ഓറഞ്ചും നാരങ്ങയും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സൂപ്പർ: പഠനവുമായി ഗവേഷകർ
Mail This Article
കൊച്ചി ∙ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗങ്ങളിൽ അടങ്ങിയ നരിഞ്ചൻ, നരിഞ്ചെനിൻ എന്നീ രാസപദാർഥങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നു ഗവേഷണ ഫലം. ഈ പദാർഥങ്ങൾ കോവിഡ് രോഗികളുടെ ഭക്ഷണക്രമത്തിൽ സപ്ലിമെന്റായി ഉൾപ്പെടുത്തിയാൽ പ്രയോജനകരമാണെന്നും ഗവേഷകർ പറയുന്നു.
എസ്എച്ച് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ അസി. പ്രഫസർ ഡോ. ടി.ജി. എബിയുടെ നേതൃത്വത്തിൽ ഹാർട്ടിയൻ സെന്റർ ഫോർ മോളിക്യുലാർ മോഡലിങ്ങിൽ ഡോ. ജിബിൻ കെ. വർഗീസ് നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ഈ ഗവേഷണത്തിന് ജിബിന് എംജി സർവകലാശാലയിൽ നിന്നു പിഎച്ച്ഡി ലഭിച്ചു.
കോവിഡ് സംബന്ധമായ ഗവേഷണത്തിനു കേരളത്തിലെ സർവകലാശാലയിൽ നിന്നുള്ള ആദ്യത്തെ പിഎച്ച്ഡിയാണ് ഇതെന്നു ഗവേഷകർ പറഞ്ഞു. കൊറോണ വൈറസിന്റെ പ്രധാന പ്രോട്ടീന്റെ പ്രവർത്തനത്തെ തടസ്സപ്പെടു ത്തുകയാണ് ഈ രാസപദാർഥങ്ങൾ ചെയ്യുന്നത്. വൈറസിനെതിരെയുള്ള മരുന്നു നിർമാണത്തിലുൾപ്പെടെ ഇതു ഘടകമായി ഉപയോഗിക്കാനാകും. ഈ ഗവേഷണ ഫലങ്ങൾ നേരത്തേ തന്നെ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
കംപ്യൂട്ടർ സഹായത്തോടെയുള്ള മരുന്നു രൂപകൽപനയിൽ ഗവേഷണം നടത്തുന്ന ഗവേഷകർ കാൻസർ, അൽസ്ഹൈമേഴ്സ്, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കുള്ള മരുന്നു ഗവേഷണവും നടത്തുന്നുണ്ട്. അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ കെമിസ്ട്രി വിഭാഗം മേധാവിയും തേവര എസ്എച്ച് കോളജിലെ റിസർച് ഗൈഡുമായ ഡോ.കെ.എസ്. സിന്ധുവും ഗവേഷണത്തിൽ പങ്കാളിയായി.