ADVERTISEMENT

സ്വപ്നം കണ്ട ബിരുദം, കുട്ടിക്കാലം മുതലേ ആഗ്രഹിച്ച അഗോള കമ്പനിയിലെ ജോലി, കൂടുതൽ ശാരീരിക ക്ഷമത, ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ലക്ഷ്യം എന്തായാലും പ്രചോദനം കൂടിയേ തീരൂ. എന്നാൽ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വെല്ലുവിളികൾ നേരിടേണ്ടിവരും. പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. സ്വപ്നം അകന്നുപോകുന്നതുപോലെ തോന്നാം. സ്വന്തം നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ തടസ്സം സൃഷ്ടിക്കാനുണ്ടാകും. ഇത്തരം സാഹചര്യങ്ങളിലാണ് പ്രചോദനം വേണ്ടത്. എന്നും ഒരേ മാനസികാ വസ്ഥയിൽ ലക്ഷ്യത്തിലേക്കു കുതിക്കാൻ ആർക്കും കഴിയില്ല. മനസ്സു തകർന്നാൽ ശരീരവും തളരും.  സ്വപ്നം നേടാനേ കഴിയില്ലെന്ന നിരാശ മനസ്സിനെ കീഴടക്കാം. ഇത്തരം സാഹചര്യങ്ങളിൽ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുന്ന 11 നിർദേശങ്ങൾ. മനസ്സിനു കരുത്തു പകരുകയും ലക്ഷ്യത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുമെന്നു വിദഗ്ധർ ഉറപ്പു പറയുന്നവ. 

1. ലക്ഷ്യം രേഖപ്പെടുത്തുക 

ആന്തരിക ഉത്തേജനം നേടാൻ സഹായിക്കുന്ന ബാഹ്യമായ ചില കാര്യങ്ങളുണ്ട്: കൃത്യമായ ലക്ഷ്യം രേഖപ്പെടുത്തുക. കലണ്ടറിൽ ഒരിക്കലും മായാത്ത അക്ഷരങ്ങളിൽ കുറിച്ചുവയ്ക്കുക. പരീക്ഷയ്ക്കു വേണ്ടി പഠിക്കുക, കോഴ്സ് വിജയകരമായി പൂർത്തിയാക്കുക എന്നിങ്ങനെ ലക്ഷ്യം പലതാകാം. എന്നാൽ, ഇത്ര മാസം അല്ലെങ്കിൽ വർഷം എന്ന കണക്കിൽ ലക്ഷ്യം കൃത്യമായി നിർവചിക്കുക. ലക്ഷ്യം രേഖപ്പെടുത്തുന്നതോടെ പ്രചോദനം നഷ്ടപ്പെടില്ലെന്നു മാത്രമല്ല പുരോഗതി വിലയിരുത്താനും അനായാസം കഴിയും. ഇനിയും എത്ര ദൂരം കൂടി മുന്നോട്ടു പോകാനുണ്ടെന്ന കൃത്യമായ ധാരണ ലഭിക്കാനും ഇതു സഹായിക്കും. ‌‌

