മറ്റുള്ളവരേക്കാൾ സാമർഥ്യമുണ്ടെന്ന് അഹങ്കരിക്കാറുണ്ടോ?; സ്വയം അളക്കുന്നതിൽ തെറ്റുവന്നില്ലെന്ന് ഉറപ്പിക്കാം
Mail This Article
സൂപ്പർമാർക്കറ്റിൽനിന്നു തിരിച്ചിറങ്ങിയ പ്പോൾ ഒന്നാമൻ പറഞ്ഞു: ഞാൻ നല്ല മോഷ്ടാവാണ്. ആ കടയിൽനിന്നു ഞാൻ മൂന്നു ചോക്ലേറ്റ് മോഷ്ടിച്ചു. രണ്ടാമൻ പറഞ്ഞു: തന്നെക്കാൾ മിടുക്കൻ ഞാനാണ്. ഒരിക്കൽക്കൂടി കടയിൽ വരാമെങ്കിൽ ഞാൻ കാണിച്ചുതരാം. വീണ്ടും കടയിലെത്തിയപ്പോൾ ഒന്നാമൻ മാനേജരോടു പറഞ്ഞു: എനിക്കൊരു ചോക്ലേറ്റ് തന്നാൽ ഞാനൊരു മാജിക് കാണിക്കാം. കിട്ടിയ ചോക്ലേറ്റ് അയാൾ കഴിച്ചു. രണ്ടെണ്ണംകൂടി അയാൾ വാങ്ങി കഴിച്ചു. മാനേജർ ചോദിച്ചു: ഇതിലെന്താണ് മാജിക്. അയാൾ പറഞ്ഞു: ഞാൻ കഴിച്ച മൂന്നു ചോക്ലേറ്റുകളും എന്റെ ഈ സുഹൃത്തിന്റെ പോക്കറ്റിലുണ്ട്.
സമർഥനെന്നു സ്വയം സമർഥിക്കുന്നതിൽ തെറ്റില്ല. പക്ഷേ, സാമർഥ്യം ആപേക്ഷികമാണെന്ന തിരിച്ചറിവുണ്ടാകണം. മുറിമൂക്കുള്ളവൻ മൂക്കില്ലാ രാജ്യത്ത് രാജാവും മൂക്കുള്ള രാജ്യത്ത് അംഗപരിമിതനുമാണ്. സ്വയാവബോധമുണ്ടാ ക്കുകയും സ്വന്തം കഴിവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുക പക്വതയുടെ അടയാളമാണ്. സ്വയം അളക്കുന്നതിൽ തെറ്റുവന്നാൽ അതു രണ്ടു പാകപ്പിഴകളിലേക്കു നയിക്കും. ഒന്നുകിൽ അഹംബോധം, അല്ലെങ്കിൽ അപകർഷതാ ബോധം. താൻ എന്തൊക്കെയാണെന്നും എന്തൊക്കെയല്ലെന്നുമുള്ള അറിവാണ് ഒരാളുടെ സ്വയാവബോധം.
താനെന്താണ് എന്നു മാത്രമുള്ള അറിവാണ് അഹംബോധത്തിലേക്കു നയിക്കുന്നത്. തന്നെക്കാൾ താഴെയുള്ളവരുമായി താരതമ്യപ്പെടുത്തി അവർ സ്വയം മഹത്വപ്പെടുത്തും. താനെന്തൊക്കെയല്ല എന്ന അറിവാണ് അപകർഷതയിലേക്കു നയിക്കുന്നത്. തന്നെക്കാൾ മെച്ചപ്പെട്ടവരുമായി തുലനംചെയ്ത് അവർ സ്വയം ഇകഴ്ത്തും. നേട്ടങ്ങളുണ്ടാകുമ്പോഴും നഷ്ടങ്ങളുണ്ടാകുമ്പോഴും സ്വന്തം സാധ്യതകൾ കണ്ടെത്തി അതിനനുസരിച്ചു മാറാൻ തയാറാകുന്നവർ മാത്രമാണ് വളരുന്നത്. അഹംബോധമുള്ളവർക്ക് എല്ലാവരെയും പുച്ഛമാണ്, തങ്ങൾ മാത്രമാണു ശരി എന്ന മിഥ്യാധാരണ യിലായിരിക്കും അവർ. അപകർഷതയുള്ളവർക്ക് എല്ലാവരെയും ഭയമാണ്, തങ്ങളെക്കാൾ മികച്ചവരാണ് മറ്റെല്ലാവരും എന്ന തെറ്റിദ്ധാരണയിലാണവർ. ഓരോരുത്തരുടെ മികവ് ഓരോ മേഖലയിലാണ്. എല്ലായിടത്തും പ്രശോഭിക്കാനും മറഞ്ഞിരിക്കാനും ശ്രമിക്കുന്നത് സ്വന്തം വ്യക്തിത്വത്തോടുള്ള അവഹേളനമാണ്.