ലോക്കോ പൈലറ്റാകാൻ എന്തു പഠിക്കണം; നിയമനം എങ്ങനെ?
Mail This Article
ചോദ്യം: ലോക്കോ പൈലറ്റ് ആകാനുള്ള യോഗ്യത എന്താണ് ? നിയമനത്തിനുള്ള പ്രായപരിധി തുടങ്ങിയ വിവരങ്ങളും അറിയിക്കുമല്ലോ – ലൈലജ
ഉത്തരം: ട്രെയിൻ ഓടിക്കുക, എൻജിൻ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ വൈദഗ്ധ്യം ഉള്ളവരാണ് ലോക്കോ പൈലറ്റുകൾ. ഇന്ത്യൻ റെയിൽവേ ഈ തസ്തികയിലേക്കു േനരിട്ടു റിക്രൂട്മെന്റ് നടത്തുന്നില്ല. പത്താം ക്ലാസിനുശേഷം നിർദിഷ്ട വിഭാഗങ്ങളിൽ ഐടിഐ / എൻജിനീയറിങ് ഡിപ്ലോമ /ബിടെക് ഉള്ളവർക്ക് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ നിയമനം ലഭിക്കും. തുടർന്ന് സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായും ലോക്കോ പൈലറ്റായും പ്രമോഷൻ ലഭിക്കാം. ഉന്നത മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് ഉയരാനും അവസരമുണ്ട്.
പരിഗണിക്കപ്പെടുന്ന ഐടിഐ യോഗ്യതകൾ: എൻസിവിടി / എസ്‌സിവിടി അംഗീകാരമുള്ള ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രമെന്റ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എൻജിൻ/ മെഷീനിസ്റ്റ്/ മെക്കാനിക് മോട്ടർ വെഹിക്കിൾ/ വയർമാൻ/ ടേണർ/ ട്രാക്ടർ മെക്കാനിക്/ മിൽ റൈറ്റ് മെയിന്റനൻസ് മെക്കാനിക്/ റഫ്രിജറേഷൻ & എസി മെക്കാനിക്/ മെക്കാനിക് റേഡിയോ & ടിവി/ മെക്കാനിക് ഡീസൽ തുടങ്ങിയവയിലൊന്നിലെ സർട്ടിഫിക്കേഷൻ
പരിഗണിക്കപ്പെടുന്ന ഡിപ്ലോമ / ബിടെക് യോഗ്യതകൾ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമൊബീൽ (ഇവ ഉൾപ്പെട്ട കോംബിനേഷനുകളും) പ്രായപരിധി: 18– 30. ഒബിസി, എസ്‌സി എസ്ടി അപേക്ഷകർക്ക് ഇളവുണ്ട്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കും വിവിധ ടെക്‌നിഷ്യൻ തസ്തികകളിലേക്കുമായി ‘എഎൽപി & ടെക്നിഷ്യൻ’ എന്ന പേരിൽ റെയിൽവേ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നുണ്ട്. ടെക്നിഷ്യൻ തസ്തികകൾക്ക് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെയുള്ള പ്ലസ്ടു ഉള്ളവർക്കും അപേക്ഷിക്കാം.
എഎൽപി പരീക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ മാത്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ബേസിക് സയൻസ് ആൻഡ് എൻജിനീയറിങ്, പൊതുവിജ്ഞാനം എന്നീ ഭാഗങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. രണ്ടാം ഘട്ടത്തിൽ പാർട്ട് എയിൽ മേൽപറഞ്ഞ ഭാഗങ്ങളിൽനിന്നുള്ള കൂടുതൽ ചോദ്യങ്ങളും പാർട്ട് ബിയിൽ നിശ്ചിത ട്രേഡിൽനിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് മൂന്നാം ഘട്ടമായി കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. റെയിൽവേ നിഷ്കർഷിക്കുന്ന ശാരീരിക യോഗ്യതകൾ നിർബന്ധം.
പരീക്ഷയെക്കുറിച്ചുള്ള വിജ്ഞാപനങ്ങൾക്ക് വിവിധ റെയിൽവേ ബോർഡുകളുടെ വെബ്സൈറ്റുകൾ പരിശോധിക്കുക. ചില സൈറ്റുകൾ ഇവ: www.rrb thiruvananthapuram.gov.in, www.rrb chennai.gov.in, www.rrbbnc.gov.in