ചന്ദ്രയാൻ പഠന മൊഡ്യൂൾ: വിവാദങ്ങളെ പ്രതിരോധിച്ച് എൻസിഇആർടി
Mail This Article
ന്യൂഡൽഹി ∙ ചന്ദ്രയാൻ–3 ദൗത്യവിജയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഠന മൊഡ്യൂളുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിച്ച് എൻസിഇആർടി. പുരാണങ്ങളും തത്വചിന്തകളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണു ഗവേഷണത്തിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും നയിക്കുന്നതെന്നു എൻസിഇആർടി വ്യക്തമാക്കി. വേദകാലത്തെ ശാസ്ത്രനേട്ടങ്ങളെ വർണിച്ച് ചന്ദ്രയാൻ പാഠ്യഭാഗം ഇറക്കിയതു വിവാദമായ പശ്ചാത്തലത്തിലാണു വിശദീകരണം.
ഏതു രാജ്യത്തിന്റെയും സാംസ്‌കാരികഘടനയിൽ പുരാണങ്ങൾക്കു വലിയ പങ്കുണ്ടെന്നു ഗവേഷണ പഠനങ്ങൾ പറയുന്നു. വിദ്യാഭ്യാസത്തിലേക്കു സംസ്കാരത്തെ സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാൻ സാധിക്കുക മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ സർഗാത്മകതയും പ്രശ്നപരിഹാരശേഷിയും വളരാൻ കാരണവുമാകുന്നെന്ന് എൻസിഇആർടി വിശദീകരിച്ചു. വിവിധ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായി 10 മൊഡ്യൂളുകളാണു തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഭാരത് ഓൺ ദ് മൂൺ’ പോർട്ടലും ഓൺലൈൻ ക്വിസും ഒരുക്കിയിട്ടുണ്ട്.