3.43 കോടി രൂപയുടെ സ്കോളർഷിപ്പോടെ ആൻഡ്രിയ ഹാർവഡിലേക്ക്; ജീവിതം മാറ്റിമറിച്ച ഐഐടി
Mail This Article
സ്കൂൾ കാലത്ത്, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ സന്ദർശിച്ചപ്പോൾ മനസ്സിൽ കയറിക്കൂടിയ സ്വപ്നത്തിന്റെ ചിറകിലേറിയുള്ള ആൻഡ്രിയ എലിസബത്ത് ബിജുവിന്റെ യാത്ര എത്തിനിൽക്കുന്നത് യുഎസിലെ ഹാർവഡ് സർവകലാശാലയിൽ! ഐഐടി മദ്രാസിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിടെക്, എംടെക് ബിരുദം നേടിയ തൃശൂർ ആളൂർ സ്വദേശി ആൻഡ്രിയ ഹാർവഡിൽ പിഎച്ച്ഡിക്ക് അഡ്മിഷൻ നേടിയതു 4,10,000 ഡോളറിന്റെ (ഏകദേശം 3.43 കോടി രൂപ) സ്കോളർഷിപ്പോടെ. മെക്കാനിക്കൽ എൻജിനീയറിങ് ആൻഡ് മെറ്റീരിയൽ സയൻസിലാണു ഗവേഷണം. ക്യാംപസ് പ്ലേസ്മെന്റ് വഴി കിട്ടിയ ജോലി വേണ്ടെന്നുവച്ച ആൻഡ്രിയയ്ക്കു സ്റ്റാൻഫഡ്, ഇലിനോയ് സർവകലാശാലകളിലും അഡ്മിഷൻ ലഭിച്ചിരുന്നു.
പ്രവേശനം ഈ വഴി
അക്കാദമിക് പ്രൊഫൈലും ഗവേഷണമികവും മറ്റു പ്രോജക്ടുകളിലെ പങ്കാളിത്തവും സാങ്കേതിക മികവുമാണു പ്രധാനമായും സ്കോളർഷിപ്പിന്റെ മാനദണ്ഡം. യുഎസ് പഠനത്തിനുള്ള ജിആർഇയും (ഗ്രാജ്വേറ്റ് റെക്കോർഡ് എക്സാമിനേഷൻ), ഇംഗ്ലിഷ് യോഗ്യതാപരീക്ഷയായ ടോഫൽ ടെസ്റ്റ് എന്നിവ പാസാകണം. എന്തുകൊണ്ട് ഈ ഗവേഷണ മേഖല എന്നതു സർവകലാശാലയെ ബോധ്യപ്പെടുത്താൻ കഴിയണം. അധ്യാപകരുടെ ശുപാർശയ്ക്കു വലിയ മൂല്യമുണ്ട്. പ്രൊപ്പൽഷൻ ഫീൽഡിലെ തെർമോ-അക്വൗസ്റ്റിക് ഇൻസ്റ്റബിലിറ്റി ആയിരുന്നു പഠനകാലത്തെ പ്രോജക്ട്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ഇതും സഹായിച്ചു.
മാറ്റിമറിച്ച ഐഐടി
10–ാം ക്ലാസ് വരെ ഗൾഫിൽ ആയിരുന്നു പഠനം. ബിടെക്കിന് ഓപ്ഷൻ മാറ്റാൻ അവസരം ഉണ്ടായിരുന്നെങ്കിലും എയ്റോസ്പേസിൽ ഉറച്ചുനിന്നു. ഐഐടിയിലെ പോസിറ്റീവ് പഠനാന്തരീക്ഷം വലിയ പ്രേരണയായി. ഏതു ഫീൽഡിലും എന്തും പരീക്ഷിക്കാനുള്ള ചെയ്യാനുള്ള അവസരം തുറന്നുകിട്ടിയെന്ന് ഐഐടി മദ്രാസിലെ ബെസ്റ്റ് ഗേൾ സ്റ്റുഡന്റ്സ് അവാർഡ് നേടിയിട്ടുള്ള ആൻഡ്രിയ പറയുന്നു. ഡിഗ്രി ആദ്യവർഷം തന്നെ ഗവേഷണ താൽപര്യം പറഞ്ഞപ്പോൾ ഐഐടിയിലെ പ്രഫ. ആർ.ഐ.സുജിത് എല്ലാ പിന്തുണയും നൽകി. പലതരം പരീക്ഷണങ്ങൾ രൂപകൽപന ചെയ്യാനും നേതൃത്വം നൽകാനും കഴിഞ്ഞു. അമേരിക്കയിൽനിന്നു വിക്ഷേപിച്ച റോക്കറ്റിന്റെ പേലോഡ് ഡിസൈൻ ചെയ്ത പത്തംഗ സംഘത്തെ നയിച്ചു. ഇലക്ട്രോണിക് ബ്രെയ്‌ലി ഡിവൈസ് ഡിസൈൻ ചെയ്യാൻ സാധിച്ചു. ഗവേഷണം പൂർത്തിയാക്കി നാട്ടിലെത്തി ഐഐടിയിൽത്തന്നെ പഠിപ്പിക്കണമെന്നതാണ് ആഗ്രഹമെന്ന് വാഴപ്പിള്ളി ബിജു – ബെറ്റി ദമ്പതികളുടെ മകളായ ആൻഡ്രിയ പറയുന്നു.