ഒന്നും ചെയ്യാൻ ഉത്സാഹം തോന്നുന്നില്ലേ?; പ്രചോദനത്തെക്കാൾ പ്രധാനമാണ് തീരുമാനമെന്ന് മറക്കരുത്
Mail This Article
ഒരുകാര്യത്തിലും ഉത്സാഹം തോന്നുന്നില്ല എന്നതാണ് അയാളുടെ പരാതി. പരിഹാരം കാണാൻ പല മാർഗങ്ങൾ പരീക്ഷിച്ചു. പ്രഭാഷണങ്ങൾ കേൾക്കും, വിഡിയോ കാണും, സുഹൃത്തുക്കളോടു തന്നെ പ്രോത്സാഹിപ്പിക്കാൻ പറയും. പക്ഷേ, പ്രയോജനമുണ്ടായില്ല. വിവരങ്ങളെല്ലാം മനസ്സിലാക്കിയ ഗുരു അയാളോടു പറഞ്ഞു: മറ്റാരെങ്കിലും പ്രേരിപ്പിക്കുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും കരുതിയിരുന്നാൽ നീ ഒന്നും ചെയ്യില്ല. പോയി കാപ്പി കുടിക്കുക, എന്തുവന്നാലും ചെയ്യുമെന്നു തീരുമാനിക്കുക, തുടങ്ങുക... അത്രതന്നെ.
എന്തെങ്കിലും ചെയ്യാനാഗ്രഹമുള്ളവർ നൂറു പ്രശ്നങ്ങൾക്കിടയിലും അതു ചെയ്യാൻ കാരണം കണ്ടെത്തും. ഒന്നും ചെയ്യാനാഗ്രഹമില്ലാത്തവർ നൂറ് അനുകൂല ഘടകങ്ങൾക്കിടയിലും അതു ചെയ്യാതിരിക്കാനുള്ള കാരണവും കണ്ടെത്തും. എല്ലാം അനുയോജ്യമായി നിന്നതുകൊണ്ടു മാത്രം ഒരു പ്രവൃത്തിയും പൂർത്തീകരിച്ച ആരുമുണ്ടാകില്ല. പ്രചോദനത്തെക്കാൾ പ്രധാനം തീരുമാനമാണ്. നേടണമെന്ന വാശിയില്ലാത്തവർ ചെറിയ വിഘ്നങ്ങളിൽപോലും തട്ടിവീഴും. അതിതീവ്രാഭിലാഷമുണ്ടെങ്കിൽ അതാണു പ്രയത്നം തുടങ്ങുന്നതിനും തുടരുന്നതിനും കാരണം. അതില്ലെങ്കിൽ പിന്നെ മനോനിലയുടെയും കാലാവസ്ഥയുടെയും പിറകെ പോകും. പട്ടിണിയാകുമെന്നുറപ്പായാൽ ചെറി യ ശാരീരികാസ്വാസ്ഥ്യങ്ങൾ അവഗണിച്ചു പണിക്കിറങ്ങും. ഒരുദിനം വേല ചെയ്തില്ലെങ്കിലും അന്നം മുട്ടില്ല എന്നുണ്ടെങ്കിൽ അസുഖം ന്യായമായ കാരണമാണ്.
ആരെയും ഉത്തേജിപ്പിക്കാൻ ഒരു സംഭവവും ഉടലെടുക്കുന്നില്ല. അതിന്റേതായ കാരണങ്ങൾകൊണ്ട് ഓരോന്നും സംഭവിക്കുന്നു. ചിലർ അവയെ പ്രേരകശക്തിയായും മറ്റു ചിലർ പ്രതിബന്ധമായും കാണുന്നു. ഒരേ ദുരന്തത്തില കപ്പെട്ടിട്ടും തളർന്നുപോയവരും തളിർത്തവരുമുണ്ട്. ചിലർക്കുവേണ്ടി അനുയോജ്യമായതൊക്കെ ഒരുക്കുക എന്നതു പ്രകൃതിയുടെ ദൗത്യമല്ല. സ്വാംശീകരിക്കേണ്ടവയെ ഉൾക്കൊണ്ടും അല്ലാത്തവയെ അവഗണിച്ചും ജീവിക്കുക എന്നതേയുള്ളൂ. പരിസരത്തെ ആശ്രയിച്ചു നിൽക്കുന്നവരൊന്നും തങ്ങളിലെ പ്രതിഭയെ കണ്ടെത്തില്ല. ചൂടിനോടും തണുപ്പിനോടും മഴയോടും വെയിലിനോടും സ്വയം ക്രമീകരിച്ച് അവയുടെ താളത്തിനൊത്തു നീങ്ങും. ആത്മബോധമുള്ളവർ നങ്കൂരമിടുന്നത് അവനവനിൽ തന്നെയാണ്. പരിസരബോധത്തെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ആത്മബോധമാണ് എല്ലാ നേട്ടങ്ങളുടെയും ആദ്യപടി.