2. ലക്ഷ്യത്തിലേക്കുള്ള യാത്ര ജീവിതത്തിന്റെ ഭാഗമാക്കുക

‌അധികമായി ചെയ്യേണ്ട ജോലിയായോ ബാധ്യതയായോ ലക്ഷ്യത്തെ കാണാതിരുന്നാൽ സ്വാഭാവികമായി മുന്നോട്ടുപോകാൻ കഴിയും. ദൈനം ദിന ജീവിതത്തിന്റെ തന്നെ ഭാഗമായി, സ്വഭാവ സവിശേഷതയായി അനായാസം മുന്നോട്ടു പോവുക. ഇങ്ങനെ ആയാൽ, പ്രചോദനം പോലും വേണ്ടിവരില്ല. ബ്രഷ് ചെയ്യുന്നതും കാപ്പി കുടിക്കുന്നതുമൊക്കെ ദിനചര്യയുടെ ഭാഗമാണ്. ഇന്നു രാവിലെ ഞാൻ കാപ്പി കുടിക്കുകയാണെങ്കിൽ ഒരു മണിക്കൂർ പഠിക്കും: ഇത്തരത്തിൽ കോഴ്സ് പാസാകാനുള്ള പരിശ്രമത്തെ ദിനചര്യയുടെ ഭാഗമാക്കാം. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ വർക് ഔട്ട് വസ്ത്രങ്ങൾ ധരിച്ചു തയാറാകും.  വ്യായാമം ചെയ്യാനുള്ള മടി ഇത്തരത്തിൽ ഒഴിവാക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ രണ്ടു മണിക്കൂർ പഠനം, ഒരു മണിക്കൂർ വ്യായാമം എന്നിവ പൂർത്തിയാക്കും എന്നല്ല ഉദ്ദേശിക്കുന്നത്. ഏതു കാര്യവും തുടങ്ങിവയ്ക്കുക എന്നതാണു പ്രധാനം. തുടങ്ങാനായിരിക്കും ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുക. തുടങ്ങാനായാൽ ബാക്കിയും പൂർത്തീകരിക്കാൻ കഴിയും. ചെറിയ കാര്യങ്ങളിലൂടെ ഒരു ദിവസം മുഴുവൻ നീളുന്ന പഠനത്തിലേക്കോ സ്റ്റാമിന വർധിപ്പിക്കാനുള്ള വ്യായാമത്തിലേക്കോ വേഗം എത്താവുന്നതേയുള്ളൂ. 

3. തടസ്സങ്ങളെ മുൻകൂട്ടി കാണുക 

എത്ര വലിയ ലക്ഷ്യവും ഏകാഗ്രതയോടെ നിശ്ചയിച്ച് മുന്നോട്ടുപോയാലും പലവിധി തടങ്ങൾ ഉണ്ടാകാം. ജീവിതത്തിലെ എല്ലാ ദിവസവും ഒരിക്കലും ഒരുപോലെയാകില്ല. ഒരുദിവസം ആറു മണിക്കൂർ പഠിക്കാൻ ലഭിച്ചേക്കാം. തൊട്ടടുത്ത ദിവസം കേവലം ഒരു മണിക്കൂറായിരിക്കും ലഭിക്കുക. കുറ്റപ്പെടുത്തുന്നതിലോ പരാതി പറയുന്നതിലോ അർഥമില്ല. ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യാനാഗ്രഹിക്കുന്ന വ്യക്തി വഴിയിൽ സംഭവിക്കാവുന്ന തടസ്സങ്ങളെ കൂടി മുൻകൂട്ടി കാണണം. മഴയിൽ പുറത്തിറങ്ങാൻ പോലും ആകാത്ത അവസ്ഥ, പരുക്ക്, അസുഖങ്ങൾ. ഓഫിസിൽ നിന്ന് സ്ഥിരം ഇറങ്ങുന്ന സമയത്ത് പുറത്തിറങ്ങാനാവാത്ത രീതിയിൽ ജോലി. ഓരോ ദിവസത്തെയും എല്ലാക്കാര്യങ്ങളും ആർക്കും പ്രവചിക്കാനാവില്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾക്കുവേണ്ടിയും മനസ്സൊരുക്കിയാൽ തടസ്സങ്ങളെ അതിജീവിച്ചും നഷ്ടപ്പെട്ട സമയത്തിനു പകരം അധിക സമയം കണ്ടെത്തിയുമൊക്കെ കുതിക്കാൻ കഴിയും. 

4. ചെറിയ ലക്ഷ്യങ്ങൾക്കു മനസ്സൊരുക്കുക 

ലോകത്തെ മാറ്റാനാഗ്രഹിക്കുകയാണെങ്കിൽ ആദ്യം കിടക്ക വിരികൾ അടുക്കിവയ്ക്കൂ എന്നു കേട്ടിട്ടില്ലേ. ഉറങ്ങിയെഴുന്നേറ്റയുടൻ കിടക്ക വൃത്തിയാക്കിവച്ചാൽ ആ ദിവസത്തെ വലിയൊരു കാര്യമാണ് പൂർത്തിയാക്കിയത് എന്നു തിരിച്ചറിയുക. ആ ദിവസം പിന്നീട് എപ്പോഴൊക്കെ കിടക്കയിലേക്കു നോക്കിയാലും അഭിമാനം തോന്നും. നിരാശയുടെ കണിക പോലും കാണില്ല. സ്വയം തയാറായ പ്രതീതി ഉണ്ടാകും. ചെറിയ ലക്ഷ്യങ്ങൾ നേടുന്നവർക്കേ വലിയ ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയൂ. വലിയ ലക്ഷ്യങ്ങളെ ചെറിയ ചെറിയ ഭാഗങ്ങളാക്കി വിഭജിക്കൂ. ഓരോന്നും ഒന്നൊന്നായി പിന്നിടാൻ കഴിയും. 

