ADVERTISEMENT

എംഎ ഇംഗ്ലിഷും ബിഎഡും കഴിഞ്ഞ് അൺ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരി ക്കെയാണ് എങ്ങനെയെ ങ്കിലും സർക്കാർ ജോലി നേടിയെടുക്കണമെന്ന വാശി ഹുസ്നയ്ക്കു തോന്നിയത്. ഒരു വർഷത്തെ ചിട്ടയായ പഠനത്തിലൂടെ നേടിയത് എൽഡിസി പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ അഭിമാനനേട്ടങ്ങൾ. ഓഡിറ്റ് വകുപ്പിൽ മലപ്പുറം ജില്ലാ ഓഡിറ്റ് ഓഫിസിൽ ഓഡിറ്ററാണ് മലപ്പുറം അരീക്കോട് സ്വദേശിയായ വി.സി.ഹുസ്ന.

പ്രോത്സാഹനം പരാജയം! 

സഹോദരന് കാസർകോട്ട് ഗവ. ഹൈസ്കൂൾ അധ്യാപകനായി ജോലി ലഭിച്ചതായിരുന്നു ഹുസ്നയുടെ പ്രചോദനം. ചില ബന്ധുക്കൾക്കും അക്കാലത്തു സർക്കാർ ജോലി ലഭിച്ചിരുന്നു. ആദ്യം എഴുതിയത് 2012ലെ എൽഡിസി പരീക്ഷ. കാര്യമായ തയാറെടുപ്പുകളില്ലാതിരുന്നിട്ടും സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ വന്നു. ഉയർന്ന റാങ്ക് അല്ലാത്തതിനാൽ നിയമനം ലഭിച്ചില്ല. നിരാശപ്പെടാതെ, അരീക്കോട്ടെ പ്രതീക്ഷ പിഎസ്‌സി കോച്ചിങ് സെന്ററിൽ പരിശീലനം ആരംഭിച്ചു. കംബൈൻഡ് സ്റ്റഡി ഉൾപ്പെടെ എല്ലാ പഠനരീതികളും പ്രയോജനപ്പെടുത്തി. ആദ്യ ജോലി കയ്യിലെത്തിയത് 2015ൽ. കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ് ഗ്രേഡിൽ കെഎസ്ഇബി കാഷ്യറായി. മാർച്ച് 20നു കെഎസ്ഇബിയിൽ ജോലിക്കു കയറി. മാർച്ച് 31നു വന്ന എൽ ഡിസി റാങ്ക് ലിസ്റ്റിൽ മലപ്പുറം ജില്ലയിലെ ഒന്നാം റാങ്കുകാരി ഹുസ്നയായിരുന്നു! ആ ജോലി പക്ഷേ, സ്വീകരിച്ചില്ല. കെഎസ്ഇബിയിൽത്തന്നെ തുടർന്നു. ജോലിക്കൊപ്പം പിഎസ്‌സി പഠനവും തുടരുന്നുണ്ടായിരുന്നു. 2019 ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ മികച്ച റാങ്ക്നേടി. കേരള യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫിസിൽ നിയമനം ലഭിച്ചു. ഒന്നര വർഷത്തിനു ശേഷം നാട്ടിലേക്കു സ്ഥലംമാറിയെത്തി.

പഠനംപ്രധാനം; റിവിഷനും

എങ്ങനെയെങ്കിലും പഠിച്ചാൽ പോരാ, റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്നതുവരെ പഠിക്കണമെന്നാണ് ആദ്യം തീരിമാനിച്ചത്. പക്ഷേ, റാങ്ക് ലിസ്റ്റിൽ കയറിയിട്ടും കാര്യമില്ല, അഡ്വൈസ് മെമ്മോ കയ്യിൽ കിട്ടുന്നതു വരെ പഠിക്കണമെന്ന് പിന്നീടു മനസ്സിലായി–ഒരിക്കൽ ലിസ്റ്റിൽ കയറിയിട്ടും നിയമനം ലഭിക്കാതിരുന്ന അനുഭവത്തിൽ‌ ഹുസ്ന പറയുന്നു. പകൽ മുഴുവൻ പഠനം, രാത്രി മുഴുവൻ റിവിഷൻ ഇതായിരുന്നു ഹുസ്നയുടെ പഠനരീതി. കറന്റ് അഫയേഴ്സ് പരിശീലനത്തിന്

ദിവസവും 3 പത്രമെങ്കിലും വായിച്ചു. പത്രം വായിച്ചു കുറിപ്പുകൾ തയാറാക്കിയത് പരീക്ഷയ്ക്കു തൊട്ടുമുൻപ് വായിച്ചു മനസ്സിലുറപ്പിച്ചു. മുൻവർഷ ചോദ്യ പേപ്പറുകൾ സമയബന്ധിതമായി ചെയ്തുപരിശീലിച്ചു. പഠിച്ചു മടുക്കുമ്പോൾ കൂട്ടുകാരോടൊത്തു കംബൈൻഡ് സ്റ്റഡി തിരഞ്ഞെടുത്തു.

‘‘കഷ്ടപ്പെട്ടു പഠിക്കുന്നതാണ് പലരുടെയും പ്രശ്നം. ഓരോ വിഷയവും ഇഷ്ടപ്പെട്ടു പഠിക്കാൻ ശ്രമിക്കണം. അപ്പോൾ പഠനം ഭാരമല്ലാതാകും. തൊഴിൽവീഥി ഉൾപ്പെടെയുള്ളവ പഠനം കൂടുതൽ അനായാസമാക്കാൻ ഉപകരിച്ചു. കഴിയുന്നത്ര പരീക്ഷകളെഴുതുന്നത് പരീക്ഷാഹാളിൽ ആത്മവിശ്വാസം വർധിപ്പിക്കും. അറിവിനൊപ്പം ആത്മവിശ്വാസം കൂടിയുണ്ടെങ്കിലേ യഥാർഥ വിജയം നേടാൻ കഴിയൂ’’.

ഇംഗ്ലിഷ്, കണക്കു വിഷയങ്ങൾ എഴുതിത്തന്നെ പഠിച്ചു. തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ പഠനത്തിനു സഹായിച്ചതായി ഹുസ്ന ഓർമിക്കുന്നു. ഒരു പരീക്ഷ കഴിഞ്ഞാൽ പഠനത്തിൽനിന്നു ബ്രേക്ക് എടുക്കുന്ന രീതി ഹുസ്നയ്ക്കില്ലായിരുന്നു. ഓരോ പരീക്ഷയും അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പായി കാണണമെന്നതാണ് ഹുസ്നയുടെ അഭിപ്രായം. അർഹതപ്പെട്ട ഏറ്റവും മികച്ച ജോലി ലഭിക്കുംവരെ പഠനവും പരീക്ഷയെഴുത്തും തുടരുകയും വേണം.

Content Summary :  Husna's secrets to achieving top ranks in government exams

Content Summary:

Husna's secrets to achieving top ranks in government exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com