ADVERTISEMENT

നഗരം മുഴുവൻ ചുറ്റിക്കറങ്ങി ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട കാര്യം അയാളറിഞ്ഞത്. ഉടനെ റിസപ്ഷനിൽ അറിയിച്ചു. അവർ ടാക്സി ഡ്രൈവറുടെ നമ്പറിൽ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ഓഫായി. തന്റെ പാസ്പോർട്ടും പണവുമെല്ലാം നഷ്ടപ്പെട്ടെന്ന് അയാളുറപ്പിച്ചു.

പിറ്റേന്നു പൊലീസിൽ പരാതി നൽകാൻ ഇറങ്ങിയപ്പോൾ റിസപ്ഷനിൽ ടാക്സി ഡ്രൈവർ നിൽക്കുന്നു. ഇതു താങ്കളുടെ പഴ്സ് അല്ലേ, ഞാനിന്നലെ ഭാര്യയുമായി ആശുപത്രിയിൽ പോയതായിരുന്നു. അതിനിടയിൽ ഫോൺ ഓഫായി. സന്തോഷത്തോടെ പഴ്സ് വാങ്ങിയ അയാൾ നന്ദിസൂചകമായി ആയിരം രൂപ നൽകി. അതു നിരസിച്ചുകൊണ്ട് അയാൾ പറഞ്ഞു: പഴ്സ് തിരിച്ചുതന്നത് ഈ പണം കിട്ടാൻ വേണ്ടിയല്ല, അതു താങ്കളുടേതായതുകൊണ്ടാണ്.

എല്ലാമുണ്ടായിട്ടും ഒന്നും നൽകാൻ കഴിയാത്തവരുടെയിടയിൽ ഒന്നുമില്ലാതിരുന്നിട്ടും എല്ലാം നൽകാൻ കഴിയുന്ന ചിലരുണ്ട്. അവരാണ് മനുഷ്യരിലുള്ള പ്രതീക്ഷ നിലനിർത്തുന്നത്. എല്ലാം വാരിക്കൂട്ടിയും ഒന്നും നഷ്ടപ്പെടാതെയും ജീവിക്കാൻ തീവ്രയത്നം നടത്തുന്നവരുടെയിടയിൽ പ്രതിഫലങ്ങളും സമ്മാനങ്ങളും പോലും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്നവർ ഒരടയാളമാണ്. നന്മ പൂർണമായും അവസാനിച്ചിട്ടില്ല എന്നതിന്റെ അടയാളം; ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യാൻ പറ്റുന്ന ആളുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നതിന്റെ അടയാളം. 

ഈ അടയാളങ്ങൾ മറ്റുള്ളവരിൽ വരുത്തുന്ന ചില സ്വഭാവ വ്യതിയാനങ്ങളുണ്ട്, പ്രത്യേകിച്ച് തികച്ചും അപ്രതീക്ഷിതമായാണ് അതു സംഭവിച്ചതെങ്കിൽ. താൻ അതുവരെ പിന്തുടർന്നിരുന്ന ‘ആരും ശരിയല്ല’ എന്ന ധാരണ തിരുത്തപ്പെടും. ഒരപരിചിതൻ ഒരാവശ്യവുമില്ലാതിരുന്നിട്ടും തന്നെ സഹായിച്ചതിന്റെ കടപ്പാട് സുകൃതങ്ങളുടെ വിത്തുകൾ അയാളുടെ ഹൃദയത്തിലും മുളപ്പിക്കും. അവ വളർന്ന് ആർക്കെങ്കിലുമൊക്കെ തണലാകും. തെറ്റിൽ നിന്നുമുള്ള സുഖാനുഭവങ്ങളെ ഒഴിവാക്കാനാകാത്തതുകൊണ്ടാണ് പലരും തെറ്റിൽനിന്നും പിന്മാറാത്തത്. ശരിയിൽ നിന്നുമുള്ള അസുഖാനുഭവങ്ങളെ ഭയന്നാണ് പലരും ശരിയിൽനിന്നു പിന്തിരിയുന്നത്. മറ്റാരുമറിയുന്നില്ലെങ്കിൽ പിന്നെന്തു പ്രശ്നം എന്ന ചിന്തയും അതുകൊണ്ടാണ്.

Content Summary : How a Simple Gesture Can Restore Faith in Others

Content Summary:

How a Simple Gesture Can Restore Faith in Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com