ADVERTISEMENT

ശിഷ്യരുമായി സംവദിച്ചുകൊണ്ടിരുന്ന സോക്രട്ടീസിന്റെയടുത്തെത്തി കൈനോട്ടക്കാരൻ പറഞ്ഞു: ഞാൻ നിങ്ങളുടെ മുഖവും ശരീരവും നോക്കി ലക്ഷണം പറയാം. സോക്രട്ടീസ് അനുവദിച്ചു. അയാൾ പറഞ്ഞു: താങ്കൾ പെട്ടെന്നു ദേഷ്യം വരുന്നയാളും നിഷേധിയുമാണ്. നിങ്ങളുടെ നെറ്റിത്തടത്തിൽ നോക്കിയാലറിയാം നിങ്ങളുടെ മനസ്സിൽ പ്രതികാരമുണ്ടെന്ന്. 

ഗുരുവിനെക്കുറിച്ചു മോശം പറയുന്നതുകേട്ട് ശിഷ്യർ അയാളെ പുറത്താക്കാൻ നോക്കിയെങ്കിലും സോക്രട്ടീസ് എതിർത്തു. അയാൾ തുടർന്നു: നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങളുണ്ട്. നിങ്ങൾക്കു മുഖസ്തു തിയോടു താൽപര്യവുമുണ്ട്. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ കൈ നിറയെ മധുരവുമായി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യർ ചോദിച്ചു: അയാളോടൊന്നും പറയാതെ താങ്കൾക്കെങ്ങനെ തിരിച്ചയയ്ക്കാൻ കഴിഞ്ഞു. സോക്രട്ടീസ് പറഞ്ഞു: അയാൾ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. നിരന്തരശ്രമവും പരിശീലനവുംകൊണ്ട് അവയെ ഞാൻ മറികടക്കുന്നതാണ്. അതയാൾക്കറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് അയാളെങ്ങനെ പറയും. 

തനിക്കെതിരെയുള്ള വിമർശനങ്ങളെ ഒരാൾ നേരിടുന്ന രീതി പരിശോധിച്ചാലറിയാം അയാൾ യഥാർഥത്തിൽ ആരാണെന്ന്. ചിലർ കൂടുതൽ മൂർച്ചയുള്ള വാക്കുകളുപയോഗിച്ചു പ്രതികരിക്കും, ചിലർ കായികമായി നേരിടും. ചിലർക്കു ചാവേറുകളാണ് മറുപടി, ചിലർ നിശ്ശബ്ദരാകും, കുറച്ചുപേർ ആക്ഷേപങ്ങളെ അപ്രസക്തമാക്കുംവിധം ജീവിച്ചു കാണിക്കും. വിമർശനത്തിനതീതരാകാൻ ആരെയും അനുവദിക്കരുത്. 

മാനുഷിക ന്യൂനതകൾ എല്ലാവരെയും പിഴവുകളിലേക്കു നയിക്കും. തനിക്കൊരു തെറ്റും സംഭവിക്കില്ലെന്നു വിശ്വസിക്കുന്ന മൂഢരിലൂടെയാണ് അരക്ഷിതാവസ്ഥയുള്ള സമൂഹം രൂപപ്പെടുന്നത്. ലഭിക്കുന്ന പദവികളും ബഹുമതികളും തങ്ങളെ എല്ലാ പോരായ്മകൾക്കും അതീതരാക്കുമെന്നു കരുതുന്നവരാണ് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്നതും എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതും. വിമർശനങ്ങളെ പക്വതയോടെ ക്രിയാത്മകമായി സമീപിക്കുന്ന അധികാരികൾ റോൾ മോഡലുകളാണ്. തനിക്കു നേരെ വിരൽചൂണ്ടാൻ പാടില്ലെന്ന അലിഖിത നിയമം നിർമിക്കുന്നവരിലൂടെയാണ് ഒരു സമൂഹത്തിന്റെ തകർച്ച ആരംഭിക്കുന്നത്.

ബോസിനെപ്പേടിച്ച് ജോലി രാജിവയ്ക്കല്ലേ - വിഡിയോ

Content Summary:

The Art of Handling Criticism: Discovering the True Character Within

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com