5. പുരോഗതി വിലയിരുത്തുക

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പുരോഗതിയുണ്ടെന്നു സ്വയം ബോധ്യപ്പെടുന്നതിനേക്കാൾ മികച്ച പ്രചോദനം വേറെയില്ല. കലണ്ടറിലെ ഓരോ ദിവസവും അന്നന്നു ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയായെന്നു മാർക്ക് ചെയ്യുന്നതിലും വലിയ സന്തോഷം ലഭിക്കാനില്ല. ഓൺലൈനായി പുരോഗതി വിലയിരുത്താവുന്ന ടൂൾകിറ്റുകൾ ലഭ്യമാണ്. ഡയറിയിൽ ഗ്രാഫ് വരച്ചും ഓരോ ദിവസത്തെയും നേട്ടവും കോട്ടവും രേഖപ്പെടുത്താവുന്നതാണ്. 

6. വിജയം ചെറുതായാലും വലുതായാലും ആഘോഷിക്കുക 

ജോലിക്കു പ്രതിഫലം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ചെറിയ ലക്ഷ്യങ്ങൾ വിജയം കണ്ടാൽ ഇടവേള എടുക്കാൻ മടിക്കേണ്ടതില്ല. 

∙പുറത്തേക്കു നടന്നിട്ടു വരാം. 

∙ഏറ്റവും പ്രിയപ്പെട്ട സ്നാക്സ് കഴിക്കാൻ നേരം കണ്ടെത്താം. 

∙ഇഷ്ടപ്പെട്ട പുസ്തകത്തിലെ ഒരു പേജ് വായിക്കാം

∙ധ്യാനിക്കാൻ ഏതാനും നിമിഷം കണ്ടെത്തുക

∙കേൾക്കാൻ കൊതിച്ച പോഡ്കാസ്റ്റിനു വേണ്ടി സമയം കണ്ടെത്തുക

∙ഒരു രാത്രി സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുക 

∙ഓൺലൈൻ ഗെയിം ഇഷ്ടപ്പെടുന്ന വ്യക്തിക്ക് അതിനു സമയം കണ്ടെത്താം. 

∙മ്യൂസിയമോ വിനോദസഞ്ചാര കേന്ദ്രമോ സന്ദർശിക്കാം. 

∙സുഹൃത്തിനെയോ വിദൂരത്തുള്ള അടുത്ത ബന്ധുവിനെയോ വിളിച്ച് സംസാരിക്കാം. 

7. ഒരു കൂട്ടത്തിലെ അംഗമാവുക 

ലക്ഷ്യം നേടാനുള്ള യാത്ര ഒറ്റയ്ക്കാണു പൂർത്തിയാക്കേണ്ടതെങ്കിലും ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് പ്രചോദനവും ഉത്തേജനവും നേടാൻ സഹായിക്കും. പഠിക്കുന്നത് ഒറ്റയ്ക്കാണെങ്കിലും ഒരു സ്റ്റഡി ഗ്രൂപ്പ് രൂപീകരിക്കുക. വർക് ഔട്ട് ചെയ്യാൻ ഒന്നിലധികം പേരെ കൂടെച്ചേർക്കുക. ലക്ഷ്യത്തെക്കുറിച്ച് ഏറ്റവുമടുത്ത ഒരാളോടു സംസാരിക്കുന്നതും ആ വ്യക്തിയുടെ ഉപദേശവും നിർദേശവും സ്വീകരിക്കുന്നതും നല്ല മാർഗങ്ങളാണ്. ലക്ഷ്യത്തിൽ നിന്നു മാറിപ്പോവുന്നു എന്നു തോന്നുന്ന ഘട്ടങ്ങളിൽ ഉപദേശകനായ വ്യക്തിയുടെ വാക്കുകൾക്ക് വലിയ വിലയുണ്ട്. 

