ADVERTISEMENT

ആകാശയാത്രകളുടെ കടിഞ്ഞാൺ കയ്യിലേന്തുന്ന വിഭാഗമാണ് എയർ ട്രാഫിക് കൺട്രോളർമാർ. തീരുമാനങ്ങളിൽ മിന്നൽവേഗം, കൃത്യത, നല്ല കാഴ്ചശക്തി, എല്ലാത്തിലും ഉപരിയായി ശക്തമായ മനസ്സാന്നിധ്യവും ഉത്തരവാദിത്തബോധവും... ഇതെല്ലാം എയർ ട്രാഫിക് കൺട്രോളർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളാണ്. വിമാനത്താവളങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ പ്രശ്നപരിഹാരകരുടെ ചുമതലയും ഇവർക്കുണ്ട്. എപ്പോഴും കർമനിരതരായിരിക്കേണ്ട ഈ മേഖലയിലെ ഉത്തരവാദിത്തങ്ങൾ പ്രധാനമായും മൂന്നാണ്.

1) യാത്രാസുരക്ഷ: വിമാനങ്ങളുടെ സുരക്ഷിത ടേക്ക് ഓഫും ലാൻഡിങ്ങും ഉറപ്പുവരുത്തണം. എയർ ട്രാഫിക് കൺട്രോളറുടെ കൈകളിലാണു വിമാനയാത്രികരുടെ ജീവൻ. ഈ ജോലിയിൽ തെറ്റുകൾക്കു സ്ഥാനമില്ല.

air-traffic-controller
Representative image. Photo Credit : gorodenkoff/iStock

2) സമയക്ലിപ്തത: വിമാന സർവീസുകൾ വൈകുന്നതു മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എടിസി പ്രഫഷനലുകളാണ്. ഇതിനുവേണ്ടി പൈലറ്റുമാരുമായും മറ്റു വിമാനത്താവള ജീവനക്കാരുമായും എപ്പോഴും കുറ്റമറ്റ ആശയവിനിമയം നടത്തേണ്ടിവരും.

3) ഏകോപനം: വലിയ വിമാനത്താവളങ്ങളിൽ ഒട്ടേറെ വിമാനങ്ങൾ ഒരേസമയം ഇറങ്ങുകയും പറന്നുപൊങ്ങുകയും ചെയ്യാറുണ്ട്. കൃത്യമായ ഏകോപനത്തിന് എയർ ട്രാഫിക് കൺട്രോളർമാരുടെ ടീം എപ്പോഴുമുണ്ടാകും. പരസ്പരമുള്ള ആശയവിനിമയവും സഹകരണവും ഏറെ പ്രധാനം.

air-traffic-controller-002
Representative image. Photo Credit : gorodenkoff/iStock

നാവികസേന ഉൾപ്പെടെയുള്ള സൈനികവിഭാഗങ്ങളിലും എയർ ട്രാഫിക് കൺട്രോളർമാരെ വേണം. എസ്എസ്ബി ഇന്റർവ്യൂ വഴിയാണു റിക്രൂട്മെന്റ്. വിദേശത്തും ഇവരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പെരുമഴയാണ്. 

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ഇപ്പോൾ. നവംബർ 1- 30 വരെയാണ് അപേക്ഷിക്കാൻ അവസരം. ഫിസിക്സ്,മാത്സ് എന്നിവ പഠിച്ചുള്ള ബിഎസ്‌സി അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം) എന്നിവയാണു യോഗ്യത.ഇംഗ്ലിഷിൽ പ്രാവീണ്യവും ചോദിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മിക്ക വിമാനത്താവളങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലാണ്. അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 27 വയസ്സാണ്. മെച്ചപ്പെട്ട ശമ്പളം, തൊഴിൽ പരിചയത്തിനു കിട്ടുന്ന വില, ജീവിതസൗക്യങ്ങൾ, തൊഴിൽ സ്ഥിരത എന്നിവയാണ് എയർ ട്രാഫിക് കൺട്രോളിന്റെ ആകർഷക ഘടകങ്ങൾ. ജൂനിയർ എക്സിക്യൂട്ടീവായി ജോലി തുടങ്ങി മാനേജ്മെന്റ് റോളുകളിലേക്കു വരെ ഉയരാനുള്ള അവസരമുണ്ട്. ശമ്പളം: 40,000-1,40,000 രൂപ എന്ന റേഞ്ചിലാണ്. ഒാൺലൈൻ എഴുത്തുപരീക്ഷ, വിവിധ ടെസ്റ്റുകൾ എന്നിവ വഴിയാണ് നിയമനം.വിവിധ മൊഡ്യൂളുകളായാണു പരിശീലനം. വ്യോമഗതാഗത നിയമങ്ങളിലെ ബോധവൽകരണവും സാങ്കേതികവിദ്യാ പരിശീലനവുമാണു പ്രധാനം.

Content Summary:

Secure the Skies: The Crucial Role of Air Traffic Controllers in Ensuring Passenger Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com