പഠിച്ചത് ഇന്റീരിയർ ഡിസൈനിങ്, ഷൂ ലോൺഡ്രിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് കൃഷ്ണ
Mail This Article
കൃഷ്ണയെ ഇപ്പോൾ എല്ലാവരും വിളിക്കുന്നത് ‘ഹിദ’ എന്നാണ്. അവരോടു കൃഷ്ണ പറയും- ‘ഹിദ എന്റെ മകളാണ്’. ഹിദ എന്നാൽ അറബിക്കിൽ ‘ഷൂ’ എന്നർഥം. കരിയറിനും സ്റ്റാർട്ടപ്പിനും വേണ്ടി വേറിട്ട ആശയങ്ങൾ തേടിപ്പോകു ന്നവരുണ്ട്. കൃഷ്ണ അങ്ങനെ കണ്ടെത്തിയ ആശയമാണ് ‘ഷൂ ലോൺഡ്രി’. ഷൂ വൃത്തിയാക്കിക്കൊടുക്കുന്ന സ്ഥാപനം. അതിന് ‘ഹിദ ഷൂ ഷൈനി’ എന്നു പേരുമിട്ടു.
വേറിട്ടൊരു ആശയം
ആരും ചെരിപ്പിടാത്ത നാട്ടിൽ ജോലി കിട്ടിയ രണ്ടു ചെരിപ്പു കമ്പനി സെയിൽസ് എക്സിക്യൂട്ടീവുമാർ രണ്ടുതരത്തിൽ ചിന്തിച്ച കഥ കേട്ടിട്ടില്ലേ? ഇവിടെ ചെരിപ്പിനു മാർക്കറ്റില്ലെന്ന് ആദ്യത്തെയാൾ. അങ്ങനെയല്ല, എല്ലാവരെയും ചെരിപ്പു ധരിപ്പിച്ചാൽ എന്താകും വിൽപന എന്നു രണ്ടാമത്തെയാൾ. രണ്ടാമത്തെ ഗണത്തിൽപെട്ടയാളാണ് ഫോർട്ട് കൊച്ചി അമരാവതി സ്വദേശിനി കൃഷ്ണ (26). പഠിച്ചത് ഇന്റീരിയർ ഡിസൈനിങ് ആണെങ്കിലും തുടർന്നുള്ള ജോലിയിൽ വലിയ തൃപ്തി തോന്നിയിരുന്നില്ല. ശമ്പളവും കുറവ്.
സ്വന്തം ഷൂസ് വൃത്തിയാക്കാൻ കൊച്ചിയിൽ ഒരിടം തിരഞ്ഞിട്ടുകിട്ടാതിരുന്ന പഴയ ഓർമ അപ്പോൾ മനസ്സിൽ വന്നുമുട്ടി. ‘ഫൂട്‌വെയർ ലോൺഡ്രി’ എന്ന ആശയം ലോകത്തുതന്നെ ആദ്യമായി നടപ്പാക്കിയ ആൾ ഇന്ത്യക്കാരനാണ്; 2003ൽ മുംബൈയിലെ സന്ദീപ് ഗജകാസ്. കൃഷ്ണയ്ക്ക് ആദ്യം കടയൊന്നുമുണ്ടായിരുന്നില്ല. ക്ലീനിങ്ങും മറ്റും വീട്ടിൽ തന്നെ. സുഹൃത്തുക്കളുടെ സഹകരണത്തോടെ പലയിടങ്ങളിൽ കലക്‌ഷൻ പോയിന്റുകൾ. കണ്ടും കേട്ടുമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങിയതോടെ സംഗതി ക്ലിക്കായി. അങ്ങനെ സുഹൃത്ത് നൽകിയ 2 ലക്ഷം രൂപ മൂലധനത്തിൽ കഴിഞ്ഞവർഷം മേയിൽ കൊച്ചി പാടിവട്ടത്ത് കട തുറന്നു. ഇപ്പോൾ പ്രതിദിനം ശരാശരി 18 ഷൂസ് വൃത്തിയാക്കാനായി കിട്ടുന്നു.
വളരുന്ന വിപണി
250 രൂപ മുതലാണു നിരക്ക്. പണി കൂടുതലാണെങ്കിൽ നിരക്കു കൂടും. 3–4 ദിവസത്തിനകം മടക്കിക്കൊടുക്കും. ഷൂ വൃത്തിയാക്കുന്ന രീതിയൊക്കെ യുട്യൂബ് നോക്കിയും മറ്റും കൃഷ്ണ സ്വയം പഠിച്ചെടുത്തതാണ്. ഷൂ വൃത്തി യാക്കാനായി 4 തരം ലായനികൾ ഉപയോഗിക്കുന്നുണ്ട്. പലവട്ടം പരീക്ഷിച്ചു സ്വയം വികസിപ്പിച്ചതാണെല്ലാം.
ഇപ്പോൾ മാസം ശരാശരി ഒന്നര ലക്ഷം രൂപ വരുമാനം. 3 ജീവനക്കാരുണ്ട്. എല്ലാവരെയും പണി പഠിപ്പിച്ചതു കൃഷ്ണ തന്നെ. ഇപ്പോൾ ഷൂസ് മാത്രമല്ല, ബാഗുകൾ ഉൾപ്പെടെ വൃത്തിയാക്കിനൽകുന്നുണ്ട്. സിനിമാ താരങ്ങൾ വരെ ഷൂസ് വൃത്തിയാക്കാൻ ഏൽപിക്കുന്നു. സ്ഥാപനത്തിന്റെ ആദ്യ ഫ്രാഞ്ചൈസി കഴിഞ്ഞദിവസം ആലുവയിൽ തുടങ്ങി. ഷൂസിലെ ദുർഗന്ധം ഒഴിവാക്കാൻ ഷൂ ഓഡർ റിമൂവർ പായ്ക്ക് ഉൾപ്പെടെയുള്ള അനുബന്ധ ഉൽപന്നങ്ങളും വിപണിയിലിറക്കിയിട്ടുണ്ട്. ഒരു ആശയം കരിയറായും മെല്ലെ വ്യവസായമായും വളരുന്നതിങ്ങനെ.