8. നന്ദി പറയുന്നത് ശീലമാക്കുക

നന്ദി പറയുന്നതും കടപ്പാ‌ടുള്ളവരാകുന്നതും ജീവിതത്തിൽ വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കും. രാവിലെ ഉണർന്നെഴുന്നേറ്റ ശേഷം 5 മിനിറ്റെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തവരോട് മനസ്സിൽ കടപ്പാട് രേഖപ്പെടുത്താം. വ്യക്തിജീവിതത്തിലോ കരിയറിലോ വഴികാട്ടിയായ വ്യക്തിയു‌ണ്ടെങ്കിൽ ഒരു കത്ത് അല്ലെങ്കിൽ സന്ദേശം അയയ്ക്കാം. മറുപടി തീർച്ചയായും വലിയ ഉത്തജനമായിരിക്കും. 

9. മനസ്സിനെ ഉത്തേജിപ്പിക്കുക

സ്വസ്ഥതയും ശാന്തതയുമുള്ള മനസ്സ് നന്നായി ജോലി ചെയ്യാൻ സഹായിക്കും. പഠനമോ വ്യായാമമോ കോഴ്സ് അറ്റൻഡ് ചെയ്യുന്നതോ എന്തുമായിക്കോട്ടെ; നല്ല മൂഡിലാണെങ്കിൽ കുറഞ്ഞ സമയത്തിൽ മികച്ച ഫലപ്രാപ്തിയോടെ വിജയിക്കാൻ കഴിയും. എല്ലാവർക്കും എല്ലാ സമയവും ഒരേ മാനസികാവസ്ഥയിൽ പ്രവർത്തിക്കാനോ പഠിക്കാനോ ആവില്ല. മൂഡ് ഔട്ട് ആകുന്ന സാഹചര്യങ്ങളും അവസ്ഥകളും ജീവിതത്തിലുണ്ടാകാം. ഇത്തരം സമയങ്ങളിൽ പ്രത്യേകിച്ചെന്തെങ്കിലും ചെയ്ത് മൂഡ് ശരിയാക്കുകയാണ് വേണ്ടത്. 

∙കുറച്ചു സമയം പ്രകൃതിയുടെ ഭാഗമാവുക 

∙ നല്ല ചിത്രങ്ങളോ വിഡിയോയോ കാണുക 

∙ തമാശച്ചിത്രങ്ങൾ ആസ്വദിക്കുക 

∙ ചെറിയ വ്യായാമങ്ങൾക്കു സമയം കണ്ടെത്തുക 

10. സാഹചര്യത്തിൽ മാറ്റം വരുത്തുക

മുറിയിലെ ഇരിപ്പിടത്തിലോ കണ്ണുയർത്തിയാൽ കാണുന്ന കാഴ്ചകളിലോ മാറ്റം വരുത്തിയാൽപ്പോലും മൊത്തം മാനസികാവസ്ഥയിൽ ഗുണപരപരമായ മാറ്റമുണ്ടാക്കും. കംപ്യൂട്ടറിൽ ലക്ചർ വിഡിയോ കണ്ടാണു പഠിക്കുന്നെതെങ്കിൽ ഇടയ്ക്ക് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് പാർക്കിലോ നദീതീരത്തോ ഇരുന്നും പഠിക്കാം. 

11. എന്തുകൊണ്ടെന്നു മറക്കരുത് 

എന്തുകൊണ്ട് ലക്ഷ്യം തിരഞ്ഞെ‌‌ടുത്തെന്നും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഒരിക്കലും മറക്കാതിരിക്കുക. വിജയം എത്രമാത്രം മധുരിക്കുമെന്ന് ഇടയ്ക്കെങ്കിലും മനസ്സിൽ കാണുക. ആ നിമിഷത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന ചിന്തയിൽ സ്വയം പ്രചോദിപ്പിച്ച് ലക്ഷ്യത്തിലേക്ക് അടുക്കുക. 

Content Summary:

11 Expert-Backed Tips to Overcome Challenges and Achieve Your Goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com