കരസേനയുടെ ചെലവിൽ ബിടെക്: പിന്നെ സൈന്യത്തിൽ ഒന്നാന്തരം ജോലിയും, ലക്ഷ്യമിടാം ടെസിന്
Mail This Article
എൻജിനീയറിങ് പഠനം സൈന്യത്തിന്റെ ചെലവിലാണെങ്കിലോ ? പഠനശേഷം സ്ഥിരം കമ്മിഷനായി സൈന്യത്തിൽ ജോലിയും. കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിന്റെ (ടെസ്) പ്രത്യേകത ഇതാണ്. യൂണിവേഴ്സിറ്റി എൻട്രി സ്കീം, ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് തുടങ്ങി മറ്റ് ടെക്നിക്കൽ എൻട്രികളേക്കാളും മികച്ച സ്കീമാണ് ഇത്. സൈന്യത്തിന്റെ മറ്റു സ്കീമുകളിൽ ബിരുദധാരികൾക്കാണ് അവസരം.
പ്ലസ്ടുവിനു ശേഷം സൈന്യത്തിൽ ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾ എൻഡിഎയോടൊപ്പം തന്നെ ടെസും പരിഗണിക്കുന്നു. എൻഡിഎയിൽ ബിഎസ്‌സി ബിരുദം ലഭിക്കുമ്പോൾ ടെസിൽ കുറച്ചുകൂടി പ്രഫഷനൽ സ്വഭാവമുള്ള ബിടെക് ബിരുദം ലഭിക്കുന്നുവെന്നതു പ്രധാന ആകർഷണീയതയാണ്. പരിശീലനകാലത്ത് മികച്ച സ്റ്റൈപൻഡ് ലഭിക്കും. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ഉൾപ്പെടെ നാലുവർഷം നീളുന്ന പരിശീലനം പൂർത്തിയായാൽ ലഫ്റ്റനന്റ് റാങ്കിൽ സേനയിൽ ചേരാം.തുടർന്ന് ക്യാപ്റ്റൻ, മേജർ, ലഫ്.കേണൽ, കേണൽ തുടങ്ങിയ റാങ്കുകളിലൂടെ നിശ്ചിതസമയങ്ങളിൽ സ്ഥാനക്കയറ്റം.
ഭാവിയിലെ യുദ്ധമുറകൾ സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ളതാണെന്നുള്ളതും ടെസിന്റെ പ്രസക്തി വർധിപ്പിക്കുന്ന ഘടകമാണ്. സാങ്കേതികജ്ഞാനമുള്ള വർക്കു ഭാവിയിൽ വലിയ പ്രസക്തി വന്നുചേരുമെന്നു വിദഗ്ധർ പറയുന്നു.
പുതിയകാലത്തു ടെക്നിക്കൽ വിഭാഗത്തെ ഒഴിവാക്കി സൈന്യങ്ങൾക്കു നിലനിൽപില്ല. സിഗ്നൽ എൻജിനീയർമാർ, കോംബാറ്റ് എൻജിനീയർമാർ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ എൻജിനീയർമാർ തുടങ്ങി പല തലങ്ങളിലാണ് ഇവരുടെ സേവനം. യൂണിറ്റുകളുടെ നീക്കം, സിഗ്നൽ സംവിധാനങ്ങളുടെ പ്രവർത്തനം, യുദ്ധോപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയവയെല്ലാം ഇവരുടെ ഉത്തരവാദിത്തമാണ്.
ടെസിന്റെ 51ാം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത വർഷം ജൂലൈയിലാണ് കോഴ്സ് തുടങ്ങുന്നത്. ഓൺലൈൻ അപേക്ഷ നവംബർ 12 വരെ നൽകാം. 90 ഒഴിവുകളാണുള്ളത് ഫിസിക്സ്, കെമിസ്‌ട്രി, മാത്‌സ് (പിസിഎം) സ്ട്രീമിൽ നിശ്ചിത മാർക്കോടെ പന്ത്രണ്ടാം ക്ലാസ് ജയിച്ചിരിക്കണം. ഈവർഷത്തെ ജെഇഇ മെയിൻസ് പരീക്ഷയിൽ പങ്കെടുത്തവരുമാകണം.
ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിൽ പങ്കെടുക്കാം. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഇന്റർവ്യൂവും, തുടർന്നുള്ള വൈദ്യപരിശോധനയും വിജയിച്ചാൽ പ്രവേശനം.