ബിഡിഒ, എൽഎസ്ജിഡി സെക്രട്ടറി: വിജ്ഞാപനം ഉടൻ
Mail This Article
ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ (ബിഡിഒ), തദ്ദേശസ്ഥാപന സെക്രട്ടറി (എൽഎസ്ജിഡി സെക്രട്ടറി) തുടങ്ങിയ ഗസറ്റഡ് റാങ്ക് തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം വരാറായി. ബിരുദധാരികൾക്ക് എഴുതാൻ കഴിയുന്ന പരീക്ഷയാണിത്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു പരീക്ഷകളുണ്ടാകും.
ഗസറ്റഡ് തസ്തികയായതിനാൽ സിവിൽ സർവീസസ് പരീക്ഷയ്ക്കു തുല്യമായ നിലവാരത്തിലായിരിക്കും ചോദ്യങ്ങൾ. ഒഴിവുകൾ കുറവാണുതാനും. ആദ്യ 100 റാങ്കിനുള്ളിൽ ഇടം പിടിച്ചെങ്കിലേ നിയമന സാധ്യതയുള്ളൂ. വിജ്ഞാപനം വന്നുകഴിഞ്ഞാൽ 3 മാസമേ പഠനത്തിനു ലഭിക്കാനിടയുള്ളൂ. അതിനാൽ എത്രയും വേഗം പഠനം തുടങ്ങുക.
പ്രിലിമിനറി പരീക്ഷയ്ക്കുള്ള തയാറെടുപ്പാണ് ആദ്യം വേണ്ടത്. ബിരുദ പ്രിലിമിനറി പരീക്ഷയ്ക്കു ചോദിക്കാവുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള സിലബസ് നേരത്തേതന്നെ പിഎസ്‌സി പുറത്തുവിട്ടിട്ടുണ്ട്. ഇതുപയോഗിച്ചു പഠനം തുടങ്ങാം.
കേരളചരിത്രം, ഇന്ത്യ ചരിത്രം, ലോകചരിത്രം, കേരള / ഇന്ത്യൻ ഭൂമിശാസ്ത്രം, ഇന്ത്യൻ / ലോക സാമ്പത്തികശാസ്ത്രം, ഇന്ത്യൻ പൊളിറ്റി, ആർട്സ്, സ്പോർട്സ്, ലിറ്ററേച്ചർ, കറന്റ് അഫയേഴ്സ്, ഐടി ആൻഡ് കംപ്യൂട്ടർ സയൻസ്, സയൻസ് ആൻഡ് ടെക്നോളജി, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി, ജനറൽ ഇംഗ്ലിഷ്, മലയാളം തുടങ്ങി വിവിധ മേഖലകൾ വിശദമായിത്തന്നെ സിലബസിലുണ്ട്. എല്ലാ മേഖലകളും ആഴത്തിൽ പഠിക്കണം. സിവിൽ സർവീസ് പരിശീലന പുസ്തകങ്ങൾ, എൻസിഇആർടി പാഠപുസ്തകങ്ങൾ, പിഎസ്‌സി ബുള്ളറ്റിൻ പുറത്തിറക്കിയ വിവിധ പുസ്തകങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കാം.