നഷ്ടങ്ങളെയോർത്ത് വിലപിച്ച് കാലം കഴിക്കുന്നവരോട്, ബഹുമാനിക്കാൻ പഠിക്കാം, മാറ്റം അനുഭവിച്ചറിയാം
Mail This Article
അയാളുടെ ഏകമകൾ മരിച്ചു. പിന്നീട് അയാൾ പുറത്തിറങ്ങാറില്ല. ആരോടും മിണ്ടാറുമില്ല. കരഞ്ഞുകൊണ്ട് വീടിനുള്ളിൽത്തന്നെ കഴിയും. സുഹൃത്തുക്കളുടെയെല്ലാം ശ്രമം വിഫലമായി. ഒരു ദിവസം അയാൾ സ്വപ്നം കണ്ടു. സ്വർഗത്തിൽ കുഞ്ഞുമാലാഖമാരുടെ പരേഡ് നടക്കുകയാണ്. എല്ലാവരുടെയും കയ്യിൽ കത്തിച്ച തിരികളുണ്ട്. ഒരാളുടെ കയ്യിലെ തിരിമാത്രം കത്തുന്നില്ല. അതു തന്റെ മകളാണെന്നു മനസ്സിലായി. പരേഡ് നയിക്കുന്നയാൾ അവളോടു ചോദിച്ചു: എന്താണ് നിന്റെ തിരിയിൽ മാത്രം വെളിച്ചം ഇല്ലാത്തത്? അവൾ പറഞ്ഞു: ഞാനിതു പലതവണ കത്തിച്ചതാണ്. പക്ഷേ, എന്റെ അച്ഛന്റെ കണ്ണീരുവീണ് ഇതെപ്പോഴും അണയും. അന്നുമുതൽ അയാളിൽ പെരുമാറ്റവ്യത്യാസം പ്രകടമായി.
നഷ്ടങ്ങളെക്കാൾ വലുതാണ് നഷ്ടങ്ങളോർത്തു നഷ്ടമാകുന്ന ജീവിതം. തന്റെ ജീവിതത്തിനുമേൽ സമ്പൂർണ നിയന്ത്രണമുള്ള ഒരാളുമില്ല. ആരുടെയും അനുവാദമില്ലാതെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിനിടയിൽ ചില കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നെന്നുമാത്രം. അവയിൽ ചിലത് ആഹ്ലാദകരവും ചിലതു നിരാശാജനകവുമാകും. ഒരു നഷ്ടവും ആരോടും അനുവാദം ചോദിച്ചിട്ടല്ല കടന്നുവരുന്നത്. അനുമതി ചോദിച്ചിരുന്നെങ്കിൽ കൈക്കൂലികൊടുത്തോ കാലുപിടിച്ചോ അവയെ നിഷേധിക്കുമായിരുന്നു.
പ്രതിരോധിക്കാനും പുനർനിർമിക്കാനുമാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള വിലാപമാണ് പിന്നീടുള്ള ദൂരക്കാഴ്ചകളെ മറയ്ക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന നഷ്ടങ്ങൾ ആകസ്മികമായുണ്ടാകുന്ന നേട്ടങ്ങളെക്കാൾ വലിയ പാഠം പകരും. പ്രതികരിക്കാൻ പോലുമാകാതെ മരവിച്ചുനിൽക്കുമ്പോഴാണ് നിസ്സഹായത എന്തെന്നു മനസ്സിലാകുന്നത്. ഇല്ലെങ്കിൽ സ്വന്തം ശ്വാസോച്ഛ്വാസത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ നിലനിൽപ് എന്നുപോലും തെറ്റിദ്ധരിക്കും. എന്നെന്നേക്കുമായുണ്ടാകുന്ന നഷ്ടങ്ങൾ ജീവിതത്തിന്റെ അസ്ഥിരത പഠിപ്പിക്കും.
ആയുസ്സ് അനന്തമാണെന്ന തെറ്റിദ്ധാരണയിലൂടെയാണ് എല്ലാം വെട്ടിപ്പിടിച്ച് സ്വന്തം മാളത്തിനുള്ളിലാക്കണമെന്ന ദുഷ്ചിന്ത ഉടലെടുക്കുന്നത്. നഷ്ടങ്ങൾ അവശേഷിപ്പിക്കുന്ന ശൂന്യതയാണ് ഒപ്പമുള്ളവയുടെ വില വ്യക്തമാക്കുന്നത്. എന്തെങ്കിലും കൈവിട്ടുപോകുമ്പോൾ അവശേഷിക്കുന്നവയോട് ആദരവും സ്നേഹവും വർധിക്കും. ഒന്നും നഷ്ടപ്പെടാത്ത ഒരാളെങ്കിലും ഉണ്ടാകുമോ? നഷ്ടങ്ങളെ ബഹുമാനിച്ചു തുടങ്ങിയാൽ പിന്നെ പെരുമാറ്റ വ്യത്യാസം സംഭവിക്കും. മിച്ചമുള്ളതിനു കൂടുതൽ കരുതൽ ലഭിക്കും. ചിലതു കാലത്തിന്റെ ദൈർഘ്യംകൊണ്ടുമാത്രം പരിഹരിക്കപ്പെടേണ്ടതാണ്. അതിനനുവദിക്കുക എന്നതാണ് പ്രധാനം.