മറ്റുള്ളവർക്കു വേണ്ടി സമയം ചിലവഴിക്കാൻ മടിയുണ്ടോ?; നഷ്ടപ്പെടുത്തുന്നത് കുഞ്ഞു സന്തോഷങ്ങളെയാകാം
Mail This Article
വയോധികനായ അച്ഛന്റെകൂടെ മകനും ബാങ്കിലെത്തി. പക്ഷേ, അവൻ കാറിൽ ഇരുന്നതേയുള്ളൂ. കുറെ സമയമായിട്ടും അച്ഛനെ കാണാത്തതുകൊണ്ട് അവൻ ബാങ്കിനുള്ളിൽ കയറി. അദ്ദേഹം അപ്പോഴും ക്യൂവിലാണ്. ആരോടൊക്കെയോ സംസാരിക്കുന്നുമുണ്ട്. മകൻ അടുത്തെത്തി പറഞ്ഞു: നമുക്ക് ഓൺലൈൻ ബാങ്കിങ് നോക്കാം. അതാകുമ്പോൾ ഇങ്ങനെ നിൽക്കേണ്ട, സമയം കളയേണ്ട. അച്ഛൻ പറഞ്ഞു: ഞാൻ വീടിനു പുറത്തിറങ്ങുന്നത് ഈ ബാങ്കിൽ വരാൻ മാത്രമാണ്. അപ്പോഴാണ് ഞാൻ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്, നാടു കാണുന്നത്, അപരിചിതരോടു മിണ്ടുന്നത്. ഇതെല്ലാം ഓൺലൈനിൽ ലഭിക്കുമോ? മകൻ ഒന്നും മിണ്ടിയില്ല.
ഉൽപന്നങ്ങൾ മാത്രമല്ല, ഉപോൽപന്നങ്ങളും പ്രധാനമാണ്. നേരിട്ടു ലഭിക്കുന്ന ഫലങ്ങൾ മാത്രമാണു പ്രധാനമെങ്കിൽ കായ്കളവസാനിക്കുമ്പോൾ മരങ്ങൾ വെട്ടിക്കളയണം. തടിയോ തണലോ പരിഗണിക്കരുത്. ഒഴുക്കു നിലയ്ക്കുമ്പോൾ നദികൾ മണ്ണിട്ടു മൂടണം. ഉറവകളെ അവഗണിക്കണം. കൺമുന്നിൽ കാണുന്ന കാര്യങ്ങളിലൂടെ മാത്രം വിലയിരുത്തൽ നടത്തുന്നവർ അടയിരിക്കാനും വിരിയാനും ചിറകിനു ബലമാകാനുമെടുക്കുന്ന സമയത്തെ എങ്ങനെ അളന്നെടുക്കും? അനന്തവിഹായസ്സിൽ പറന്നുയരുന്ന കാഴ്ച ഒരുദിവസംകൊണ്ട് സംഭവിക്കുന്നതല്ല. നിശ്ശബ്ദമായി നടത്തിയ മുന്നൊരുക്കങ്ങളെയും കണക്കിലെടുക്കണം. ആത്യന്തികലക്ഷ്യം മാത്രം മുന്നിൽകണ്ട് ഓടാൻ ജീവിതം ഓട്ടമത്സരമല്ല. വഴിയോരക്കാഴ്ചകളും വിസ്മയങ്ങളും അനേകമുണ്ട്.
ഒറ്റപ്പെടാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. ഒരുമിച്ചാകാനാണ് പ്രയാസം. സ്വന്തം ചുവരുകൾക്കുള്ളിൽ തനിച്ചിരുന്ന് തന്റേതായ ലോകം സൃഷ്ടിക്കുന്നവർ പുറംലോകം ആസ്വദിക്കുന്നില്ല. കഴിക്കാനുള്ളതെല്ലാം മേശപ്പുറത്തും വിനോദത്തിനുള്ള തെല്ലാം വിരൽത്തുമ്പിലും ലഭിക്കുമെന്നുറപ്പാകുന്നതുകൊണ്ട് ജീവിച്ചിരിക്കാൻ കഴിയും, ജീവിതമാഘോഷിക്കാൻ കഴിയും. സ്ഥിരപരിചിതമായവയോടു മാത്രം ഇടപഴകി എത്രനാൾ ആസ്വാദ്യകരമായി ജീവിക്കും? ഒരിക്കൽ ജീവിതത്തിന്റെ ഭാഗമായിരുന്നവയെ പൂർണമായും മറന്നും മാറ്റിവച്ചും കഴിഞ്ഞാൽ ജീവിതത്തിന്റെ രസച്ചരടുകൾ മുഴുവൻ മുറിയില്ലേ?
എല്ലാവരുമുള്ളപ്പോൾ ആരുമില്ലാത്തതിന്റെ വേദന മനസ്സിലാകില്ല. ആൾക്കൂട്ടത്തിനിടയിൽ ജീവിക്കുന്നവർക്ക് അകത്തളങ്ങളിൽ തളയ്ക്കപ്പെട്ടവരുടെ അവസ്ഥ അറിയില്ല. ശരീരത്തിന്റെയും മനസ്സിന്റെയും നിസ്സഹായതയിൽ തളർന്നിരിക്കുന്നവർക്കു തിരിച്ചുവരവിനുള്ള ഫലപ്രദമായ മാർഗം ആൾത്തിരക്കും ആരവവുമാണ്. ചുറുചുറുക്കുള്ളവരുടെ എളുപ്പമാർഗങ്ങൾ അവരെ കൂടുതൽ ദുർബലരാക്കും.
ഒാഫിസ് ഗോസിപ്പിനെ കൂൾ ആയി നേരിടാൻ 4 വഴികൾ – വിഡിയോ