പൂജയെടുത്തു കഴിഞ്ഞാൽ ആദ്യം വായിക്കുന്നത് നോവൽ: അഭിലാഷ് പിള്ള
Mail This Article
മാളികപ്പുറം എന്ന സിനിമയിലൂടെ തിരക്കുള്ള തിരക്കഥാകൃത്തായി മാറിയ അഭിലാഷ് പിള്ള നവരാത്രി അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവര്‍ എന്നീ ചിത്രങ്ങൾക്കും അഭിലാഷ് തിരക്കഥ ഒരുക്കിയിട്ടുണ്ട്.
പുസ്തകം പൂജ വയ്ക്കുമ്പോൾ എല്ലാ കുഞ്ഞുങ്ങൾക്കും ഉള്ള രസകരമായ അനുഭവം, പഠിക്കണ്ട, ഗൃഹപാഠം ചെയ്യണ്ട, പഠിക്കാൻ ആരും നിർബന്ധിക്കില്ല എന്നതാണ്. പക്ഷേ ആരെങ്കിലും നിർബന്ധിച്ച് ‘പഠിക്ക്, പഠിക്ക്’ എന്നു പറയാത്ത സമയത്താണ് നമുക്കു ചിലപ്പോൾ അതു വേണമെന്നു തോന്നുന്നത്. എനിക്ക് പുസ്തകം പൂജ വച്ച ശേഷമുള്ള ഏറ്റവും വലിയ പ്രശ്നം ആ സമയത്താണ് പഠിക്കാൻ തോന്നുന്നത് എന്നതാണ്. പൂജ വച്ച ശേഷം ആ സമയത്ത് ഒന്നും വായിക്കാനാവില്ല, എന്നാൽ വായിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം ആ സമയത്താകും. പിന്നെ പൂജ എടുക്കുന്ന സമയത്ത് വായിക്കാനായി കൊതിയാണ്.
ഞാൻ പുസ്തകം പൂജ വയ്ക്കുമ്പോൾ ഏതെങ്കിലും ഒരു നോവൽ കൂടി പുസ്തകത്തിനൊപ്പം വയ്ക്കും. എന്നിട്ടു പൂജ എടുത്തു കഴിയുമ്പോൾ ആ നോവലാണ് ആദ്യം വായിക്കുക. എട്ടാം ക്ലാസ്, ഒൻപതാം ക്ലാസ് മുതലേയുള്ള ശീലമാണ് അത്. അക്ഷരങ്ങളുടെ തുടക്കമാണ് പൂജ വയ്പ്. ഒരു എഴുത്തുകാരനായി ഞാൻ മാറിയ വഴിയും അതു തന്നെയാണെന്നാണ് എന്റെ വിശ്വാസം. വർഷത്തിൽ മൂന്നു ദിവസം എല്ലാം പൂജ വയ്ക്കുന്നു, അക്ഷരങ്ങളെ ആരാധിക്കുന്നു, അതിനു ശേഷം ആദ്യം മുതൽ എല്ലാം തുടങ്ങുന്നു. ഒരു പുതുക്കപ്പെടൽ അവിടെയുണ്ട്. സിനിമയിൽ ആയതിനു ശേഷം ഇപ്പോൾ പൂജ വയ്ക്കുന്നത് തിരക്കഥയാണ്. പൂജ വച്ച് എടുക്കുന്ന ദിവസം അത് നിർത്തിയ അതേ ഇടത്തുനിന്നു വീണ്ടും എഴുതി തുടങ്ങുമ്പോൾ ഒരു ഊർജം ലഭിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അങ്ങനെയാണ് ചെയ്യുക പതിവ്.
ഇനിയും ഒരുപാട് തിരക്കഥകൾ എഴുതാൻ ഓരോ ദിവസവും ഞാൻ പ്രാർഥിക്കുകയാണ്. നവരാത്രി ഒൻപതു ദിവസവും ക്ഷേത്രത്തിൽ പോവാറുണ്ട്. ഈ വർഷവും ആ യാത്ര നടക്കുന്നുണ്ട്. പണ്ടൊക്കെ അമ്പലത്തിൽ എഴുത്തിനിരുത്തുന്ന പരിപാടികൾക്ക് പങ്കെടുക്കാൻ വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ രണ്ടു വർഷമായി ഒരുപാടു കുട്ടികളുടെ കൈ പിടിച്ച് ആദ്യാക്ഷരം കുറിപ്പിക്കാനുള്ള ഭാഗ്യം കിട്ടി. ഈ വർഷവും കുഞ്ഞുങ്ങളുടെ കൈ പിടിച്ച് ആദ്യാക്ഷരം കുറിക്കാനായി ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുകയാണ്.