പൊരുതി നേടിയ ബിരുദങ്ങൾ, ഗോത്രഭാഷയുടെ പൊരുൾ തേടി ലിജിഷയുടെ പ്രയാണം തുടങ്ങിയിട്ട് ഏഴുവർഷം
Mail This Article
കോട്ടയ്ക്കൽ ∙ കേരളത്തിലെ പ്രാചീന ഗോത്രഭാഷയായ ചോലനായ്ക്ക ഭാഷയിൽ ഏഴു വർഷത്തോളമായി ഗവേഷണം നടത്തുകയാണ് ഡോ. എ.ടി.ലിജിഷ. ഗോത്രഭാഷയെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തിയുള്ള സംസ്ഥാനത്തെ ആദ്യ പഠനം. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പിഎച്ച്ഡി പൂർത്തിയാക്കിയശേഷം കേരള സർവകലാശാലയിൽ 2 വർഷത്തെ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ഗവേഷണം തുടരുകയാണ് ഈ മുപ്പത്തിരണ്ടുകാരി.
പൊരുതി നേടിയ ബിരുദങ്ങൾ
മഞ്ചേരി കാവനൂർ കോട്ടക്കുന്നുമ്മൽ ഏകാംബരൻ - ലീല ദമ്പതികളുടെ മൂത്തമകളാണ് ലിജിഷ. താഴെ 4 സഹോദരിമാർ. തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയും ഏറെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. മഞ്ചേരി എൻഎസ്എസ് കോളജിൽനിന്നു സുവോളജിയിൽ ബിരുദം നേടിയ ലിജിഷയ്ക്ക് എംഎസ്‌സിക്കു പ്രവേശനം ലഭിച്ചത് പന്തളം എൻഎസ്എസ് കോളജിലാണ്. എന്നാൽ, അവിടെ പോയി പഠിക്കാൻ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. തുടർന്നാണ് മലയാള സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ പിജിക്കു പ്രവേശനം ലഭിക്കുന്നത്. അതേ വിഷയത്തിൽ അവിടെ നിന്നുതന്നെ പിഎച്ച്ഡിയും നേടി. മഞ്ചേരി എൻഎസ്എസ് കോളജിലെ വകുപ്പ് തലവനായിരുന്ന ഡോ. ബാലകൃഷ്ണൻ പേരോത്തിന്റെ നിർദേശങ്ങൾ പരിസ്ഥിതിയെ ഭാഷയുമായി കൂട്ടിയിണക്കാൻ ഏറെ സഹായകമായി. രാജ്യത്തെ അറിയപ്പെടുന്ന ആന്ത്രപ്പോളജിസ്റ്റും ബയോലിംഗ്വിസ്റ്റുമായ ഡോ. എം.ശ്രീനാഥനായിരുന്നു പിഎച്ച്ഡി ഗൈഡ്.
നിലമ്പൂർ വനമേഖലയിലൂടെ
4 വർഷത്തെ പിഎച്ച്ഡി കാലയളവിൽ നിലമ്പൂർ വനമേഖലയിൽ ആയിരുന്നു ലിജിഷയുടെ ഏറിയ ജീവിതവും. കരുളായി, വഴിക്കടവ് കാടുകളിലെ ചോലനായ്ക്ക ഊരുകൾ സന്ദർശിച്ച് ഗോത്രഭാഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. ഈ ഭാഷ സംസാരിക്കുന്ന ഗോത്രസമൂഹം പൂർണ പിന്തുണയേകി. 2020ൽ ഡോക്ടറേറ്റ് ലഭിച്ചു. തുടർപഠനം എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്നത്. കേരള സർവകലാശാലയിൽ ഡോ. എൽ.ഡാർവിന്റെ മാർഗനിർദേശത്തിൽ ഗവേഷണം തുടർന്നുവരുന്നു.
മികച്ച സംഘാടക, എഴുത്തുകാരി
ഗവേഷണത്തിനൊപ്പം സംഘടനാ പ്രവർത്തനത്തിനും സാഹിത്യ രചനയ്ക്കും സമയം കണ്ടെത്തുന്നുണ്ട് ലിജിഷ. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ലിജിഷ സർവകലാശാലാ വൈസ് ചെയർപഴ്സനും സിൻഡിക്കറ്റിൽ വിദ്യാർഥി പ്രതിനിധിയുമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകയുമാണ്. വാഴ്‌വാധാരം (2013), പാവാട (2019 ) എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മലയാള മനോരമ യുവ കഥാപുരസ്കാരം (2017) അടക്കം ഒട്ടേറെ അവാർഡുകൾ നേടി. ഭർത്താവ് എ.പ്രജീഷ് (തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്റർ)