മാർക്കോടെ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടും സൗമ്യ പഠനം അവസാനിപ്പിച്ചില്ല. തലശ്ശേരി ബ്രണ്ണൻ കോളജ് ഓഫ് എജ്യുക്കേഷനിൽനിന്ന് ബിഎഡും കണ്ണൂർ യൂണിവേഴ്സിറ്റി സെന്ററിൽ നിന്ന് എംഎഡും പാസായ ശേഷമാണ് സർക്കാർ ജോലിക്കുവേണ്ടിയുള്ള കാര്യമായ തയാറെടുപ്പ് ആരംഭിച്ചത്.

കടപ്പാട് ഗ്രാമത്തോട് 
തന്റെ സർക്കാർ ജോലിയിൽ നിർണായക പങ്ക് കാടകം ഗ്രാമത്തിനാണെന്നാണ് സൗമ്യ പറയുന്നു. നഗരപരിഷ്കാരങ്ങ ളൊന്നും അധികമെത്താത്ത ഈ ഗ്രാമത്തിൽ പിഎസ്‌സി പരീക്ഷ പാസായ ഓരോരുത്തരും മറ്റ് ഉദ്യോഗാർഥികളുടെ പരിശീലകരാണ്. സർക്കാർജോലി കിട്ടിയ ഓരോരുത്തരും പകൽനേരത്തെ ജോലിത്തിരക്കുകൾ കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ വായനശാലയിലെത്തും. പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി അവർ ക്ലാസുകളെടുക്കും. രാത്രിവൈകിവരെ നീളുന്ന ആ സായാഹ്നക്ലാസുകൾക്കാണ് സൗമ്യ തന്റെ രണ്ടാംറാങ്ക് സമർപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽനിന്നു പഠിച്ചു സർക്കാർസർവീസിലെത്തിയ ഒരുകൂട്ടംപേർ ക്ലാസെടുക്കുമ്പോൾ വലിയ ആവേശത്തോടെയാണ് സൗമ്യയും കൂട്ടുകാരും അതു കേട്ടിരുന്നത്. അവരിലൊരാളായി മാറണം; കാടകംഗ്രാമത്തിലെ അടുത്ത തലമുറയ്ക്കു മാതൃകയാകണം എന്ന മോഹമുദിച്ചതും ആ ക്ലാസുകളിൽ നിന്നാണ്. 

‘‘പരീക്ഷയിലെ നൂറു മാർക്കിൽ 70 മാർക്ക് നേടാൻ എന്നെ സഹായിച്ചത് ഗ്രാമത്തിലെ വായനശാലയും ഓൺലൈൻ ക്ലാസുകളുമാണ്. പക്ഷേ, കറന്റ് അഫയേഴ്സ്, പൊതുവിജ്ഞാനം, ടീച്ചിങ് സൈക്കോളജി വിഷയങ്ങളിൽനിന്നുള്ള 30 മാർക്കിനു ഞാൻ തൊഴിൽവീഥിയോടാണു കടപ്പെട്ടിരിക്കുന്നത്. നോട്ടുകൾ തയാറാക്കി പഠിക്കുന്ന രീതി ഏറെ ഉപകാരപ്രദമായി. തൊഴിൽവീഥി ഒരു പാഠപുസ്തകംപോലെ കൃത്യമായി പിന്തുടർന്നത് പിഎസ്‌സി പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ സഹായമായി’’.

ഒറ്റയ്ക്കും കൂട്ടായും പഠനം 
കോളജിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെത്തന്നെ നാട്ടിലെ ഇഎംഎസ് വായനശാലയിൽ സായാഹ്ന പിഎസ്‌സി പരിശീലനം ആരംഭിച്ചിരുന്നു സൗമ്യ. എൽജിഎസ് സപ്ലി ലിസ്റ്റിൽ കയറിപ്പറ്റിയതോടെ ആഞ്ഞുപഠിച്ചാൽ സർക്കാർജോലി നേടിയെടുക്കാം എന്ന ആത്മവി ശ്വാസമായി. കോവിഡ്കാലത്ത് വായനാശാലയിലെ പരിശീലനം മുടങ്ങിയപ്പോൾ കൊല്ലത്തെ ഗോപാൽജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈൻ പിഎസ്‌സി കോച്ചിങ്ങിനു ചേർന്നു. രാത്രി രണ്ടു വരെ പഠനം നീണ്ടു. കൂട്ടുകാരികളുടെ വീട്ടിൽപോയിരുന്നുള്ള കംബൈൻഡ് സ്റ്റഡിയും മറ്റു നേരങ്ങളിൽ സെൽഫ് സ്റ്റഡിയുമൊക്കെയായി സ്വയം മത്സരിച്ചു പഠിച്ചു.

ആ വീറും വാശിയും വെറുതെയായില്ല; വായനശാലയിൽ സായാഹ്ന ക്ലാസിൽ വന്നിരുന്ന പല കൂട്ടുകാർക്കും ഇപ്പോൾ സർക്കാർ ജോലിയായി. അവരൊക്കെ മറ്റു ചെറുപ്പക്കാർ ക്കു വൈകുന്നേരങ്ങളിൽ ക്ലാസെടുക്കുന്ന തിരക്കിലാണ്. സ്വന്തം മാതൃവിദ്യാലയത്തിൽതന്നെ അധ്യാപികയാകാൻ കഴിഞ്ഞതു തന്നെയാണ് സൗമ്യയുടെ ഇപ്പോഴത്തെ സന്തോഷം. ഭർത്താവ് രാജേഷും കുടുംബവും നൽകിയ നിർലോഭ പിന്തുണയും തന്റെ വിജയത്തിനു പിന്നിലുണ്ടെന്നു ചേർത്തു പറയുന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സൗമ്യ. സൗമ്യയുടെ പ്രചോദനം സ്വന്തം വീട്ടിലും വിജയങ്ങളുടെ തിരികൊളുത്തിയിട്ടുണ്ട്. അനിയത്തിമാരിൽ ഒരാൾ സർക്കാർ സ്കൂളിൽ ഒഎ ആയി ജോലിക്കുകയറിക്കഴിഞ്ഞു. മറ്റൊരു അനിയനും അനിയത്തിയും ചേച്ചിയുടെ വഴിയേ പിഎസ്‌സി പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

Content Summary:

From Student to Teacher: The Inspiring Journey of Soumya in Kasargod's Karadka School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com