അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ 2 കോടിയിലേറെ റജിസ്ട്രേഷൻ
Mail This Article
ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) 2 കോടിയിലേറെ വിദ്യാർഥികൾ റജിസ്റ്റർ ചെയ്തുവെന്നു യുജിസി. അതേസമയം ഇതൊരു നേട്ടമല്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ വിദ്യാർഥികളും ഇതിൽ ഭാഗമാകേണ്ടതുണ്ടെന്നും യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ പറഞ്ഞു. 4.1 കോടിയിലേറെ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളത്.
യുജിസിയുടെ നേതൃത്വത്തിൽ നടത്തിയ പശ്ചിമ മേഖലാ വൈസ് ചാൻസലർമാരുടെ സമ്മേളനത്തിലാണു യുജിസി ചെയർമാൻ നേട്ടങ്ങൾ വിശദീകരിച്ചത്. യുജിസിയുടെ വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പു ലക്ഷ്യമിട്ടു രാജ്യത്തെ സർവകലാശാലകളെ 5 മേഖലകളിലായി തിരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പശ്ചിമ മേഖലാ സമ്മേളനം നടന്നത്.
ബിരുദതലം മുതൽ ലഭിക്കുന്ന ക്രെഡിറ്റ് വിവരങ്ങൾ ലഭ്യമാക്കുന്നതാണ് എബിസി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവതരിപ്പിച്ച എൻട്രി, എക്സിറ്റ് സംവിധാനമുൾപ്പെടെ നടപ്പാക്കുന്നത് എബിസിയുടെ അടിസ്ഥാനത്തിലാണ്. സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർഥികളെയും ഇതിൽ ഭാഗമാക്കണമെന്നു ചെയർമാൻ നിർദേശം നൽകി.
രാജ്യത്തെ 200 സർവകലാശാലകളിൽ നാലു വർഷ ബിരുദ കോഴ്സും ഇതിനോടനുബന്ധിച്ചു സജീവ ഇന്റേൺഷിപ് പദ്ധതികളും ആരംഭിച്ചുവെന്നും ചെയർമാൻ പറഞ്ഞു.